ബീജിംഗ്: ചൈനയിലെ മുസ്ലീങ്ങള്‍ മതത്തെക്കാള്‍ കൂടുതല്‍ രാജ്യത്തിന് പ്രാധാന്യം നല്‍കണമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ്. ചൈനയില്‍ ഉള്ളത് സോഷ്യലിസ്റ്റ് ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന കമ്മ്യൂണിസ്റ്റ് ഭരണകൂടമാണ്. ഇതിനോട് പൊരുത്തപ്പെടണമെന്നും അദേഹം നിര്‍ദേശിച്ചു. ചൈനയിലെ ഇസ്ലാമിന് ചൈനീസ് ദിശാബോധമുണ്ടാക്കണമെന്നും അദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സോഷ്യലിസ്റ്റ് സമൂഹവുമായി മതങ്ങള്‍ പൊരുത്തപ്പെടണം. അല്ലാതെ മതനര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെടില്ല.
ചൈനയിലെ ഷിന്‍ജിയാങ് പ്രദേശത്തെ സന്ദര്‍ശനത്തിനിടെയാണ് ചൈനീസ് പ്രസിഡ് ഇക്കാര്യം വ്യക്തമാക്കിയത്. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ജൂലൈ 12നാണ് ഷീ ജിന്‍പിങ് ഷിന്‍ജിയാങ്ങിലെത്തിയത്. ഹാന്‍ ചൈനയില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കെതിരെ ഉയിര്‍ഗൂര്‍ മുസ്ലിങ്ങള്‍ പ്രതിഷേധം നടത്തുന്ന പ്രദേശമാണ് ഷിന്‍ജിയാങ്ങ്.
ചൈനക്കായി ശക്തമായ സാമൂഹികബോധം വളര്‍ത്തിയെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. വിവിധ വംശവിഭാഗങ്ങള്‍ തമ്മില്‍ പരസ്പരം കൈമാറ്റം, ആശയവിനിമയം, കൂടിച്ചേരല്‍ എന്നിവ നടത്തേണ്ടതിനെ കുറിച്ചും ചൈനീസ് പ്രസിഡന്റ് പ്രസ്താവന നടത്തിയെന്ന് ഔദ്യോഗിക മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുസ്ലീം വിശ്വാസികള്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും ചുറ്റും ഐക്യപ്പെടണം. സാംസ്കാരിക ഐക്യത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞുകൊണ്ട്് മാതൃരാജ്യം, ചൈന, ചൈനീസ് സംസ്കാരം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈന, ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം എന്നിവയുമായി അവരുടെ ഐക്യം ശക്തിപ്പെടുത്തുന്നതിന് തയാറാവണമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: