ന്യൂദല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 99.18 ശതമാനം വോട്ടു രേഖപ്പെടുത്തിയതായി ചീഫ് റിട്ടേണിങ് ഓഫീസര്‍ പി.സി. മോദി അറിയിച്ചു. 4800ന് അടുത്ത് എംപിമാരും എംഎല്‍എമാരും വോട്ടു ചെയ്തു. 21നു രാവിലെ പാര്‍ലമെന്റ് ഹൗസില്‍ വോട്ടെണ്ണല്‍ നടക്കും. പുതിയ രാഷ്ട്രപിതയുടെ സത്യപ്രതിജ്ഞ 25നാണ്.
വോട്ടെടുപ്പു പൂര്‍ത്തിയായപ്പോള്‍ 65 ശതമാനത്തിലേറെ വോട്ടുകളോടെ ദ്രൗപദീ മുര്‍മൂ വിജയം ഉറപ്പിച്ചിരിക്കുകയാണ്. ഭരണപക്ഷ വോട്ടുകള്‍ പൂര്‍ണമായും ലഭിച്ചതിനൊപ്പം പ്രതിപക്ഷത്തെ ഏഴോളം പാര്‍ട്ടികളുടെ പിന്തുണയും മുര്‍മൂ ഉറപ്പിച്ചിരുന്നു. ഇതിനു പുറമേ കോണ്‍ഗ്രസ്, എന്‍സിപി, എസ്പി തുടങ്ങിയ പാര്‍ട്ടികളുടെ വോട്ടുകളും മുര്‍മൂവിനു ലഭിച്ചിട്ടുണ്ട്.
ഗുജറാത്തിലെ എന്‍സിപിയുടെ ഏക എംഎല്‍എ കണ്ഡാല്‍ ജഡേജ ദ്രൗപദീ മുര്‍മൂവിനു വോട്ട് രേഖപ്പെടുത്തി. ഹരിയാനയിലെ കോണ്‍ഗ്രസ് എംഎല്‍എ കുല്‍ദീപ് ബിഷ്ണോയും യുപി ബറേലിയിലെ ഭോജിപുര എംഎല്‍എയും സമാജ്വാദി പാര്‍ട്ടി നേതാവുമായ ഷഹ്ജീല് ഇസ്ലാമും ഒഡീഷയിലെ കോണ്‍ഗ്രസ് എംഎല്‍എ മുഹമ്മദ് മഖ്വീമും ദ്രൗപദീ മുര്‍മൂവിനാണ് വോട്ടു ചെയ്തത്.
ഇന്നലെ രാവിലെ 10നു തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖര്‍ പാര്‍ലമെന്റിലെ 63-ാം നമ്പര്‍ മുറിയിലെത്തി വോട്ടു രേഖപ്പെടുത്തി. കേന്ദ്രമന്ത്രിമാര്‍, സംസ്ഥാന മുഖ്യമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരും രാവിലെ തന്നെ വോട്ടു ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: