ന്യൂദല്‍ഹി : രാജ്യത്ത് കുരങ്ങുപനി വീണ്ടും റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ അന്താരാഷ്‌ട്ര യാത്രക്കാരില്‍ പരിശോധന കര്‍ശ്ശനമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം രാജ്യത്തെ എല്ലാ വിമാനത്താവളങ്ങള്‍ക്കും തുറമുഖങ്ങള്‍ക്കും നിര്‍ദ്ദേശം കൈമാറി.
കേരളത്തിലാണ് ഇന്ത്യയില്‍ രണ്ടാമതായി കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് കുരങ്ങുപനി വ്യാപിക്കുന്നതിന് അടിന്തിര നടപടികള്‍ കൈക്കൊള്ളാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കാതിരുന്നതിനായി അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശമുണ്ട്.
മുന്‍ കരുതലിന്റെ ഭാഗമായി അന്താരാഷ്‌ട്ര തുറമുഖങ്ങളിലേയും വിമാനത്താവളങ്ങളിലേയും ഇമിഗ്രേഷന്‍ പോലുള്ള മറ്റ് സ്റ്റേക്ക്ഹോള്‍ഡര്‍ ഏജന്‍സികളുമായി ഏകോപിപ്പിച്ച് ആരോഗ്യ സ്‌ക്രീനിങ് പ്രക്രിയകള്‍ കാര്യക്ഷമമാക്കാന്‍ ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.
അതേസമയം ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട് എയര്‍പോര്‍ട്ട്, പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍മാരുമായും, ആരോഗ്യ കുടുംബക്ഷേമ മേഖലാ ഓഫീസുകളില്‍ നിന്നുള്ള റീജിയണല്‍ ഡയറക്ടര്‍മാരുമായും കൂടിക്കാഴ്ച നടത്തി. ദുബായില്‍ നിന്ന് എത്തി കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 31കാരന് കുരങ്ങുപനി സ്ഥിരീകരിച്ചതോടെയാണ് ഉന്നതതല യോഗം ചേര്‍ന്നത്.
ഒരാള്‍ക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതോടെ കണ്ണൂരില്‍ ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. രോഗിയുമായി സമ്പര്‍ക്കമുണ്ടായ കുടുംബാംഗങ്ങളും ഒരു ടാക്‌സി ഡ്രൈവറും നിലവില്‍ നിരീക്ഷണത്തിലാണ്. ചികിത്സയിലുള്ളയാള്‍ക്ക് കൂടുതല്‍ ആളുകളുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടോയെന്ന് അറിയാനുള്ള നടപടികള്‍ ആരോഗ്യ വകുപ്പ് ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സമ്പര്‍ക്കത്തിലുള്ളവര്‍ക്ക് എന്തെങ്കിലും ലക്ഷണങ്ങള്‍ ഉണ്ടോയെന്ന കാര്യവും നിരീക്ഷിച്ച് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: