നീലേശ്വരം: മഴക്കാല രോഗങ്ങളും വൈറല്‍ പനിയും കാരണം നീലേശ്വരം ഗവ.താലൂക്ക് ആശുപത്രിയില്‍ രോഗികളുടെ തിരക്ക് കൂടുന്നു. രാത്രിയില്‍ എത്തുന്ന രോഗികള്കളാണ് കൂടുതല്‍ ദുരിതം അനുഭവിക്കുന്നത്. രാത്രിയില്‍ നിലവിലുള്ള ഡോക്ടറെ കൂടതെ രണ്ടാമതൊരു ഡോക്ടറെ നിയമിക്കുമെന്ന ആവശ്യം നടപ്പിലായില്ല.
ഞായറാഴ്ച വൈകുന്നേരം എത്തിയ നിരവധി രോഗികള്‍ക്ക് ഒരു ഡോക്ടറുടെ സേവനം മാത്രമാണ് ലഭിച്ചത്. ഇത് മൂലം പനി പിടിച്ച് എത്തിയ കുട്ടികള്‍ മുതല്‍ പ്രായമായവരുടെ നീണ്ട നിരയായിരുന്നു.പനി കൂടുതലായവരുടെ തിരക്ക് കാരണം പലരും സ്വകാര്യ അശുപത്രിയിലേക്ക് പോയി. രാത്രിയില്‍ ഡോക്ടര്‍ പരിശോധന കഴിഞ്ഞാല്‍ മരുന്ന് മറ്റൊരു സ്ഥലത്തായതിനാല്‍ ഇരുട്ടത്ത് തപ്പി തടഞ്ഞ് വേണം അവിടെ എത്താന്‍.
ചുമക്കുള്ള മരുന്ന് വാങ്ങണമെങ്കില്‍ റോഡ് മുറിച്ച് കടന്ന് അമ്പത് മീറ്റര്‍ അകലെയുള്ള കടയില്‍ പോയി കുപ്പി വാങ്ങണം. വീണ്ടും തിരികെ വന്ന് മരുന്ന് വാങ്ങിക്കേണ്ട അവസ്ഥയാണ് നിലവില്‍. ദിവസേന മുന്നോറോളം രോഗികള്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടിയെത്തുന്നുണ്ട്. ആവശ്യത്തിന്റെ മൂന്നിലൊന്നു മാത്രമാണ് ഡോക്ടര്‍മാരുടെ എണ്ണം. സൂപ്രണ്ട്, അഞ്ച് അസിസ്റ്റന്റ് സര്ജന്മാര്, അത്യാഹിത വിഭാഗത്തില്‍ നാല് മെഡിക്കല്‍ ഓഫീസര്‍മാര്‍, ഒരു ശിശുരോഗ വിദഗ്ധന്‍, ഒരു ഫിസിഷ്യന്‍, ഒരു സ്ത്രീരോഗവിദഗ്ധ, ഒരു ദന്ത ഡോക്ടര്‍ എന്നിങ്ങനെയാണ് നിലവിലുള്ള തസ്തികകള്‍. കൂടുതല്‍ തസ്തികകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വരുന്നുണ്ട്.
ആശുപത്രിയിലെ പഴയ കെട്ടിടത്തില്‍ തന്നെയാണ് ഡോക്ടര്‍മാര്‍ ഇപ്പോഴും രോഗികളെ പരിശോധിക്കുന്നത്. കോടികള്‍ മുടക്കി നിര്‍മ്മിച്ച പുതിയ കെട്ടിടത്തില്‍ ഡോക്ടര്‍മാരുടെ പരിശോധനയും ഫാര്‍മസിയും മാറ്റിയാല്‍ മാത്രമേ രോഗികളുടെ ദുരിതം അവസാനിക്കുകയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: