ന്യൂദല്‍ഹി: ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ബില്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. അടുത്ത മണ്‍സൂണ്‍കാല പാര്‍ലമെന്റ് സമ്മേളനത്തിലാണ് ബില്‍ അവതരിപ്പിക്കുക.
ഇപ്പോള്‍ അച്ചടിമാധ്യമങ്ങള്‍ക്കും ആനുകാലികപ്രസിദ്ധീകരണങ്ങള്ക്കും ഉള്ള നിയന്ത്രണങ്ങള്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കും ബാധകമാക്കും. രജിസ്ട്രേഷന് ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്‍ 2019 എന്ന ഇപ്പോള്‍ അച്ചടി മാധ്യമങ്ങള്‍ക്കും ആനുകാലികങ്ങള്‍ക്കും ബാധകമായ ബില്‍ ഇനി ഡിജിറ്റല്‍ ന്യൂസ് മാധ്യമങ്ങള്‍ക്കും ബാധകമാക്കി പുതിയ നിയമനിര്‍മ്മാണം കൊണ്ടുവരും.
ഇതോടെ വാര്ത്താദിനപത്രങ്ങളുടെ അതേ നിലയിലേക്ക് ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കൊണ്ടുവരും. ഇക്കഴിഞ്ഞ ദിവസം ലോക്സഭാ സെക്രട്ടേറിയറ്റ് മണ്‍സൂണ്‍ കാല പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ പുറത്തുവിട്ട ബില്ലുകളില്‍ ആണ് ഡിജിറ്റല്‍ വാര്‍ത്താപോര്‍ട്ടലുകളെ നിയന്ത്രിക്കുന്ന ബില്ലും വരുന്നത്. പ്രസ് രജിസ്ട്രേഷന് പിരിയോഡിക്കല്‍ ബില്‍, 2022 എന്നതായിരിക്കും ഈ ബില്ലിന്റെ പേര്. ഇതോടെ പ്രസ് ആന്റ് രജിസ്ട്രേഷന് ഓഫ് ബുക്ക്സ് ആക്ട്, 1867 എന്ന അച്ചടിമാധ്യമങ്ങളെ മാത്രം നിയന്ത്രിക്കുന്ന നിയമം ഇല്ലാതാകും.
ഡിജിറ്റല്‍ മാധ്യമങ്ങളില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ആവിഷ്കാരസ്വാതന്ത്ര്യത്തെയും സ്വതന്ത്ര ഭാഷണത്തെയും നിയന്ത്രിക്കാനാണ് ഈ ബില്‍ എന്ന് പരക്കെ വിമര്‍ശനം ഉയര്‍ന്നതോടെ ഈ രംഗത്തെ പലരുമായും സര്‍ക്കാര്‍ വിശദമായ ചര്‍ച്ചകള്‍ നടത്തി. ഇപ്പോള്‍ ഡിജിറ്റല്‍ വാര്‍ത്താചാനലുകള്‍ ആരംഭിയ്ക്കാന്‍ പ്രത്യേകിച്ച് നിയന്ത്രണങ്ങളില്ല. പക്ഷെ പുതിയ ബില്‍ നിയമമാകുന്നതോടെ പുതിയ ഡിജിറ്റല്‍ വാര്‍ത്താ ചാനലുകള്‍ ആരംഭിയ്ക്കാന്‍ സര്‍ക്കാരില്‍ രജിസ്ട്രേഷന് ചെയ്യേണ്ടതായി വരും. പത്രങ്ങള്‍ ഇപ്പോള്‍ രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പേഴ്സ് ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്യുന്ന അതേ നടപടി ക്രമങ്ങള്‍ ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങള്‍ക്കും ബാധകമാകും. ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങള്‍ ആരംഭിച്ചാല്‍ 90 ദിവസങ്ങള്‍ക്കുള്ളില്‍ കേന്ദ്രസര്‍ക്കാര്‍ രജിസ്ട്രേഷന് എടുത്തിരിക്കണം. ഇതോടെ ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലുകളും യുട്യൂബ് ചാനലുകളും കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന സ്ഥിതിവിശേഷം ഇല്ലാതാകും.
ഇതാദ്യമായാണ് ഇന്ത്യയില്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം വരുന്നത്. ബില്‍ നിയമമായാല്‍ കേന്ദ്ര വിവര വിനിമയ മന്ത്രാലയത്തിന്റെ കീഴിലായിരിക്കും ഡിജിറ്റല്‍ വാര്‍ത്താ മാധ്യമങ്ങള്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: