ബെയ്ജിംഗ്: ചൈനയില്‍ ഭവനനിര്‍മ്മാണത്തിനായി വായ്പയെടുത്തവര്‍ വായ്പാതിരിച്ചടവ് മുടക്കുന്നതോടെ പുതിയൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് രാജ്യം നീങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടെ വായ്പ അനുവദിച്ച ബാങ്കുകളും വെട്ടിലായിരിക്കുകയാണ്. ഇത് ചൈനയുടെ റിയല്‍ എസ്റ്റേറ്റ് മേഖലയെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
ഭവനനിര്‍മ്മാതാക്കള്‍ പലപ്പോഴും കൃത്യമായി പദ്ധതികള്‍ പൂര്‍ത്തിയാക്കാത്ത പ്രവണത കൂടിയതോടെയാണ് ജനങ്ങള്‍ പൂര്‍ത്തിയാക്കാത്ത ഭവനപദ്ധതികളിലെ വായ്പ തിരിച്ചടവ് മുടക്കുന്നതെന്ന് നോമുറ ഹോള്‍ഡിംഗ്സ് പറയുന്നു.
രാജ്യത്തെ 50-ലധികം നഗരങ്ങളിലായി ചുരുങ്ങിയത് 100-ഓളം ഭവന പദ്ധതികളില്‍ വായ്പയെടുത്തവര്‍ തിരിച്ചടവ് മുടക്കിയതായി പറയുന്നു. ചൈന റിയല്‍ എസ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ കോര്‍പാണ് ഈ വിവരം പുറത്തുവിട്ടത്. ചൈനീസ് നഗര വികസന മന്ത്രാലയം പ്രമുഖ ബാങ്കുകളുടെ അടിയന്തര യോഗം വിളിച്ചു ചേര്‍ത്തിരിക്കുകയാണ്. വായ്പ തിരിച്ചടവ് ബഹിഷ്കരണം രാജ്യത്തിന്റെ കൂടുതല്‍ മേഖലകളിലേക്ക് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് യോഗം വിളിച്ചു ചേര്‍ത്തത്.
ജനങ്ങള്‍ വായ്പ തിരിച്ചടവ് മുടക്കാന്‍ തുടങ്ങിയതോടെ പുതിയ വായ്പകളില്‍ ജാമ്യവ്യവസ്ഥകളും നിബന്ധനകളും ബാങ്കുകള്‍ കര്‍ശനമാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭവന വായ്പ മേഖലയില്‍ നേരത്തെ തന്നെ കിട്ടാക്കട പ്രതിസന്ധി ചൈനയെ അലട്ടിയിരുന്നു. ചൈനയിലെ എവര്‍ ഗ്രാന്റെ പ്രതിസന്ധി ഇപ്പോഴും നിലനില്‍ക്കുന്നതിനിടെയാണ് പുതിയ പ്രതിസന്ധി. പണി പൂര്‍ത്തിയാകാത്ത ഭവന പദ്ധതികളിലേക്കുള്ള വായ്പ തിരിച്ചവ് ജനങ്ങള്‍ മനപൂര്‍വം മുടക്കുന്നതോടെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കടപ്പത്രങ്ങളിലും നഷ്ടം കുമിഞ്ഞു കൂടുകയാണ്. വായ്പ അനുവദിച്ച ബാങ്കുകളുടെ കിട്ടാക്കടവും കൂടുകയാണ്. ഈ പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ ഈ സാമ്പത്തിക പ്രതിസന്ധി മറ്റ് മേഖലകളിലേക്ക് പടര്‍ന്നേക്കും. വായ്പ എടുത്തവരെല്ലാം മുടക്കം വരുത്തിയാല്‍ 38,800 കോടി യുവാന്‍ (5,800 കോടി യുഎസ് ഡോളര്‍) മൂല്യമുള്ള വായ്പകള്‍ നിഷ്ക്രിയ ആസ്തികളായി മാറിയേക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ചൈനീസ് സര്‍ക്കാര്‍ കോവിഡ് പ്രതിസന്ധിയില്‍ ഇപ്പോഴും നട്ടം തിരിയുകയാണ്. പ്രതിസന്ധിയില്‍ നിന്നും ജനങ്ങളെ കരകയറ്റാന്‍ വമ്പന്‍ ഉത്തേജന പാക്കേജുകള്‍ ചൈനീസ് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഇതിനിടെയാണ് ജനങ്ങള്‍ വായ്പ തിരിച്ചടവ് മുടക്കിയത്. സര്‍ക്കാരിനെതിരായ പരസ്യ പ്രതിഷേധ പ്രകടനങ്ങള്‍ അപൂര്‍വമായ ചൈനയില്‍, വിവിധ ബാങ്ക് ശാഖകള്‍ കേന്ദ്രീകരിച്ച് ഹെനാന്‍ പ്രവിശ്യയില്‍ നടന്ന കോടികളുടെ തട്ടിപ്പിനെതിരെ വന്‍ ബഹുജന പ്രക്ഷോഭം അരങ്ങേറിയത് രാജ്യാന്തര ശ്രദ്ധ നേടിയിരുന്നു. ഇവിടുത്തെ നിക്ഷേപകര്‍ക്ക് അത് തിരിച്ചെടുക്കാന്‍ കഴിയാത്തതിനാല്‍ അവര്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. ഇവരെ ചൈനീസ് പൊലീസ് മര്‍ദ്ദിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: