ന്യൂദല്‍ഹി: പശ്ചിമബംഗാള്‍ ഗവര്‍ണറും മുന്‍കേന്ദ്രമന്ത്രിയുമായ ജഗ്ദീപ് ധങ്കര്‍ എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഗ്രാമത്തില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 2019 ജൂലൈയിലാണ് പശ്ചിമബംഗാള്‍ ഗവര്‍ണറായി നിയമിതനായത്. പൊതുക്ഷേമ വിഷയങ്ങള്‍ ഉര്ത്തിക്കാട്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ജനകീയ ഗവര്‍ണര്‍ എന്ന നിലയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കും ജനാധിപത്യ ധ്വംസനങ്ങള്‍ക്കുമെതിരെ സ്വീകരിച്ച നടപടികള്‍ അദ്ദേഹത്തെ പലപ്പോഴും രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രമാക്കി. നിയമസഭാ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ വ്യാപകകലാപം അഴിച്ചുവിട്ടപ്പോള്‍ അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ താക്കീത് നല്കി.
മൂന്ന് പതിറ്റാണ്ടിലേറെയായി സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ് അദ്ദേഹം. 1989ലെ ലോകസഭാ തെരഞ്ഞെടുപ്പില്‍ ജുന്‍ജുനുവില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗമായി. 1990ല്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രിയായി. 1993ല്‍ അജ്മീര്‍ ജില്ലയിലെ കിഷന്‍ഗഡ് മണ്ഡലത്തില്‍ നിന്ന് രാജസ്ഥാന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
ചിത്തോര്‍ഗഡ് സൈനിക് സ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഫിസിക്സില്‍ ബിരുദം നേടിയശേഷം രാജസ്ഥാന് സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബി നേടി മുന്‍നിര അഭിഭാഷകരില്‍ ഒരാളായി. രാജസ്ഥാന് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും അദ്ദേഹം പ്രാക്ടീസ് ചെയ്തിട്ടുണ്ട്. രാജസ്ഥാന് ബാര്‍ അസോസിയേഷന് പ്രസിഡന്റുമായിരുന്നു. അതിനുശേഷമാണ് പൊതുജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ പ്രതിബന്ധങ്ങളെ അതിജീവിച്ച് നേട്ടങ്ങള്‍ കൈവരിച്ച ജഗ്ദീപ് ധന്‍ഖറിന്റെ ജീവിതകഥ പുതിയ ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: