തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിതാഴെയിട്ടതിന് യാത്രാവിലക്ക് നേരിട്ട സംഭവത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്. ഇന്‍ഡിഗോ നിലവാരമില്ലാത്ത കമ്പനിയാണ്, ഏവിയേഷന്‍ നിയമത്തിന് വിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി എടുത്തത്. ഇനി താന്‍ ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ല. ഇന്‍ഡിഗോ കമ്പനിയുമായി ഒരു ബന്ധവും ഇല്ലെന്നും ജയരാജന്. ഇന്‍ഡിഗോ വിമാനത്തില്‍ മൂന്നാഴ്ച വിലക്ക് ഏര്‍പ്പെടുത്തിയെന്ന വാര്‍ത്ത ശരിയാണെന്നും ഇ.പി. ജയരാജന് സ്വീരീകരിച്ചു.
മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് ഇന്‍ഡിഗോ കമ്പനിയില്‍ നിന്ന് ഓണ്‍ലൈന്‍ ഡിസ്കഷന് വിളിച്ചിരുന്നു. 12 ന് വിശദീകരണം നേരിട്ട് നല്കാന് ബുദ്ധിമുട്ട് ഉണ്ടെന്നും അഭിഭാഷകയെ നിയോഗിച്ചെന്നും കമ്പനിയെ അറിയിച്ചിരുന്നു. അതിന് ശേഷം ഒരു വിവരവും ഉണ്ടായിരുന്നില്ല. ഇതിന് പിന്നാലെയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഇപി പറഞ്ഞു. കണ്ണൂര്‍-തിരുവനന്തപുരം ഇന്‍ഡിഗോ വിമാനത്തില്‍ ഒരു പക്ഷേ ഏറ്റവും അധികം യാത്ര ചെയ്തത് താനും ഭാര്യയുമായിരിക്കും. ഇനി നടന്നു പോയാലും ഇന്‍ഡിഗോ വിമാനത്തില്‍ കയറില്ലെന്നും ജയരാജന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: