പാലക്കാട്: ഇടതുകാല് മുട്ടില്‍ സന്ധിവാതം ബാധിച്ച് പൂര്‍ണമായും കിടപ്പിലായിരുന്ന 92 വയസുകാരന് കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ജില്ലാശുപത്രിയില്‍ വിജയകരമായി നടത്തി. നാലുവര്‍ഷം മുമ്പ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കൊവിഡ് കാരണം നടന്നില്ല.
നാലുമാസം മുമ്പാണ് ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ ചികിത്സ തേടി എത്തിയത്. അദ്ദേഹത്തിന്റെ പ്രായം കണക്കിലെടുത്ത് ആദ്യം മരുന്നും ഫിസിയോതെറാപ്പിയുമാണ് നല്‍കിയത്. ശാസ്ത്രക്രിയമാത്രമാണ് സാധ്യതയെന്ന് പറയുകയും ചെയ്തു. കാല്‍മുട്ടുകളിലെ കഠിന വേദന കാരണം പൂര്‍ണമായും കിടപ്പിലായ അദ്ദേഹം തന്നെ ശസ്ത്രക്രിയ ആവശ്യപ്പെടുകയായിരുന്നു.
ഡോ. സിയാര് ശസ്ത്രക്രിയ സാധ്യത വിലയിരുത്തി. തുടര്‍ന്ന് ജില്ലാ ആശുപത്രിയിലെ അസ്ഥി രോഗ വിദഗ്ധരായ ഡോ. മനോജും ഡോ. ഗോപീകൃഷ്ണനും ചേര്‍ന്നാണ് ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്. പിജി വിദ്യാര്‍ത്ഥി ഡോ. അജിത് കുമാര്‍, നഴ്സിങ് ഓഫീസര്‍ വിപിന, ഡോ. വാസുദേവന്‍ നമ്പൂതിരി, ഡോ. മീന, ഡോ. കാജല്‍, ഡോ. അക്ഷയ് എന്നിവരുള്‍പ്പെട്ട സംഘവുമുണ്ടായിരുന്നു. രണ്ടാം ദിവസം തന്നെ നടക്കുകയും നാലാംദിവസം ആശുപത്രി വിടുകയും ചെയ്തു.
പ്രായം ഒരു ശസ്ത്രക്രിയക്കും തടസമല്ലെന്നും ചലനമാണ് ജീവിതമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കൊവിഡ് കാലത്തു നിര്‍ത്തിവെച്ചിരുന്ന ഇലക്റ്റീവ് സര്‍ജറികള്‍ പുന:രാരംഭിച്ചതോടെ രോഗികള്ക്കാശ്വാസമാവുകയാണ് ജില്ലാ ആശുപത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: