തിരുവനന്തപുരം: 1982 ല്‍ നടന്ന ഐതിഹാസികമായ വിശാല ഹിന്ദു സമ്മേളന സംഘാടക സമിതിയാണ് കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്. കേവലം രാമായണ പാരായണം മാത്രമായിരുന്നില്ല രാമായണ മാസാചരണം ലക്ഷ്യം വച്ചത്. രാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിശദമാക്കുന്ന വിചാരസഭകളും പ്രഭാഷണങ്ങളും ആരംഭിച്ചു. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടക്കുന്നു. രാമായണം സമൂഹജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം കൊണ്ട് ഉദ്ദേശിച്ചത്.
രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട് രംഗത്തുവന്നു. രാമായണമല്ല രാവണായനമാണ് വേണ്ടതെന്ന ആഹ്വാനവും ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടും എഴുത്തും പ്രഭാഷണവും അരങ്ങേറി. തിരുനല്ലൂര്‍കരുണാകരന്‍ മുതല്‍ ഇഎംഎസ് വരെ അണിനിരന്ന ഈ എതിര്‍പ്പിന് കരുത്തായി സിപിഎം പാര്‍ട്ടിയന്ത്രവും പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട് കേരളത്തിന്റെ വൈചാരിക രംഗം ചൂടുപിടിച്ചു.
1982 ജൂലൈ 25 തിരുവനന്തപുരത്ത് കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ് സെന്ററില്‍ ചേര്‍ന്ന പുരോഗമന കലാസാഹിത്യ സംഘം സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് തിരുനെല്ലൂര്‍ കരുണാകരന് ഇങ്ങനെ പറഞ്ഞു ‘ശ്രീരാമന് രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന് തപസുചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന് ശുദ്രന് തപസുചെയ്യുന്നത് അധര്മ്മമാണെന്ന് ശ്രീരാമനെ അറിയിച്ചു. രാമന് ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം’
ഇഎംഎസ് നമ്പൂതിരിപ്പാട് എഴുതി:
‘രാമായണവും മഹാഭാരതവും കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരുവീക്ഷണഗതിയാണ് സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത് എന്ന് തീര്‍ച്ചയാണ്. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക് സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല.’
എന്നാല്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക് മറുപടി പറഞ്ഞുകൊണ്ട് ഇതിഹാസ സമാനമായ വൈചാരിക മുന്നേറ്റമാണ് കേരളത്തില്‍ നടന്നത്. പി.പരമേശ്വരന്റേയും പി. മാധവന്റേയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്ന് ചരിത്രം. കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി. കേവല വായനക്കപ്പുറത്തേക്ക് രാമായണദര്‍ശനം ജീവിതത്തിന് വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത് അങ്ങനെയാണ്.
നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമനഗരഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനക്കപ്പുറത്തേക്ക് രാമായണദര്ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത് പരിഷ്കരിച്ചു കൊണ്ട് കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.
രാമായണ മാസാചരണത്തെക്കുറിച്ച് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് എഴുതിയതിങ്ങനെ.
”കര്‍ക്കിടകമാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണമാസാചരണം അതിന് സാമൂഹികമായ മാനം നല്കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് മാസാചരണം ലക്ഷ്യംവെച്ചത്. കേവലം വായനമാത്രമല്ല. വിശാലഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട് ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണ് കൊച്ചിയിലും വിശാലഹിന്ദുസമ്മേളനം നടന്നത്. പുരോഗമനകലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയകാലമായിരുന്നു അത്. പലയിടങ്ങളിലും അവരത് നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ് ഇതിനെ കണ്ടത്. ഈ സാഹചര്യത്തിലാണ് രാമായണമാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്. വിശാലഹിന്ദു സമ്മേളനത്തിന്റെ കൊച്ചി യോഗത്തില്‍ അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: