അമ്പലപ്പുഴ: തൊഴിലുറപ്പ് ജോലിയുടെ മറവില്‍ വന്‍ തട്ടിപ്പ്, പരാതി നല്‍കിയിട്ടും കുറ്റക്കാരെ സംരക്ഷിച്ച് ഓംബുഡ്‌സ്മാന്‍. പുറക്കാട് ഗ്രാമ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ തൊഴിലുറപ്പു ജോലിയുടെ പേരില്‍ നടന്ന ക്രമക്കേടിനെതിരെയാണ് പരാതി നല്‍കിയത്.
മരണമടഞ്ഞ വെളികാട്ടില്‍ ചെല്ലപ്പന്റെ അക്കൗണ്ടിലും തമിഴ്‌നാട്ടില്‍ സ്ഥിര താമസമായ സ്ത്രീയുടെ അക്കൗണ്ടിലുമാണ് തൊഴിലുറപ്പ് വേതനം എത്തിയത്. വാര്‍ഡില്‍ തൊഴിലുറപ്പില്‍ പങ്കെടുക്കാത്തവര്‍ക്ക് വേതനം ലഭിക്കുന്നുവെന്ന പരാതി ഉയര്‍ന്നതോടെ പുത്തന്‍ പറമ്പ് രാജീവ് സൈറ്റ് പരിശോധിച്ചപ്പോഴാണ് മരണമടഞ്ഞവരുടെയും നാട്ടിലില്ലാത്തവരുടെയും അക്കൗണ്ടില്‍ പണം എത്തിയതായി അറിഞ്ഞത്.
തുടര്‍ന്ന് എന്‍ആര്‍ഇജി ഓംബുഡ്‌സ്മാനടക്കം നിരവധി പേര്‍ക്ക് പരാതി നല്‍കി. ഓംബുഡ്‌സ്മാന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ഓംബുഡ്‌സ്മാന്‍ പഞ്ചായത്തിലെത്തി തെളിവെടുപ്പ് നടത്തി. അനധികൃതമായി തൊഴിലുറപ്പില്‍ വേതനം കൈപ്പറ്റിയവര്‍ അതു തിരിച്ചടക്കാന്‍ ഓംബുഡ്‌സ്മാന്‍ നിര്‍ദേശിച്ചു.
തൊഴിലുറപ്പ് ഓവര്‍സീയര്‍മാര്‍ ഈ പണം തിരിച്ചടക്കണമെന്നാണ് നിര്‍ദേശം. നാല് തൊഴില്‍ ദിനങ്ങളുടെ വേതനത്തിലാണ് ക്രമക്കേട് കാട്ടിയിരിക്കുന്നത്. എന്നാല്‍ ക്രമക്കേട് കാട്ടിയ ഓവര്‍സീയര്‍, മേറ്റുമാര്‍ എന്നിവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല.
രാഷ്‌ട്രീയ സ്വാധീനത്തിന്റെ മറവിലാണ് തൊഴിലുറപ്പു പദ്ധതിയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ക്രമക്കേട് കാട്ടിയിരിക്കുന്നത്. അനധികൃതമായി വേതനം കൈപ്പറ്റിയവര്‍ തുക തിരിച്ചടക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: