പത്തനംതിട്ട: കര്‍ക്കടകമാസ പൂജകള്‍ക്കായി നടതുറന്ന ശബരിമലയില്‍ ഭക്തജനത്തിരക്ക് തുടരുന്നു. കര്‍ക്കടകം ഒന്നിന് മുപ്പതിനായിരത്തിലേറെ ഭക്തരാണ് ദര്‍ശനത്തിനെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് നട അടയ്ക്കുമ്പോഴേക്കും പതിനായിരത്തിനടുത്ത് അയ്യപ്പന്മാര് മലചവിട്ടി ദര്‍ശനം നടത്തി.
സന്നിധാനത്ത് ശക്തമായ മഴ ഉണ്ടായിട്ടും തീര്‍ത്ഥാടകരുടെ പ്രവാഹം നടതുറന്ന് മൂന്നാം ദിവസവും തുടരുകയാണ്. ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെയും നിലയ്ക്കലിലെ സ്പോട്ട് ബുക്കിംഗ് സംവിധാനത്തിലൂടെയുമാണ് ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിട്ടുള്ളത്. കൊവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ ദര്‍ശനത്തിനെത്തുന്നവരില്‍ നിന്ന് ആധാര്‍കാര്‍ഡ് അടക്കമുള്ള തിരിച്ചറിയല്‍ രേഖകള്‍ മാത്രമാണ് പരിശോധിക്കുന്നത്.
നിലയ്ക്കലില്‍ സ്പോട്ട് ബുക്കിങ് സംവിധാനവും ഉണ്ട്. പമ്പയിലെ പരിശോധനാ വേളയില്‍ മതിയായ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാലും ദര്‍ശനത്തിനായി സന്നിധാനത്തേക്ക് എത്താം. നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ പുലര്‍ച്ചെ 5ന് നട തുറക്കും. 5.30ന് നെയ്യഭിഷേകം ആരംഭിക്കും. 7.30ന് ഉഷപൂജ, 7.45മുതല്‍ 8.45വരെ ഉദയാസ്തമയ പൂജ. 11.30ന് കലശാഭിഷേകം, തുടര്‍ന്ന് കളഭാഭിഷേകം. ഉച്ചയ്ക്ക് 12.30ന് ഉച്ചപൂജ. 1ന് നട അടയ്ക്കും. വൈകിട്ട് 5ന് നടതുറക്കും. 6.30ന് ദീപാരാധന, 6.45ന് പടിപൂജ, തുടര്‍ന്ന് പുഷ്പാഭിഷേകം രാത്രി 9.30ന് അത്താഴപൂജ, 9.50ന് ഹരിവരാസനം പാടി നടയടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: