Categories: Article

പൂന്തുറ കലാപത്തിന്റെ നടുക്കുന്ന ഓര്‍മ്മയില്‍

സുനില്‍ തളിയല്‍

കേരളത്തെ, വിശിഷ്യാ തലസ്ഥാനജില്ലയെ ഞെട്ടിച്ച പൂന്തുറ വര്‍ഗീയ ലഹളയുടെ നടുക്കുന്ന ഓര്‍മ്മകള്‍ക്കിന്ന് മൂന്ന് പതിറ്റാണ്ട്. മുസ്ലീം തീവ്രവാദികളുടെ ഏകപക്ഷീയമായ ആക്രമണത്തിലും പോലീസ് വെടിവയ്‌പ്പിലും 5 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും 275 വീടുകള്‍ അഗ്‌നിക്കിരയാക്കുകയും ചെയ്ത പൂന്തുറ കലാപം ഞെട്ടലോടെയാണ് ഇന്നും തലസ്ഥാനവാസികള്‍ ഓര്‍ക്കുന്നത്. പൂന്തുറയില്‍ തീവ്ര മുസ്ലീം വിഭാഗങ്ങള്‍ നടത്തിയ ഏകപക്ഷീയ കലാപമായിരുന്നു അത്.

1990ല്‍ അബ്ദുള്‍ നാസര്‍ മദനി ആരംഭിച്ച മുസ്ലിം വര്‍ഗീയസംഘടന, ഐഎസ്എസ് കേരളത്തിലുടനീളം കലാപം സൃഷ്ടിക്കാനായി ആസൂത്രിത ശ്രമം നടത്തിവന്നിരുന്ന കാലം. 1992 ജൂലൈ 18ന് തലസ്ഥാന നഗരിയിലെത്തിയ മദനി വിമാനത്താവളത്തില്‍ അതിതീവ്ര ഭാഷയില്‍ വിദ്വേഷ പ്രസംഗം നടത്തിയിരുന്നു. അതിന്റെ ഫലമായി അടുത്തദിവസം 19ന് പൂന്തുറ മുസ്ലിം പള്ളിയുടെ സമീപത്തുള്ള ആര്‍എസ്എസ് ശാഖയ്‌ക്കു നേരെ ഐഎസ്എസ് തീവ്രവാദികള്‍ കല്ലെറിഞ്ഞു.  

പത്തൊന്‍പതാം തീയതി രാവിലെ ഏഴു മണിക്ക് ശാഖ കഴിഞ്ഞ് മൈലാഞ്ചിക്കുന്നില്‍ വിശ്രമിക്കുകയായിരുന്ന ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കു നേരെ യാതൊരു പ്രകോപനവും കൂടാതെ  കല്ലെറിയുകയായിരുന്നു. ട്രൗസര്‍ ധരിച്ചിരുന്ന ഇവരുടെ നഗ്‌നത മുസ്ലീം സ്ത്രീകള്‍ കണ്ടെന്ന് പറഞ്ഞായിരുന്നു കല്ലേറ്. തുടര്‍ന്ന് സ്വയം സേവകര്‍ പൂന്തുറ പുത്തന്‍പളളി വഴി ഓടി തിരുവല്ലം പാലത്തിന് അപ്പുറത്തേക്ക് മാറി. ആ സമയം പള്ളിയില്‍ നിന്ന് നാലു തവണ ബാങ്ക് വിളി ഉയരുകയും മൈക്കിലൂടെ, ഹിന്ദുക്കള്‍ കൂട്ടമായി പള്ളി ആക്രമിക്കാന്‍ വരുന്നെന്നും ജീവന്‍ ബലിയര്‍പ്പിച്ചും പളളിയെ രക്ഷിക്കണം എന്നും വിളിച്ചു പറഞ്ഞു. ഈ ആഹ്വാനം കേട്ട് ഇളകിയ ഒരു കൂട്ടം മുസ്ലീം തീവ്രവാദികള്‍ കലാപം അഴിച്ചുവിടുകയായിരുന്നു. ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും വീടുകള്‍ തിരഞ്ഞുപിടിച്ച് കൊളളയും കൊള്ളിവയ്‌പ്പും നടത്തിയെന്ന് കലാപം അന്വേഷിച്ച അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ വിവിധ സാക്ഷികളുടെ മൊഴികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തി.

പൂന്തുറയില്‍ മുസ്ലീം തീവ്രവാദികളുടെ ആക്രമണം കത്തിപ്പടര്‍ന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ അമേരിക്കയില്‍ ചികിത്സയിലായിരുന്നു. സി.വി.പത്മരാജനായിരുന്നു ഭരണം കൈയാളിയിരുന്നത്. പൂന്തുറയില്‍ മാരകായുധങ്ങളുമായി കൊള്ളയും കൊള്ളിവയ്‌പ്പും അരങ്ങേറിയപ്പോള്‍ ഭരണ തലപ്പത്തുള്ളവരും ഉദ്യോഗസ്ഥമേധാവികളും നിഷ്‌ക്രിയരായിരുന്നു എന്ന് അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തി. ഒരു ഭാഗത്ത് തീവ്രവാദികള്‍ ഏകപക്ഷീയമായി  അക്രമം നടത്തുമ്പോള്‍ യാതൊരു നടപടിയുമെടുക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈയുംകെട്ടി നോക്കി നിന്നു.  പോലീസിനെ നിഷ്‌ക്രിയമാക്കിയത് അക്രമം ആളിപ്പടരാന്‍ ഇടയാക്കി.  

എന്നാല്‍ സ്വന്തം ജീവന്‍ പണയം വച്ചും കലാപമേഖലയില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ പോലീസ് ഉദ്യോഗസ്ഥരെ വേണ്ടവിധത്തില്‍ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല. മുസ്ലീം കലാപകാരികള്‍ തീവെച്ച് നശിപ്പിച്ച  ബാബുദാസ് എന്നയാളുടെ വീട്ടില്‍ ഓടിയെത്തി പിഞ്ചുകുഞ്ഞ് ഉള്‍പ്പടെയുള്ളവരെ രക്ഷപ്പെടുത്തിയ പോലീസ് മൊബൈല്‍ വാഹനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന സുഗതകുമാര്‍ എന്ന പോലീസ് കോണ്‍സ്റ്റബിളിന്റെ കൃത്യനിര്‍വഹണത്തെ  അരവിന്ദാക്ഷമേനോന്‍ കമ്മീഷന്‍ അഭിനന്ദിക്കുകയും അദ്ദേഹത്തെ പ്രത്യേകം വിളിച്ചു വരുത്തി പ്രശംസിക്കുകയും ചെയ്തിരുന്നു. സുഗതകുമാറിന്റെ പ്രവര്‍ത്തി മറ്റു പോലീസുദ്യോഗസ്ഥര്‍ മാതൃകയാക്കേണ്ടതാണെന്നും റിപ്പോര്‍ട്ടിലും രേഖപ്പെടുത്തി.  

ബാബു ദാസിന്റെ കുടുംബത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഗുരുതരമായി പരിക്കേറ്റ സുഗതകുമാര്‍ ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു. സുഗതകുമാറിന് റിവാര്‍ഡ് നല്‍കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടും സര്‍ക്കാര്‍ പേരിനുമാത്രം അതു ചെയ്തു. വെറും നൂറ്റി അന്‍പത് രൂപയുടെ റിവാര്‍ഡാണ് സുഗതന് നല്‍കിയത്. മറ്റ് അംഗീകാരങ്ങളോ ആനുകൂല്യങ്ങളോ  സര്‍ക്കാരിന്റെ ഭാഗത്തു നിന്നും സുഗതന് ലഭിച്ചിട്ടില്ല. രാഷ്‌ട്രപതിയുടെ വിശിഷ്ഠ സേവാമെഡലിനുള്ള പട്ടികയില്‍ മൂന്നു തവണ ഇടം പിടിച്ചെങ്കിലും മൂന്നു തവണയും അവസാന നിമിഷം ഒഴിവാക്കപ്പെട്ടു. കാരണമായി പറഞ്ഞത് വര്‍ഗീയ ലഹളയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനമായതിനാലാണ് വിശിഷ്ഠ സേവനത്തിനുള്ള മെഡലിന് അര്‍ഹനാകാത്തത് എന്നാണ്. കലാപം അമര്‍ച്ച ചെയ്യുന്നതില്‍ പരാജയപ്പെട്ട പോലീസുദ്യോഗസ്ഥരെ  ഒരു നിമിഷം പോലും സര്‍വീസില്‍ തുടരാന്‍ അനുവദിക്കരുതെന്നും കര്‍ശന നടപടിയെടുക്കണമെന്നും അരവിന്ദാക്ഷമേനോന്‍ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ അവര്‍ക്കെല്ലാം ജോലിക്കയറ്റവും ഐപിഎസും നല്‍കാന്‍ സര്‍ക്കാര്‍ ഉത്സാഹം കാട്ടിയപ്പോള്‍ കമ്മീഷന്‍ പ്രശംസിച്ച സുഗതകുമാറിനെ അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അവഗണിച്ചു. അതിന് പിന്നില്‍ അന്നത്തെ സര്‍ക്കാരിന്റെ വര്‍ഗീയ പ്രീണനനയമായിരുന്നു. 2016 മെയ് 31 ന് സര്‍വീസില്‍ നിന്നും വിരമിച്ച ശേഷം ജീവകാരുണ്യ, കലാ, സാംസ്‌കാരിക മേഖലകളില്‍ സജീവമാണ് സുഗതന്‍. നാടിനെ നടുക്കിയ വര്‍ഗ്ഗീയ ലഹളയുടെ നടുക്കുന്ന ഓര്‍മ്മകളിലാണ് മുപ്പതുവര്‍ഷങ്ങള്‍ക്കിപ്പുറവും അദ്ദേഹം.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: poonthura