കൊച്ചി : കിഫ്ബി സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ ധനമന്ത്രി തോമസ് ഐസക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മുമ്പാകെ മൊഴി നല്കാന് ഇന്ന് ഹാജരാകില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാല്‍ കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിനായി എത്താന്‍ സാധിക്കില്ലെന്നാണ് തോമസ് ഐസക് മറുപടി നല്‍കിയിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ അനുമതിയില്ലാതെ വിദേശത്തു നിന്നും ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് മുന്‍ ധനമന്ത്രിയെ ചോദ്യം ചെയ്യാന്‍ ഒരുങ്ങുന്നത്. അതേസമയം ഇന്ന് ഹാജരായില്ലെങ്കില്‍ തോമസ് ഐസക്കിന് വീണ്ടും നോട്ടീസ് അയയ്ക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം. പുതിയ തീയതി നിശ്ചയിച്ച് ഉടന്‍ നോട്ടീസ് അയക്കും.
ഇഎംഎസ് അക്കാദമിയില്‍ ചൊവ്വാഴ്ച ക്ലാസ്സെടുക്കാമെന്ന് ഏറ്റിട്ടുണ്ട്. മുന്‍കൂട്ടി നിശ്ചയിച്ചതാണ് അതെന്നും തോമസ് ഐസക് പ്രതികരിച്ചു. എന്നാല്‍ വീണ്ടും നോട്ടീസ് കിട്ടിയാലും ഹാജരാകണോയെന്ന് പാര്‍ട്ടിയോട് ആലോചിച്ച ശേഷം തീരുമാനിക്കുമെന്നാണ് തോമസ് ഐസക് അറിയിച്ചിരിക്കുന്നത്. നിലനിലെ ഇഡിയുടെ ഇടപെടല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. എല്ലാ ഏജന്‍സികളേയും തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാനാണ് ബിജെപി സര്‍ക്കാര്‍ ഉപയോഗിക്കുന്നത്. ഇതിങ്ങനെ കുത്തിപ്പൊക്കുന്നതിന് വേറെ പല ലക്ഷ്യവും കണ്ടേക്കാം. അങ്ങനെയൊരു നോട്ടീസ് വരുന്നുണ്ടെങ്കില്‍ അതിനു പിന്നില്‍ പല ലക്ഷ്യവും ഉണ്ടാവുമെന്നാണ് തോമസ് ഐസക് വിഷയത്തില്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: