തിരുവനന്തപുരം : സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വടക്കന്‍ കേരളത്തിലാണ് മഴ ശക്തം. തോരാതെ പെയ്തിരുന്ന മഴയ്ക്ക് കുറവുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുകയാണ്.
അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദങ്ങളും, മഹാരാഷ്ട്ര മുതല്‍ ഗുജറാത്ത് വരെയുള്ള ന്യൂനമര്‍ദ്ദ പാത്തിയുമാണ് കാലവര്‍ഷം ശക്തമായി തുടരാന്‍ കാരണം. ന്യൂനമര്‍ദ്ദങ്ങള്‍ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. എന്നാല്‍ തിങ്കളാഴ്ചയോടെ മഴ കുറഞ്ഞേക്കും. കേരളാ തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് തടസ്സമില്ല. എന്നാല്‍ ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യത ഉള്ളതിനാല്‍ തീരമേഖലയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാനും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വയനാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ മഴയുണ്ടെങ്കിലും ശക്തമല്ല. മണ്‍സൂണ്‍ പാത്തി ഇന്ന് മുതല്‍ വടക്കന്‍ മേഖലയിലേക്ക് നീങ്ങും. ഇതോടെ സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ദുര്‍ബലമാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാല്‍ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു
ശക്തമായ മഴ പല ജില്ലകളിലും നാശ നഷ്ടം ഉണ്ടാക്കിയിട്ടുണ്ട്. കണ്ണൂര്‍ ചെറുപുഴ രാജഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ വ്യാപകമായി കൃഷി നശിച്ചു. അട്ടപ്പാടി ചുരം റോഡില്‍ ഭാരവാഹനങ്ങള്‍ക്കുള്ള ചൊവ്വാഴ്ച വരെ നിയന്ത്രണം ഏര്‍പ്പെടുത്തി. നിലമ്പൂര്‍ മേഖലയില്‍ മഴ കുറഞ്ഞെങ്കിലും എന്‍ഡിആര്‍എഫിന്റെ ഒരു സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും ഉയര്‍ത്തിയിരിക്കുകയാണ്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറയാത്തതിനാലാണിത്. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി. ജലനിരപ്പ് ഉയരുമെന്ന ആദ്യ ഘട്ട മുന്നറിയിപ്പ് തമിഴ്നാട് ശനിയാഴ്ച നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: