കൊളംബോ: പ്രതിസന്ധി ഘട്ടത്തില്‍ ശ്രീലങ്കയ്‌ക്ക് ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും നല്‍കുന്ന സഹായത്തെ പ്രശംസിച്ച് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ. ഇന്ത്യയുടെ തുടര്‍ന്നുള്ള സഹായവും പിന്തുണയും പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്‌ക്ക് ഇന്ധനം, പാചകവാതകം, മരുന്നുകള്‍ തുടങ്ങി വായ്പയടക്കം 3.8 ബില്യണ്‍ ഡോളറിന്റെ സഹായമാണ് ഇന്ത്യ നല്‍കിയത്. ജനങ്ങളുടെ അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുള്ള എല്ലാ സഹായവും ഇന്ത്യ നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ലമെന്റില്‍ ഗോദഭയ രജപക്ഷെയുടെ പാര്‍ട്ടിക്ക് ഭൂരിപക്ഷമുണ്ട്. മൊത്തം 225 എംപിമാരുണ്ട് പാര്‍ലമെന്റില്‍. എന്നാലും പ്രസിഡന്റ് സ്ഥാനത്തേയ്‌ക്ക് മത്സരിക്കുന്നുണ്ടെന്നും എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാമെന്നും പ്രേമദാസ പറഞ്ഞു. എല്ലാ എംപിമാരുമായി ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. മൂന്നില്‍രണ്ട് എംപിമാര്‍ ഗോദഭയയുടെ പാര്‍ട്ടിക്കാരാകുമ്പോള്‍ എങ്ങനെ വിജയിക്കുമെന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ പൊരുതും. റെനില്‍ വിക്രമസിംഗെ മത്സരരംഗത്തുണ്ട്. എന്നാല്‍ അദ്ദേഹം ഗോദഭയയുടെ ഒപ്പം നില്‍ക്കുന്നയാളാണെന്നും അദ്ദേഹ പറഞ്ഞു.
വിജയിക്കുന്നവര്‍ താഴെക്കിടയിലുള്ള ജനങ്ങളുടെ വികാരം മനസ്സിലാക്കണം. ഭൂരിഭാഗം ജനങ്ങളുടെ അഭിപ്രായമല്ല പാര്‍ലമെന്റ് പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള പദ്ധതി തങ്ങള്‍ക്കുണ്ട്. മൂന്നു വര്‍ഷം മുമ്പേ പ്രതിപക്ഷം സര്‍ക്കാരിനോട് പറഞ്ഞിരുന്നു വിവേകശൂന്യമായ സാമ്പത്തിക പരിഷ്‌കരണം നടത്തരുതെന്ന്. എന്നാല്‍ സര്‍ക്കാര്‍ അന്നത് ചെവികൊണ്ടില്ല. ഇപ്പോള്‍ പ്രതിപക്ഷം പറഞ്ഞത് യാഥാര്‍ത്ഥ്യമായെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: