രാജസ്ഥാനിലെ ഉദയ്പൂരില്‍ നടന്ന കനയ്യലാല്‍ എന്ന ഹിന്ദു തയ്യല്‍ക്കടക്കാരന്റെ അരും കൊല ഈ സമീപകാലത്തുണ്ടായ ഏറ്റവും ഞെട്ടിപ്പിയ്‌ക്കുന്ന സംഭവമാണ്. ലോകത്തിനു മുഴുവന്‍ ഭീഷണിയായി വളര്‍ന്നു വന്നിരിയ്‌ക്കുന്ന ഐസിസിന്റെ അതേ മോഡലില്‍ പട്ടാപ്പകല്‍ അരങ്ങേറിയതാണ് ആ കൊല. വളരെ നിസ്സാരമായ ഒരു വിഷയത്തെ ചൊല്ലി ഒരു മനുഷ്യനെ കഴുത്തറുത്ത് കൊല്ലാന്‍ കൊലപാതകികളെ പ്രേരിപ്പിച്ച ഘടകങ്ങളും, അതിനു പിന്നില്‍ പ്രവര്‍ത്തിച്ച വ്യക്തികളും ഇപ്പോള്‍ എന്‍ ഐ എ യുടെ അന്വേഷണ പരിധിയിലാണ്. കൊലയാളികള്‍ അറസ്റ്റിലായി കഴിഞ്ഞു. ഒപ്പം ദിവസേനയെന്നോണം വേറെ പലരും പിടിയിലായിക്കൊണ്ടിരിയ്‌ക്കുന്നു. അതില്‍ ഏറ്റവും ശ്രദ്ധേയമായ ഒന്ന് പ്രസിദ്ധമായ അജ്മീര്‍ ദര്‍ഗ്ഗയിലെ ഇമാം സല്‍മാന്‍ ചിസ്തിയുടെ അറസ്റ്റാണ്. ദര്‍ഗ്ഗയിലെ ഖാദിം ആയ ഗൗഹര്‍ ചിസ്തി ഒളിവിലാണ്. ഈ അറസ്റ്റിന്റെ പ്രത്യേകത അറിയണമെങ്കില്‍ അജ്മീര്‍ ദര്‍ഗ്ഗയുടെ പ്രാധാന്യം തിരിച്ചറിയണം. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സൂഫി ദര്‍ഗ്ഗകളില്‍ ഒന്നാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മൊയിനുദ്ദീന്‍ ചിസ്തിയുടെ പേരില്‍ നിര്‍മ്മിയ്‌ക്കപ്പെട്ട ഈ ആരാധനാലയം. നേര്‍ച്ചകളുമായി ആയിരക്കണക്കിന് ഹിന്ദുക്കള്‍ ഉള്‍പ്പെടെ എല്ലാ ജാതിമതസ്ഥരും അനുഗ്രഹത്തിനായി സന്ദര്‍ശിയ്‌ക്കാറുള്ള സ്ഥലം. ഇന്ത്യയുടെ മതേതര പാരമ്പര്യത്തിന്റെ ഉത്തമ മാതൃകയായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന സ്ഥലങ്ങളില്‍ ഒന്ന്.
ആരാണ് സൂഫികള്‍ ? ഹിന്ദുക്കള്‍ അനുഗ്രഹം തേടി ചെല്ലുന്ന ഈ മൊയിനുദ്ദീന്‍ ചിസ്തി യഥാര്‍ത്ഥത്തില്‍ ആരായിരുന്നു ? വ്യാജ ചരിത്രത്തിലൂടെ മുഖമൂടിയണിയിച്ച് ചെന്നായകളെ തന്നെ ആട്ടിന്‍ പറ്റത്തിന്റെ സംരക്ഷകരാക്കി മാറ്റിയ വഞ്ചനയാണ് അതില്‍ ഒളിഞ്ഞു കിടക്കുന്നത്.
ഭാഷാ ശാസ്ത്രപരമായി സൂഫി എന്ന വാക്കിന്റെ ഉത്ഭവം സുഫ് (കമ്പിളി) അല്ലെങ്കില്‍ സഫ (പരിശുദ്ധി) എന്നീ രണ്ടു വാക്കുകളില്‍ നിന്നാണ് എന്ന് ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.
അങ്ങനെ നോക്കുമ്പോള്‍ സൂഫി എന്ന വാക്കിന് കമ്പിളി ധരിയ്‌ക്കുന്ന ആള്‍ എന്നോ പരിശുദ്ധ ഹൃദയമുള്ളയാള്‍ എന്നോ അര്‍ത്ഥം കിട്ടും. നമ്മുടെ ചരിത്രം നോക്കിയാല്‍ ഇതില്‍ ആദ്യത്തെ അര്‍ത്ഥമാണ് വരേണ്ടത്, എന്നാല്‍ ഇന്നത്തെ ഇസ്ലാമിക പണ്ഡിതന്മാര്‍ രണ്ടാമത്തെ അര്‍ത്ഥമാണ് (വ്യക്തമായ കാരണങ്ങളാല്‍) ഇതിന് കൊടുത്തു കാണുന്നത്. പാശ്ചാത്യ രാജ്യങ്ങളില്‍ ഇസ്ലാമിന്റെ സൂഫി വിഭാഗത്തിന് മാദ്ധ്യമങ്ങളില്‍ വലിയ സ്ഥാനമാണ് കൊടുക്കുന്നത്. ജിഹാദ് എന്നാല്‍ ഹിംസയോ ദുഃഖകരമോ ആയ ഒന്നുമല്ല, മറിച്ച് ആന്തരികമായ ആത്മീയ യാത്രയാണ് എന്ന് വിശ്വസിയ്‌ക്കുന്ന സമാധാനപ്രിയരായ സിദ്ധന്മാര്‍ എന്നാണ് അവരെ വിശേഷിപ്പിയ്‌ക്കാറുള്ളത്. ലോകത്തിന്റെ എല്ലാഭാഗത്തുമുള്ള എല്ലാത്തരം അവിശ്വാസികളില്‍ നിന്നും ധാരാളം അനുയായികളെ സൂഫിസം ആകര്‍ഷിച്ചിട്ടുണ്ട്.
അഞ്ചുനേരം നിസ്‌ക്കരിയ്‌ക്കുന്ന, യാഥാസ്ഥിതിക ഇസ്ലാം മതത്തിന്റെ എല്ലാ ചര്യകളും പാലിയ്‌ക്കുന്ന നിഷ്ഠരായ മുസ്ലീങ്ങളാണ് സൂഫികള്‍. വടക്കന്‍ ആഫ്രിക്കയിലെ ശദിലിയ്യ, മദ്ധ്യേഷ്യയിലെ നക്ഷ്ബന്ദി, പേര്‍ഷ്യയിലെ നിമാതുല്ലാഹികള്‍, ഇന്ത്യയിലെ ചിസ്തികള്‍, തുര്‍ക്കിയിലെ ഹെല്വേത്തികള്‍, പല രാജ്യങ്ങളില്‍ നിന്നുള്ള ഖ്വാദ്രികള്‍ തുടങ്ങി ഒട്ടു മിക്ക സൂഫി സമ്പ്രദായങ്ങളിലും സൂഫി പ്രബോധനങ്ങള്‍ പഠിയ്‌ക്കുന്നതിനുള്ള മുന്നുപാധി, ഇസ്ലാമിക വിശ്വാസത്തെ പ്രഖ്യാപിക്കല്‍ അഥവാ ശഹാദത് ആണ്. എന്റെ ദൈവം മാത്രമാണ് യഥാര്‍ത്ഥ ദൈവം, ബാക്കിയെല്ലാം വ്യാജ ദൈവങ്ങളാണ് എന്ന് അവകാശപ്പെടുന്ന ഒരു മതസമ്പ്രദായത്തിന് എങ്ങനെയാണ് സ്വതന്ത്രരും സമന്വയവാദികളും ആകാന്‍ കഴിയുക ?
ശഹാദത്
ലാ ഇലാഹ ഇല്ലള്ളാഹ്
മുഹമ്മദ് ര്‍റസൂലുല്ലാഹ്
അള്ളാഹുവല്ലാതെ വേറെ ദൈവമില്ല; മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണ്
ഇസ്ലാമിനും ഹിന്ദുമതത്തിനും ഇടയ്‌ക്കുള്ള ഒരു ആത്മീയ, സമന്വയവാദപരമായ സമ്പ്രദായമായിട്ടാണ് ഭൂരിഭാഗം ഇന്ത്യാക്കാരും സൂഫിസത്തെ കാണുന്നത്. എന്നാല്‍ സത്യം കൂടുതല്‍ മൂര്‍ച്ചയുള്ളതാണ്. സമാധാനവും, സഹിഷ്ണുതയും, ദിവ്യത്വത്തിന്റെ ലഹരിയും ഇതെല്ലാം കൂടിയ നല്ല ഇസ്ലാമാണ് (ചാള്‍സ് രാജകുമാരനും, ഡേവിഡ് കാമറൂണും പുകഴ്‌ത്തുന്ന ഇസ്ലാം) സൂഫിസം എന്ന് ഭൂരിഭാഗം പേരും കരുതുമ്പോള്‍, ഏറ്റവും അപകടകാരികളായ അക്രമത്തിന്റെ ബുദ്ധികേന്ദ്രങ്ങളില്‍ ചിലര്‍ സൂഫികളോ, സൂഫികളാല്‍ സ്തുതിയ്‌ക്കപ്പെട്ടവരോ ആയിരുന്നു എന്ന ചരിത്ര വസ്തുത ഇവിടെയുണ്ട്.
ഇന്ത്യയിലെ ഇസ്ലാമികവല്‍ക്കരണത്തിന്റെ ചരിത്രം സൂക്ഷ്മമായി പരിശോധിച്ചാല്‍, സൂഫിസം അതിന്റെ മിഷണറി പ്രവര്‍ത്തനത്തിലൂടെ ഇസ്ലാമിലേക്കുള്ള ഹിന്ദുക്കളുടെ മതം മാറ്റത്തിന് ആക്കം കൂട്ടി എന്ന് കാണാം. ഒരു വശത്ത് മുസ്ലീം അധിനിവേശകരേയും സുല്‍ത്താന്മാരേയും അവരുടെ രാഷ്‌ട്രീയത്തിലും നിഷ്ടൂരമായ കൂട്ടക്കൊലകളിലും പിന്തുണയ്‌ക്കുകയും, മറുവശത്ത് ആത്മീയതയുടേയും സിദ്ധികളുടെയും നാടകങ്ങളിലൂടെ നിഷ്‌ക്കളങ്കരായ ഹിന്ദുക്കളെ അവര്‍ സ്വാധീനിയ്‌ക്കുകയും ചെയ്തു.
ഏറ്റവും വലിയ സൂഫി താത്വികാചാര്യനായിരുന്ന ഘസാലി ഉദ്‌ബോധിപ്പിച്ചു:
‘ഒരാള്‍ ഏറ്റവും കുറഞ്ഞത് വര്‍ഷത്തില്‍ ഒരു തവണ എങ്കിലും ജിഹാദിന് പോകണം. ഒരു കോട്ടയ്‌ക്കുള്ളിലോ മറ്റോ ആണ് അവരെങ്കില്‍ (അമുസ്ലീങ്ങള്‍), അവരുടെ കൂട്ടത്തില്‍ സ്ത്രീകളും കുട്ടികളും ഉണ്ടെങ്കില്‍ പോലും നിങ്ങള്‍ കവണ ഉപയോഗിയ്‌ക്കണം. അവരെ തീയിടുകയോ, വെള്ളത്തില്‍ മുക്കുകയോ വേണം…. അഹ്ല് അല്‍ കിത്താബിലെ ആളുകളില്‍ (പുസ്തകത്തിലെ ആളുകള്‍ അഥവാ ജൂതരും ക്രിസ്ത്യാനികളും) ആരെയെങ്കിലും അടിമപ്പെടുത്തിയാല്‍, അവന്റെ വിവാഹം സ്വയമേവ റദ്ദ് ചെയ്യപ്പെടും… അവരുടെ വൃക്ഷങ്ങള്‍ മുറിച്ചിടണം. അവരുടെ ഉപയോഗശൂന്യമായ ഗ്രന്ഥങ്ങള്‍ നശിപ്പിയ്‌ക്കണം. ജിഹാദികള്‍ അവര്‍ക്ക് സ്വയം ബോധിയ്‌ക്കുന്ന എന്തും കൊള്ളമുതലായി എടുത്തു കൊള്ളണം. അവര്‍ക്ക് ആവശ്യമുള്ളിടത്തോളം ആഹാരം അവര്‍ കൊള്ളയടിയ്‌ക്കണം’
അവിശ്വാസികള്‍ ഒടുക്കേണ്ടതായ ജസിയയെ പറ്റി അദ്ദേഹം എഴുതി:
‘ധിമ്മികള്‍ അള്ളാഹുവിന്റെയോ അദ്ദേഹത്തിന്റെ പ്രവാചകന്റെയോ നാമം ഉച്ചരിയ്‌ക്കാന്‍ അര്‍ഹരല്ല…. ജൂതന്മാരും, ക്രിസ്ത്യാനികളും, മജിയന്മാരും ജസിയ കൊടുക്കണം. ജസിയ കൊടുക്കാന്‍ സമ്മതിച്ചു കൊണ്ട് ധിമ്മി അയാളുടെ ശിരസ്സ് കുനിയ്‌ക്കണം. ആ സമയം ഉദ്യോഗസ്ഥന്‍ അയാളുടെ താടിയില്‍ പിടിച്ച് ചെവിക്കുറ്റിയ്‌ക്ക് അടിയ്‌ക്കണം. അവര്‍ അവരുടെ വൈനുകളോ, പള്ളിമണികളോ ആഡംബരപൂര്‍വ്വം പ്രദര്‍ശിപ്പിയ്‌ക്കാന്‍ പാടില്ല… അവരുടെ വീടുകള്‍ക്ക് മുസ്ലീം വീടുകളേക്കാള്‍, അവയെത്ര ഉയരം കുറഞ്ഞവയാണെങ്കിലും ഉയരം ഉണ്ടാവരുത്. ധിമ്മി ഒരു ആനയുടേയോ, കുതിരയുടേയോ കോവര്‍കഴുതയുടേയോ പുറത്ത് സവാരി ചെയ്യരുത്. ജീനി തടിയിലുള്ളതാണെങ്കില്‍ കഴുതപ്പുറത്ത് പോകാം. അവന്‍ നടപ്പാതയുടെ നല്ലഭാഗത്തു കൂടി നടക്കാന്‍ പാടില്ല. അവര്‍ വസ്ത്രത്തില്‍ തിരിച്ചറിയാനുള്ള അടയാളം ധരിയ്‌ക്കണം. പൊതു കുളങ്ങളില്‍ കുളിയ്‌ക്കുമ്പോള്‍ സ്ത്രീകള്‍ പോലും സംസാരിയ്‌ക്കാന്‍ പാടില്ല….’
ഇങ്ങനെ പോകുന്നു സൂഫി പരമാചാര്യന്റെ ഉപദേശ രത്‌നങ്ങള്‍
മുസ്ലീം ബ്രദര്‍ഹുഡിന്റെ സ്ഥാപകനായ ഹസന്‍അല്‍ബന്നയും അല്‍ ക്വൈദയുടെ പല ഉന്നത നേതാക്കളും സൂഫിസത്താല്‍ ശക്തമായി സ്വാധീനിയ്‌ക്കപ്പെട്ടവരാണ്.
ഇന്ത്യയില്‍ ജീവിച്ച സൂഫികള്‍
തുര്‍ക്കികള്‍ ഇന്ത്യയില്‍ ഇസ്ലാമിക ഭരണം സ്ഥാപിച്ചപ്പോള്‍ (1206) ഇസ്ലാമിക സമൂഹങ്ങളില്‍ സൂഫിസത്തിന് വലിയ സ്വീകാര്യത ലഭിച്ചു. മുസ്ലീം അധിനിവേശകരുടെ കാലടിപ്പാടുകളെ പിന്തുടര്‍ന്നു കൊണ്ട്, സൂഫികളും സൂഫിസവും ഇന്ത്യയിലേക്ക് പ്രവഹിച്ചു. അവരോടൊപ്പം അവിശ്വാസികളെ ഇസ്ലാമിലേക്ക് മതം മാറ്റാനുള്ള പുതിയൊരു ആവേശവും വന്നെത്തി. തീര്‍ച്ചയായും മതം മാറാത്ത അവിശ്വാസികള്‍ക്ക് എപ്പോഴും ഉണ്ടായിരുന്ന മാര്‍ഗ്ഗം മരണമായിരുന്നു. ഔറംഗസേബിനെ ഔറംഗ് ഇഷാഹി എന്ന് വിശേഷിപ്പിച്ച പഞ്ചാബിലെ സൂഫി സുല്‍ത്താന്‍ ബാഹുവും മറ്റു പല പ്രശസ്ത സൂഫികളും ആ രക്തദാഹിയെ നീതിമാനായ ചക്രവര്‍ത്തിയെന്ന് വാഴ്‌ത്തിയിരുന്നു. ക്ഷേത്രങ്ങള്‍ തകര്‍ത്തുകൊണ്ടും മതപരമായ അനുഷ്ഠാനങ്ങളെ വിലക്കിക്കൊണ്ടും ഹിന്ദുക്കളെ പൂര്‍ണ്ണമായും ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ച മുഗളന്‍ എന്ന നിലയ്‌ക്ക് ഇന്ന് ഔറംഗസേബ് ചരിത്രത്തില്‍ കുപ്രസിദ്ധനാണ്. ഗുരു തേഗ് ബഹാദൂറും അദ്ദേഹത്തിന്റെ അടുത്ത അനുയായികളായിരുന്ന ഭായി മട്ടി ദാസും, ഭായി ഫത്തേഹ് ദാസും ഇസ്ലാമിലേക്ക് മതം മാറാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ടു. മഹാരാഷ്‌ട്രയിലെ ഖുല്ദാബാദില്‍ സൂഫി ഷെയ്‌ക്ക് ബുര്‍ഹംഉദ്ദിന്‍ ഘരീബിന്റെ ആരാധനാലയത്തിന്റെ വളപ്പില്‍ ഔറംഗസേബിന്റെ ശവക്കല്ലറ സ്ഥിതിചെയ്യുന്നു.
എല്ലാ സൂഫികളും മൃദു ഇസ്ലാമിന്റെ വിതരണക്കാരായിരുന്നു എന്നു തുടര്‍ച്ചയായി ധരിപ്പിയ്‌ക്കപ്പെട്ടിരുന്നവര്‍ക്ക് ഏറ്റവും അസഹിഷ്ണുവും മതഭ്രാന്തനുമായിരുന്ന മുഗള്‍ ചക്രവര്‍ത്തിയ്‌ക്ക് സൂഫിസവുമായുള്ള ബന്ധം ഞെട്ടലുണ്ടാക്കും. എന്നാല്‍ നഖ്ഷബന്ദികള്‍ എല്ലായ്‌പ്പോഴും ശരിയത്തിന്റെ കണിശമായ വ്യാഖ്യാനത്തിനായിട്ടാണ് നിലകൊണ്ടിട്ടുള്ളത്. ഡല്‍ഹിയില്‍ ശവക്കല്ലറയുള്ള ക്വജാ മുഹമ്മദ് ബാകി ബില്ലാഹ് ബെരന്ഗ്, നഖ്ഷബന്ദി സമ്പ്രദായത്തെ ഇന്ത്യയില്‍ പരിചയപ്പെടുത്തി. മുഗളന്മാരോടൊപ്പം തുര്‍ക്കിയുമായുള്ള അവരുടെ പൈതൃകബന്ധം കാരണം, ബാബറിന്റെ അധിനിവേശം മുതല്‍ ഈ സൂഫി വിഭാഗം എല്ലായ്‌പ്പോഴും മുഗളരോട് രാഷ്‌ട്രീയ വിധേയത്വം പുലര്‍ത്തിയിരുന്നു.
മൊയിനുദ്ദീന്‍ ചിസ്തി :
ഇദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രശസ്തനായ സൂഫികളില്‍ ഒരാളാണ്. പൊതുവര്‍ഷം 1141ല്‍ സിജിസ്ഥാനില്‍ ജനിച്ച ചിസ്തി, 1192ല്‍ അധിനിവേശകനായ ഘോറിയുടെ സൈനത്തോടൊപ്പം ഇന്ത്യയില്‍ എത്തുകയും, 1195 മുതല്‍ അജ്മീര്‍ തന്റെ സ്ഥിരം വാസസ്ഥാനമായി തെരഞ്ഞെടുക്കുകയുമായിരുന്നു.
രജപുത്ര രാജാവായ പ്രിഥ്വിരാജ് ചൗഹാന്റെ ഭരണം അവസാനിപ്പിയ്‌ക്കുക എന്നത് ക്വാജയുടെ ഉള്ളില്‍ ജ്വലിച്ചു കൊണ്ടിരുന്ന ആഗ്രഹമായിരുന്നു. തന്റെ ആത്മീയ ശക്തി കൊണ്ടു മാത്രമാണ് തരയിന്‍ യുദ്ധത്തില്‍ മുഹമ്മദ് ഘോറിയ്‌ക്ക് വിജയം വരിയ്‌ക്കാന്‍ കഴിഞ്ഞത് എന്നദ്ദേഹം കരുതി. ‘നമ്മള്‍ പിതൗരയെ (പ്രിഥ്വിരാജ്) ജീവനോടെ പിടിച്ച് ഇസ്ലാമിന്റെ സൈന്യത്തിന് കൈമാറി’ എന്നദ്ദേഹം പ്രഖ്യാപിച്ചു.
മൊയിനുദ്ദീന്‍ ചിസ്തിയുടെ ആരാധനാലയത്തിന്റെ ബുലുന്ദ് ദര്‍വാസയില്‍ പ്രത്യക്ഷമായും ഒരു ഹിന്ദു ക്ഷേത്രത്തിലേതെന്ന് മനസ്സിലാക്കാവുന്ന കൊത്തു പണികളോടു കൂടിയ ശിലകള്‍ കൂട്ടിച്ചേര്‍ത്തിരിയ്‌ക്കുന്നത് കാണാം. ചിസ്തിയുടെ ശവക്കല്ലറ പണിഞ്ഞിരിയ്‌ക്കുന്നത് കുറേ ഭൂഗര്‍ഭ അറകളുടെ മുകളിലായിട്ടാണ്. അവ അതിനും മുമ്പുള്ള ഏതെങ്കിലും ക്ഷേത്രത്തിന്റെ ഭാഗമായിരുന്നിരിയ്‌ക്കണം. അനിസ് അല്‍അര്വഹില്‍ ആദ്യമായി രേഖപ്പെടുത്തിയിരിയ്‌ക്കുന്ന ഒരു സമ്പ്രദായം സൂചിപ്പിയ്‌ക്കുന്നത് സന്ദല്‍ ഖാന നിര്‍മ്മിച്ചിരിയ്‌ക്കുന്നത് ഒരു ഹിന്ദു ക്ഷേത്രത്തിന്റെ ഭൂമിയില്‍ ആണെന്നാണ്. ഇസ്ലാമിക അധിനിവേശകരെ പിന്തുടര്‍ന്ന് ഇന്ത്യയിലേക്ക് നാല് പ്രധാന സൂഫികള്‍ വന്നിട്ടുണ്ട്. മൊയിനുദ്ദീന്‍ (അജ്മീര്‍), കുത്തബ്ദ്ദീന്‍ (ദല്‍ഹി), നിസാമുദ്ദീന്‍ (ദല്‍ഹി) ഫരിദുദ്ദീന്‍ (പാകിസ്ഥാനിലെ പത്താന്‍). ഇവരെല്ലാം ചിസ്തിയ എന്ന ഇസ്ലാമിക സൂഫി സമ്പ്രദായത്തില്‍ നിന്നുള്ളവരായിരുന്നു.
ഇപ്പോള്‍ അറസ്റ്റിലായ കനയ്യലാലിന്റെ കൊലയാളികള്‍ അജ്മീര്‍ ദര്‍ഗ്ഗയിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു എന്ന് വാര്‍ത്തകള്‍ വരുന്നു. ദര്‍ഗ്ഗയുടെ പ്രധാന പുരോഹിതന്‍ കൊലയ്‌ക്കു മുമ്പ് കൊലയാളികളെ നേരിട്ട് കണ്ടിരുന്നു എന്നും ഭീകര കൃത്യത്തിനു ശേഷം ദര്‍ഗ്ഗയിലേയ്‌ക്കുള്ള യാത്രയിക്കിടയിലാണ് ഇവര്‍ അറസ്റ്റിലായതെന്നും വാര്‍ത്തയുണ്ട്. മൊയിനുദ്ദീന്‍ ചിസ്തിയെ പോലെ മതേതര മുഖംമൂടികള്‍ക്കുള്ളില്‍ പൊതിഞ്ഞു പിടിയ്‌ക്കപ്പെട്ട സൂഫികള്‍ പ്രതിനിധാനം ചെയ്ത ‘ശാന്തിയുടേയും ആത്മീയതയുടേയും’ ശരിയായ നിറം ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കു മുന്നില്‍ സ്വയം അനാവൃതമാവുകയാണ്.
നിസാമുദ്ദീന്‍ ഔലിയ: (1238-1325)
യഥാസ്ഥിതിക ഇസ്ലാമിന്റെ സമീപനം പിന്തുടര്‍ന്നു കൊണ്ട് അദ്ദേഹം ഹിന്ദുക്കളെ നരകത്തീയില്‍ പതിയ്‌ക്കാന്‍ ശപിച്ചു. ‘വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കുമായി സ്വര്‍ഗ്ഗവും നരകവും അള്ളാഹു സൃഷ്ടിച്ചിരിയ്‌ക്കുന്നു. ദുഷ്ടന്മാര്‍ക്ക് അവര്‍ ചെയ്തതിന് പ്രതിഫലം കൊടുക്കുവാനാണത് ‘
ഇസ്ലാമിന്റെ ഏറ്റവും പ്രധാനമായ പത്ത് തത്വങ്ങളില്‍ രണ്ടെണ്ണം ‘അവിശ്വാസികളോട് യുദ്ധം ചെയ്യുക, എന്നതും ദൈവീക ചട്ടങ്ങള്‍ പാലിയ്‌ക്കുക’ എന്നതും ഖുറാനിലെ ആദ്യ അദ്ധ്യായമായ സൂറ ഫാത്തിഹയില്‍ ഇല്ല എന്ന അദ്ദേഹത്തിന്റെ പ്രസ്താവന അമുസ്ലീങ്ങളുടെ നേരെയുള്ള ജിഹാദിനെ കുറിച്ചുള്ള ഔലിയയുടെ ചിന്തകള്‍ക്ക് ഉദാഹരണമാണ്. അവിശ്വസികളോടുള്ള ജിഹാദില്‍ അദ്ദേഹം വിശ്വസിച്ചിരുന്നു എന്നു മാത്രമല്ല, അദ്ദേഹം അനുയായികളോടൊപ്പം ഇന്ത്യയിലേക്ക് വന്നതു തന്നെ ജിഹാദില്‍ ഏര്‍പ്പെടാനാണ്.
മുള്‍ട്ടാനില്‍ വച്ച് നാസിറുദ്ദീന്‍ കുബാച്ചയുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ യുദ്ധത്തില്‍ അദ്ദേഹം പങ്കെടുത്തു. മാലിക്ക് കാഫറിന്റെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയില്‍ നേടിയ ജിഹാദ് വിജയത്തെ കുറിച്ച് ക്വാസി മുഘിസുദ്ദീന്‍ മാലിക്ക് ചോദിച്ചപ്പോള്‍ ആത്മവിശ്വാസത്തോടെ ഔലിയ പറഞ്ഞത് ‘ഇതെന്ത് വിജയം ? ഞാന്‍ കൂടുതല്‍ വിജയങ്ങള്‍ക്കായി കാത്തിരിയ്‌ക്കുന്നു’ എന്നാണ്. ജിഹാദ് യാത്രകളില്‍ കൊള്ളയടിച്ച് കൈയ്‌ക്കലാക്കുന്ന വലിയ സമ്മാനങ്ങള്‍ സുല്‍ത്താന്‍ അലാവുദ്ദീന്‍ അദ്ദേഹത്തിന് കൊടുത്തയയ്‌ക്കുമായിരുന്നു. ഔലിയ അവയെല്ലാം സ്വീകരിയ്‌ക്കുന്നത് പതിവായിരുന്നു. അവയെല്ലാം അദ്ദേഹം തന്റെ താമസ സ്ഥലത്ത് അഭിമാനത്തോടെ പ്രദര്‍ശിപ്പിയ്‌ക്കുമായിരുന്നു. സില്‍ഹെറ്റിലെ രാജാ ഗൗര്‍ ഗോവിന്ദയുമായുള്ള വിശുദ്ധ യുദ്ധത്തിനായി ബംഗാളിലെ സൂഫിയായ ഷെയ്ഖ് ഷാ ജലാലിന് 360 അനുയായികളെ ഔലിയ അയച്ചു കൊടുത്തു.
അമീര്‍ ഖുസ്രു:
ഹിന്ദു തടവുകാരെ മുസ്ലീം യോദ്ധാക്കള്‍ അതിക്രൂരമായി കൊലപ്പെടുത്തുന്നത് വര്‍ണ്ണിയ്‌ക്കുന്നതില്‍ ഇദ്ദേഹം ആഹ്ലാദിച്ചിരുന്നു. 1303 ലെ ചിറ്റൂര്‍ ആക്രമണത്തെ തുടര്‍ന്ന് അവിടെയുള്ള 30,000 ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യാന്‍ ഖിസ്ര് ഖാന്‍ കൊടുത്ത ആജ്ഞയെക്കുറിച്ച് അദ്ദേഹം വര്‍ണ്ണിയ്‌ക്കുന്നു: ‘അവിശ്വാസികളെ തുളയ്‌ക്കുന്ന വാളുകള്‍ കൊണ്ട് ഇസ്ലാമിന്റെ അതിര്‍ വരമ്പുകള്‍ക്കപ്പുറമുള്ള ഹിന്ദുസ്ഥാനിലെ എല്ലാ നേതാക്കളേയും കൂട്ടക്കൊല ചെയ്യാന്‍ അദ്ദേഹം ആജ്ഞാപിച്ചതിന് ദൈവത്തിന് സ്തുതി ! ദൈവത്തിന്റെ ഈ ഖലീഫയുടെ പേരില്‍… വിഭിന്നതയ്‌ക്ക് ഇവിടെ യാതൊരു അവകാശങ്ങളുമില്ല’. മാലിക് കഫൂറിന്റെ സൈനികരാല്‍ നടന്ന ദക്ഷിണേന്ത്യയിലെ ഒരു പ്രസിദ്ധമായ ക്ഷേത്രത്തിന്റെ നശീകരണത്തേയും അവിടെയുണ്ടായിരുന്ന പുരോഹിതന്മാരുടെയും മറ്റു ഹിന്ദുക്കളുടെയും ക്രൂരമായ കൂട്ടക്കൊലയേയും പറ്റി കാവ്യാത്മകമായി വര്‍ണ്ണിയ്‌ക്കുന്നതില്‍ അദ്ദേഹം ആവേശം കൊണ്ടു. കൂട്ടക്കുരുതിയെ വിവരിച്ചു കൊണ്ട് അദ്ദേഹം എഴുതി ‘ബ്രാഹ്മണരുടേയും വിഗ്രഹാരാധകരുടേയും തലകള്‍ അവരുടെ കഴുത്തുകളില്‍ നൃത്തം ചെയ്തിട്ട് കാല്‍ക്കലേക്ക് വീണു, രക്തം പുഴകളായി ഒഴുകി’. ഇന്ത്യയിലെ ഹിന്ദുക്കളുടെ ദയനീയമായ കീഴടങ്ങലിനേയും ഇസ്ലാമിന്റെ പ്രാകൃതമായ വിജയത്തേയും കുറിച്ച് മതഭ്രാന്തിന്റെ ഉന്മാദത്തോടെ അദ്ദേഹം എഴുതി: ‘നമ്മുടെ വിശുദ്ധ ഭടന്മാരുടെ വാളുകളാല്‍ രാജ്യം മുഴുവനും തീയില്‍ കരിഞ്ഞ് മുള്‍ച്ചെടികള്‍ മാറിയ കാടു പോലെ ആയിത്തീര്‍ന്നു. ഇസ്ലാം വിജയിച്ചു. വിഗ്രഹാരാധന കീഴടക്കപ്പെട്ടു. നികുതി കൊടുത്ത് മരണം ഒഴിവാക്കാന്‍ നിയമം അനുവദിയ്‌ക്കുന്നില്ലായിരുന്നെങ്കില്‍, വേരും ശിഖരങ്ങളും ഉള്‍പ്പെടെ ഹിന്ദിന്റെ പേര് പോലും കുറ്റിയറ്റു പോകുമായിരുന്നു.’
മുസ്ലീം അധിനിവേശകര്‍ ഹിന്ദുക്കള്‍ക്കു മേല്‍ ഏല്‍പ്പിച്ച അതിനീചമായ ക്രൂരതകളുടെ നിരവധി ഉദാഹരണങ്ങള്‍ അമീര്‍ ഖുസ്രു വിവരിച്ചിട്ടുണ്ട്. എന്നാല്‍ ഒരിടത്തും അദ്ദേഹം ദുഃഖത്തിന്റെയോ പശ്ചാത്താപത്തിന്റെയോ ലാഞ്ചന പോലും കാണിയ്‌ക്കുന്നില്ല. ആഹ്ലാദത്തോടെയാണ് ഇതെല്ലാം പറയുന്നത്. ആ പ്രാകൃത പ്രവൃത്തികളെ വര്‍ണ്ണിയ്‌ക്കുമ്പോള്‍, അത്തരം മഹത്വമുള്ള നേട്ടങ്ങള്‍ കൈവരിയ്‌ക്കാന്‍ മുസ്ലീം പടയാളികളെ പ്രാപ്തരാക്കിയതിന് വിട്ടുപോകാതെ അദ്ദേഹം അള്ളാഹുവിന് നന്ദി പ്രകടിപ്പിയ്‌ക്കുകയും മുഹമ്മദിന് മഹത്വം ആശംസിയ്‌ക്കുകയും ചെയ്യുന്നു.
ഷെയ്‌ക്ക് അഹമ്മദ് സിര്‍ഹിന്ദി:
മുജാദിദ് എന്ന് പരക്കെ അറിയപ്പെട്ടിരുന്ന ഷെയ്‌ക്ക് സിര്‍ഹിന്ദിയുടെ ലക്ഷ്യം അക്ബറിന്റെ സ്വാധീനത്തില്‍ നിന്ന് ഇസ്ലാമിനെ ശുദ്ധീകരിയ്‌ക്കുക എന്നതായിരുന്നു. ‘എല്ലാവരോടും സമാധാനം’ എന്ന അക്ബറിന്റെ നയത്തെ മറികടക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. ഹിന്ദുക്കളുടെ മേല്‍ ചുമത്തിയിരുന്ന ജസിയ നികുതി ഇല്ലായ്മ ചെയ്ത അക്ബര്‍ ചക്രവര്‍ത്തിയുടെ ഭരണത്തോട് നീരസം ഉണ്ടായ സിര്‍ഹിന്ദി, ബാഹ്യമായ എല്ലാ സ്വാധീനങ്ങളില്‍ നിന്നും ഇസ്ലാമിനെ മോചിപ്പിയ്‌ക്കാന്‍ അടിയന്തിര ശ്രമങ്ങള്‍ നടത്തി. ശരിയത്ത് നിയമം പിന്തുടരാന്‍ തയ്യാറാവാത്ത ഗുരു നാനാക്കിനേയും സന്ത് കബീറിനേയും പോലുള്ള ഹിന്ദു ഗുരുക്കന്മാരെ അദ്ദേഹം നിന്ദ്യരായി കരുതി. വിശാല മനസ്‌കതയുടെയും എല്ലാവരോടും സമാധാനം എന്ന നയത്തിന്റെയും പേരില്‍ അക്ബറിന്റെ ഭരണത്തെ സിര്‍ഹിന്ദി നിന്ദിച്ചു.
ഹിന്ദുക്കള്‍ക്ക് കൊടുത്ത ആരാധനാ സ്വാതന്ത്ര്യത്തെ ആദ്ദേഹം ശക്തമായി എതിര്‍ത്തു. അക്ബറിന്റെ മരണം (1605) ഇന്ത്യയില്‍ ഇസ്ലാമിന്റെ പരിശുദ്ധി പുന:സ്ഥാപിയ്‌ക്കാനുള്ള പ്രതീക്ഷകള്‍ തിരികെ കൊണ്ടു വരത്തക്ക വിധം അത്രയധികം ഹിന്ദു വിരുദ്ധത അദ്ദേഹത്തില്‍ നിറഞ്ഞു നിന്നിരുന്നു. ഹിന്ദുക്കളോടും ഷിയാകളോടും ഉള്ള വെറുപ്പു മൂലം ജഹംഗീറിന്റെ രാജസദസ്സിലെ അംഗങ്ങള്‍ക്ക് അദ്ദേഹം നിരവധി കത്തുകളെഴുതി. ചക്രവര്‍ത്തിയെ ശരിയത്തിന്റെ പാതയില്‍ നയിയ്‌ക്കാനും, കാഫിറുകളായ ഹിന്ദുക്കളേയും ഷിയാകളേയും ഭരണരംഗത്തു നിന്നും നീക്കാനും നിര്‍ദ്ദേശിച്ചു കൊണ്ടുള്ളതായിരുന്നു ആ കത്തുകള്‍.
ഇസ്ലാമിക ഭരണകൂടത്തില്‍ ഹിന്ദുക്കള്‍ക്ക് എന്തെങ്കിലും മാന്യമായ സ്ഥാനം കിട്ടുന്നതിന് അദ്ദേഹം തീര്‍ത്തും എതിരായിരുന്നു. അക്ബറിന്റെ കാലത്ത് ഹിന്ദുക്കള്‍ അനുഭവിച്ചിരുന്ന മത സ്വാതന്ത്ര്യം എടുത്തു കളയണമെന്ന് സിര്‍ഹിന്ദി ആവശ്യപ്പെട്ടിരുന്നു. ഭരണകാര്യത്തിലുള്ള അദ്ദേഹത്തിന്റെ അമിതമായ ഇടപെടലില്‍ കുപിതനായി ജഹാംഗീര്‍ അദ്ദേഹത്തെ ഗ്വാളിയോറില്‍ തടവിലാക്കിയെങ്കിലും ഒരു വര്‍ഷത്തിനു ശേഷം വിട്ടയയ്‌ക്കുകയാണ് ഉണ്ടായത്. സിര്‍ഹിന്ദിയ്‌ക്ക് ഈ മാതിരി ഭാരത വിരുദ്ധ നിലപാടുകള്‍ ഉണ്ടായിരുന്നിട്ടും മൗലാനാ അബ്ദുള്‍ കലാം ആസാദ് (പില്‍ക്കാലത്ത് ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായ വ്യക്തി) 1919ല്‍ സിര്‍ഹിന്ദിയെ സ്തുതിയ്‌ക്കുകയുണ്ടായി.
ഒരിയ്‌ക്കല്‍ അദ്ദേഹം എഴുതി: ‘ഇസ്ലാമിന്റെ മഹത്വം ഇരിയ്‌ക്കുന്നത് കുഫ്രിനേയും (പാപം) കാഫിറുകളേയും അപമാനിക്കുന്നതിലാണ്. കാഫിറുകളെ ബഹുമാനിയ്‌ക്കുന്നയാള്‍ മുസ്ലീങ്ങളെ അനാദരിയ്‌ക്കുകയാണ് ചെയ്യുന്നത്. നല്ല വേഷം ധരിയ്‌ക്കാനോ അന്തസ്സായി ജീവിയ്‌ക്കാനോ കഴിയാത്ത വിധം കാഫിറുകളെ നിന്ദിയ്‌ക്കലാണ് ജസിയ ചുമത്തുന്നതിന്റെ യഥാര്‍ത്ഥ ഉദ്ദേശം. അവര്‍ എല്ലായ്‌പ്പോഴും ഭീതിയോടെയും വിറയലോടെയും കഴിയണം. അവരെ നിന്ദ്യരായി നിലനിര്‍ത്താനും ഇസ്ലാമിന്റെ മഹത്വവും ശക്തിയും ഉയര്‍ത്തിപ്പിടിയ്‌ക്കുന്നതിനുമാണ് ജസിയ കൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്.’
ഷാ വാലിയുള്ള:
ഇന്ത്യയില്‍ അധിനിവേശം നടത്താന്‍ അഹമ്മദ് ഷാ അബ്ദാലിയെ ക്ഷണിച്ചു വരുത്തിയ ഈ രാജ്യദ്രോഹി നക്ഷ്ബന്ദി വിഭാഗത്തില്‍ പെടുന്ന ഒരു സൂഫിയാണ്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും അവരെ രക്ഷിയ്‌ക്കാനും ദൈവത്താല്‍ അയയ്‌ക്കപ്പെട്ടവനാണ് താനെന്ന് വാലിയുള്ള വിശ്വസിച്ചിരുന്നു. ഇന്ത്യയില്‍ മുസ്ലീം ശക്തിയെ പുനരുജ്ജീവിപ്പിയ്‌ക്കാന്‍ മറാത്തകള്‍ക്കും, സിഖുകാര്‍ക്കും, ജാട്ടുകള്‍ക്കും ശക്തമായ പ്രഹരം ഏല്‍പ്പിയ്‌ക്കാന്‍ അയാള്‍ തീരുമാനിച്ചു. മുസ്ലീം സ്വത്തുക്കള്‍ സൈനികര്‍ കൊള്ളയടിയ്‌ക്കരുതെന്ന് ആവശ്യപ്പെട്ട് നജീബ്ഉദ്ദൗളയ്‌ക്കും, അഹമ്മദ് ഷാ അബ്ദാലിയ്‌ക്കും വാലിയുള്ള കത്തുകളെഴുതി. അഹമ്മദ് ഷാ അബ്ദാലിയ്‌ക്കുള്ള ഒരു കത്തില്‍ സൈന്യത്തിലുള്ള ചില ഹിന്ദുക്കളെ കുറിച്ച് കരുതലെടുക്കാന്‍ മുന്നറിയിപ്പു കൊടുത്തു. അവര്‍ വിശ്വസ്തരാണെന്ന് കാണപ്പെട്ടാലും അബ്ദാലിയുടെ ലക്ഷ്യത്തോട് ആത്മാര്‍ത്ഥതയുള്ളവരല്ല എന്നാണ് വാലിയുള്ള എഴുതിയത്. മുസ്ലീം പട്ടാളക്കാര്‍ക്ക് മുസ്ലീം ഭരണാധികാരികള്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ കഴിയില്ലെന്നും, ദൈവം അത് ശ്രദ്ധിയ്‌ക്കുമെന്നും ഇസ്ലാമിന് ദോഷമുണ്ടാക്കുന്ന അത്തരം പ്രവൃത്തികളെ ദൈവം തടയുമെന്നും വാലിയുള്ള കത്തുകളില്‍ കൂടി ഉപദേശിച്ചു.
ഷാ വാലിയുള്ളയുടെ അഭിപ്രായത്തില്‍, ഈ ഉപഭൂഖണ്ഡം മുസ്ലീങ്ങള്‍ക്കുള്ള ശരിയായ വാസഭൂമിയല്ല. അവര്‍ ഇവിടെ അപരിചിതരാണ്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ അറബ് സംസ്‌ക്കാരവും ഭാഷയും സ്വീകരിയ്‌ക്കണമെന്നും, ഈ ഉപഭൂഖണ്ഡത്തില്‍ നിന്നും പുറത്തു കടക്കാന്‍ ദൈവം അവരെ സഹായിയ്‌ക്കുമെന്നും ഉള്ള ആശയം ഇവിടെ പ്രചരിപ്പിച്ചത് ഇദ്ദേഹമാണ്. ഇന്ത്യയില്‍ ജനിച്ചിട്ടും ഇന്ത്യയെ ആക്രമിയ്‌ക്കാന്‍ ഇന്ത്യാക്കാരല്ലാത്തവരെ ക്ഷണിച്ച ഈ ഇസ്ലാമിക തീവ്രവാദി ഇല്ലായിരുന്നെങ്കില്‍, മൂന്നാം പാനിപ്പത്ത് യുദ്ധം (14 ജനുവരി 1761) തന്നെ ഉണ്ടാകുമായിരുന്നില്ല. ഇന്ത്യയിലെങ്ങും അനുയായികളുള്ള സുന്നി ദിയോബന്ദി ഇസ്ലാമിക സ്‌കൂളിന്റെ പ്രചോദനം ഈ ജിഹാദിയായിരുന്നു എന്നതാണ് ഏറ്റവും ദുഃഖകരവും വിരോധാഭാസവുമായ കാര്യം.
കശ്മീരിലെ സൂഫികള്‍: ബുള്‍ബുള്‍ ഷായും ഷാ മീറും :
രാജാവായ രിഞ്ചൈനെ കാപട്യത്തിലൂടെ മതം മാറ്റിക്കൊണ്ട് വഞ്ചനാപരമായി കാശ്മീരില്‍ ഇസ്ലാമിന്റെ വിത്തുകള്‍ പാകി മുളപ്പിച്ചവരായിരുന്നു ഈ രണ്ടു സൂഫികളും. രിഞ്ചൈന്റെ രാജസഭയില്‍ ബുദ്ധമതവും ഹിന്ദുമതവും തമ്മില്‍ മത്സരവും തര്‍ക്കങ്ങളുമുണ്ടായിരുന്നു. രിഞ്ചൈന് ബുദ്ധമതത്തിലേക്കോ, ഹിന്ദുമതത്തിലേക്കോ, ഇസ്ലാമിലേക്കോ മാറാം എന്ന് അദ്ദേഹത്തെ സമ്മതിപ്പിയ്‌ക്കാന്‍ ഷാ മീറിന് സാധിച്ചു. അടുത്ത ദിവസം രാവിലെ കണ്ടുമുട്ടുന്ന ആദ്യത്തെ ആളിന്റെ മതത്തിലേക്ക് അദ്ദേഹത്തിന് മതം മാറാം എന്ന് ഷാ മിര്‍ നിര്‍ദ്ദേശിച്ചു. അടുത്ത ദിവസം രാവിലെ അവര്‍ കൊട്ടാരം വിട്ടപ്പോള്‍ ആദ്യം കണ്ട വ്യക്തി പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരുന്ന മുസ്ലീം സൂഫി സയ്യദ് ഷറഫുദ്ദീന്‍ ബുള്‍ബുള്‍ ഷാ ആയിരുന്നു. രിഞ്ചൈന്‍ ഇസ്ലാമിലേക്ക് മാറുകയും, സുല്‍ത്താന്‍ സദ്രുദ്ദീന്‍ എന്ന പേര് സ്വീകരിയ്‌ക്കുകയും ചെയ്തു. ഷാ മീര്‍ ബുള്‍ബുള്‍ ഷായുമായി ചേര്‍ന്ന് നേരത്തേ ആവിഷ്‌ക്കരിച്ച പദ്ധതി പ്രകാരമായിരുന്നു രാവിലത്തെ ഈ കൂടിക്കാഴ്ച.
സയ്യദ് ഹംദാനി :
ഇദ്ദേഹം ആദ്യമായി ചെയ്തത് തകര്‍ക്കപ്പെട്ട ഒരു ചെറിയ ക്ഷേത്രത്തിന്റെ സ്ഥാനത്ത് തന്റെ വാസഗൃഹം നിര്‍മ്മിയ്‌ക്കുകയാണ്. കാശ്മീരി മുസ്ലീങ്ങള്‍ അനുവര്‍ത്തിച്ചു വന്നിരുന്ന അനിസ്ലാമിക ആചാരങ്ങള്‍ കണ്ട് ഹംദാനി അസ്വസ്ഥനായി. യാഥാസ്ഥിതിക സമ്പ്രദായങ്ങള്‍ തിരികെ കൊണ്ടു വരാന്‍ അദ്ദേഹം പരിശ്രമിച്ചു. ഭരണത്തിലിരുന്ന സുല്‍ത്താന്‍ കുത്ബ്ദിന്‍ സ്വന്തം വ്യക്തിജീവിതത്തില്‍ യാഥാസ്ഥിതിക ഇസ്ലാമിക സമ്പ്രദായങ്ങള്‍ കൊണ്ടു വരാന്‍ ശ്രമിച്ചുവെങ്കിലും സയ്യിദ് ഹംദാനിയുടെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് ഇസ്ലാം പ്രചരിപ്പിയ്‌ക്കുന്നതില്‍ പരാജയപ്പെട്ടു. അതിന്റെ ഫലമായി ഹംദാനി കശ്മീര്‍ വിട്ടു പോയി. വിഗ്രഹാരാധകരുടെ സംസ്‌ക്കാരത്തിനും ആചാരങ്ങള്‍ക്കും മേല്‍ക്കൈയുള്ള ഒരു നാട്ടില്‍ ജീവിയ്‌ക്കാനുള്ള വിമുഖതയായിരുന്നു അതിന് കാരണം. കശ്മീര്‍ വിട്ടു പോകുന്നതിനു മുമ്പ് അമുസ്ലീങ്ങളുടെ മേല്‍ ഇരുപത് നിയന്ത്രണങ്ങള്‍ ചെലുത്താന്‍ ഹംദാനി അന്നത്തെ സുല്‍ത്താന്‍ കുത്ബ്ദിനോട് ആജ്ഞാപിച്ചു.
പുതിയ ക്ഷേത്രങ്ങള്‍ നിര്‍മ്മിയ്‌ക്കരുത്, പഴയ ക്ഷേത്രങ്ങള്‍ പുതുക്കി പണിയാന്‍ പാടില്ല, മുസ്ലീം പ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മ്മിയ്‌ക്കാന്‍ പാടില്ല, മരിച്ചവരുടെ പേരില്‍ ഉറക്കെ കരയാന്‍ പാടില്ല തുടങ്ങി കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ ഒരു പട്ടികയായിരുന്നു അത്.
അമീര്‍ സയ്യദ് മുഹമ്മദ് ഹംദാനി:
സിക്കന്തറിന്റെ ഭരണകാലത്ത് കാശ്മീരിലേക്ക് വരികയും, അയാളെ സിക്കന്തര്‍ ഭൂത്ശിക്കന്‍ അഥവാ ‘വിഗ്രഹ ഭഞ്ജകന്‍ സിക്കന്തര്‍’ എന്ന വിശേഷണത്തിന് അര്‍ഹനാക്കി മാറ്റുകയും ചെയ്ത സൂഫിയായിരുന്നു മുഹമ്മദ് ഹംദാനി. സിക്കന്തറിന് ഈ പദവി നേടിക്കൊടുത്തത് എണ്ണമറ്റ ബുദ്ധ, ഹിന്ദു ക്ഷേത്രങ്ങളും, ആശ്രമങ്ങളും, വിഹാരങ്ങളും മറ്റ് പുണ്യസങ്കേതങ്ങളും അശുദ്ധമാക്കുകയും, തകര്‍ക്കുകയും ചെയ്ത അയാളുടെ പ്രവൃത്തികളായിരുന്നു. ഹിന്ദുക്കളുടെയും ബുദ്ധന്മാരുടെയും കലാപ്രവര്‍ത്തനങ്ങള്‍ അനിസ്ലാമികവും മതവിരുദ്ധവുമായി പ്രഖ്യാപിച്ച് നൃത്തം, നാടകം, സംഗീതം, ശില്‍പ്പനിര്‍മ്മാണം തുടങ്ങിയവ നിരോധിച്ചു. ഹിന്ദുക്കളെ നെറുകയില്‍ കുങ്കുമം അണിയുന്നതില്‍ നിന്നും തടഞ്ഞു. പ്രാര്‍ത്ഥന നടത്താനോ, ശംഖനാദം മുഴക്കാനോ മണിമുഴക്കാനോ ഹിന്ദുക്കളെ അനുവദിച്ചില്ല. ശിര്‍ക്ക് (പാപം) ഇല്ലാതാക്കാന്‍ എന്ന പേരില്‍ ക്ഷേത്രങ്ങളും കാശ്മീരി ഗ്രന്ഥങ്ങളും ചുട്ടെരിച്ചു. ഹിന്ദുക്കളേയും ബുദ്ധന്മാരേയും ശവശരീരങ്ങള്‍ ദഹിപ്പിയ്‌ക്കുന്നതില്‍ നിന്ന് തടഞ്ഞു. നാല് തോല വെള്ളിയായിരുന്നു ഹിന്ദുക്കളുടെ മേല്‍ ചുമത്തിയിരുന്ന ജസിയ നികുതി. എ കെ മജുംദാര്‍ എഴുതുന്നു, ‘ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ ഇസ്ലാമിനെ ഇന്നുവരെ വേര്‍തിരിച്ചു നിര്‍ത്തിയിരുന്ന മതഭ്രാന്തു നിറഞ്ഞ വിഗ്രഹധ്വംസന ആവേശം ഈ സൂഫി മുസ്ലീം കുടിയേറ്റക്കാര്‍ അവരോടൊപ്പം കഷ്മീരിലേക്കും കൊണ്ടു വന്നു’. അദ്ദേഹം തുടരുന്നു ‘സിക്കന്തറിന്റെ ഭരണകാലം മതഭ്രാന്തിന്റെ തേര്‍വാഴ്ച കൊണ്ട് കശ്മീര്‍ ചരിത്രത്തില്‍ തന്നെ സമാനതകള്‍ ഇല്ലാത്ത ഒന്നായിരുന്നു’
ബംഗാളിലെ സൂഫി ഭീകരത:
ബംഗാളിലെ ഏറ്റവും പ്രമുഖരായ രണ്ടു സൂഫികളെ കുറിച്ചുള്ള അന്വേഷണത്തില്‍ തെളിയുന്ന വസ്തുതകള്‍ താഴെ കൊടുക്കുന്നു. ബംഗാളിനെ മതം മാറ്റുന്നതില്‍ അവര്‍ വഹിച്ച പങ്കുകളും അവ എത്രത്തോളം സമാധാനപരമായിരുന്നു എന്നും ഇതു പറയും. ഷെയ്ഖ് ജലാലുദ്ദീന്‍ തബ്രീസിയും, ഷെയ്‌ക്ക് ഷാ ജലാലുമാണ് ബംഗാളിലെ ഏറ്റവും പ്രമുഖരായ സൂഫികള്‍.
ഹിന്ദു രാജാവായിരുന്ന ലക്ഷ്മണ്‍ സേനയെ പരാജയപ്പെടുത്തി 1205ല്‍ ഭക്ത്യാര്‍ ഖില്‍ജി ബംഗാള്‍ കീഴടക്കിയതിനു പിന്നാലെയാണ് ഷെയ്ഖ് ജലാലുദ്ദീന്‍ തബ്രീസി അവിടേയ്‌ക്കെത്തിയത്. പാണ്ഡുവയ്‌ക്കടുത്തുള്ള ദേവ്താലയില്‍ അദ്ദേഹം താമസമുറപ്പിച്ചു. വലിയ സംഖ്യയില്‍ തബ്രീസി കാഫിറുകളെ മതപരിവര്‍ത്തനം ചെയ്തിട്ടുള്ളതായി പറയപ്പെടുന്നുവെങ്കിലും അതിന് ഉപയോഗിച്ച മാര്‍ഗ്ഗത്തെ പറ്റി അധികം അറിവില്ല. സയ്യെദ് അത്താര്‍ അബ്ബാസ് റിസ്വി പറയുന്നു ‘ഒരു കാഫിര്‍ (ഹിന്ദു അല്ലെങ്കില്‍ ബുദ്ധന്‍) ദേവ്താലയില്‍ ഒരു വലിയ ക്ഷേത്രവും കിണറും പണി കഴിപ്പിച്ചിരുന്നു. ഷെയ്‌ക്ക് ആ ക്ഷേത്രം തകര്‍ത്തിട്ട് അവിടെ ഒരു വാസഗൃഹം പണിതു…’ പ്രമുഖനായ ഈ സൂഫി കാഫിറുകളെ ഇസ്ലാമിലേക്ക് മതം മാറ്റാന്‍ ഉപയോഗിച്ച മാര്‍ഗ്ഗത്തെ പറ്റി ഏകദേശ ധാരണ തരാന്‍ പോന്നതാണ് ഈ വിവരണം.
ബംഗാളിലെ മറ്റൊരു സൂഫിയായ ഷെയ്‌ക്ക് ഷാ ജലാലിന്റെ ആസ്ഥാനം സില്‍ഹെറ്റ് ആയിരുന്നു. ബംഗ്ലാദേശി മുസ്ലീങ്ങള്‍ ഒരു ദേശീയ പുരുഷനായി കണക്കാക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. സമാധാന മാര്‍ഗത്തിലൂടെ ഒരു വലിയ സംഖ്യ ബംഗാളികളെ ഇസ്ലാമിലേക്ക് മതംമാറ്റിയതിന്റെ ക്രെഡിറ്റ് ഷെയ്‌ക്ക് ഷാ ജലാലിനും അനുയായികള്‍ക്കുമായി കല്‍പ്പിച്ചു കൊടുക്കുന്നു.
കിഴക്കന്‍ ബംഗാളിലെ സില്‍ഹെറ്റില്‍ വാസമുറപ്പിയ്‌ക്കാനായി ഷാ ജലാല്‍ വന്നെത്തുമ്പോള്‍ അവിടം ഗൗര്‍ ഗോവിന്ദ എന്ന ഹിന്ദു രാജാവിന്റെ ഭരണത്തിലായിരുന്നു. ബംഗാളിലേയ്‌ക്കുള്ള അദ്ദേഹത്തിന്റെ വരവിന് മുമ്പ് സുല്‍ത്താന്‍ ഷംസുദ്ദീന്‍ ഷാ രണ്ടു തവണ ഗൗര്‍ ഗോവിന്ദയെ ആക്രമിച്ചിരുന്നു. ഈ യുദ്ധങ്ങളില്‍ സുല്‍ത്താന്റെ അനന്തിരവന്‍ സിക്കന്തര്‍ ഖാന്‍ ഘാസിയ്‌ക്കായിരുന്നു നേതൃത്വം. ഈ രണ്ടു തവണയും മുസ്ലീം സൈന്യം പരാജയപ്പെട്ടു. ഗൗര്‍ ഗോവിന്ദയ്‌ക്കെതിരെയുള്ള മൂന്നാം ആക്രമണം സുല്‍ത്താന്റെ സൈന്യാധിപന്‍ നാസിറുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. ഷെയ്ഖ് നിസാമുദ്ദീന്‍ ഔലിയ അദ്ദേഹത്തിന്റെ സമര്‍ത്ഥനായ ശിഷ്യന്‍ ഷാ ജലാലിനെ 360 അനുയായികളോടൊപ്പം ഈ ജിഹാദില്‍ പങ്കെടുക്കാന്‍ അയച്ചു കൊടുത്തു. ഷാ ജലാല്‍ അനുയായികളോടൊപ്പം ബംഗാളില്‍ എത്തി മുസ്ലീം സൈന്യത്തോട് ചേര്‍ന്നു. തുടര്‍ന്ന് നടന്ന ഘോരമായ യുദ്ധത്തില്‍ ഗൗര്‍ ഗോവിന്ദ പരാജയപ്പെട്ടു.
ഒരു പൊതുതത്വം എന്ന നിലയില്‍ മുസ്ലീം പടയോട്ടങ്ങളിലെ ഓരോ വിജയവും നിര്‍ബന്ധിതമായി മതം മാറ്റപ്പെട്ട പതിനായിരങ്ങളോ ചിലപ്പോള്‍ ലക്ഷങ്ങളോ അടിമകളെ മുസ്ലീം പക്ഷത്തേയ്‌ക്ക് കൊണ്ടു വന്നിരുന്നു. ഷാ ജലാല്‍ സില്‍ഹെറ്റില്‍ എത്തിച്ചേര്‍ന്ന ആദ്യ ദിവസം തന്നെ വലിയ സംഖ്യയില്‍ കാഫിറുകളെ വാള്‍ മുനയില്‍ അടിമപ്പെടുത്തി മതം മാറ്റുകയുണ്ടായി. വളരെ സമാധാനപരമായ സൂഫി മാര്‍ഗ്ഗം ! സില്‍ഹെറ്റില്‍ ഷാ ജലാലിനെ സന്ദര്‍ശിച്ച ഇബ്ന്‍ ബത്തൂത്ത, അവിടെയുള്ള കാഫിറുകളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതില്‍ ഈ സൂഫി വഹിച്ച പങ്ക് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതിനുപയോഗിച്ച മാര്‍ഗ്ഗങ്ങളെ കുറിച്ച് വിശദാംശങ്ങള്‍ പറഞ്ഞിട്ടില്ല. ഷാ ജലാല്‍ 700 അനുയായികളോടു കൂടി ഇന്ത്യയിലേക്ക് വന്നതു തന്നെ ജിഹാദില്‍ പങ്കെടുക്കാനായിട്ടാണ് എന്നതാണ് നമ്മള്‍ മറക്കാന്‍ പാടില്ലാത്ത വസ്തുത. അദ്ദേഹം ഗൗര്‍ ഗോവിന്ദയ്‌ക്കെതിരെ രക്ത രൂക്ഷിതമായ ഒരു ജിഹാദ് നടത്തുകയും ചെയ്തു. അതെല്ലാം പരിഗണിയ്‌ക്കുമ്പോള്‍ സില്‍ഹെറ്റിലെ ഹിന്ദുക്കളെ മതം മാറ്റാന്‍ അദ്ദേഹം ഉപയോഗപ്പെടുത്തിയ മാര്‍ഗ്ഗങ്ങള്‍ എന്തായിരിയ്‌ക്കാം എന്നതിനെ പറ്റി ഒരു ധാരണ ലഭിയ്‌ക്കും.
മറ്റൊരു സംഭവത്തില്‍ ബംഗാളിലെ ഒരു ഉന്നതനെ മതം മാറ്റിയതില്‍ സൂഫി നൂര്‍ കുത്തബ്ഇആലം സുപ്രധാനമായ പങ്കു വഹിയ്‌ക്കുകയുണ്ടായി . 1414ല്‍ ഗണേശ എന്നൊരു ഹിന്ദു രാജകുമാരന്‍ മുസ്ലീം ഭരണത്തിനെതിരെ കലാപം ഉയര്‍ത്തുകയും ബംഗാളില്‍ അധികാരം പിടിയ്‌ക്കുകയും ചെയ്തു. ഒരു ഹിന്ദു അധികാരത്തിലേയ്‌ക്ക് ഉയര്‍ന്നത് മുസ്ലീം പുരോഹിതന്മാരുടേയും സൂഫികളുടേയും ഇടയില്‍ വലിയ അസ്വസ്ഥത സൃഷ്ടിച്ചു. അവര്‍ അദ്ദേഹത്തിന്റെ ഭരണത്തെ നിരസിയ്‌ക്കുകയും ബംഗാളിന് പുറത്തുള്ള മുസ്ലീം ഭരണാധികാരികളുടെ സഹായം തേടുകയും ചെയ്തു. അവരുടെ ആവശ്യത്തോട് പ്രതികരിച്ചു കൊണ്ട് ഇബ്രാഹിം ഷാ ശര്‍ക്കി ബംഗാള്‍ ആക്രമിച്ച് ഗണേശയെ പരാജയപ്പെടുത്തി. ഈയവസരത്തില്‍ ബംഗാളിലെ മുന്‍ നിരക്കാരനായ സൂഫി നൂര്‍ കുത്തബ്ഇആലം ഇടപെട്ട് സമാധാന ശ്രമങ്ങള്‍ തുടങ്ങി. സ്വയം സ്ഥാനത്യാഗം ചെയ്യാനും പകരം 12 വയസ്സുള്ള അദ്ദേഹത്തിന്റെ പുത്രന്‍ ജാദുവിനെ ഇസ്ലാമിലേക്ക് മതം മാറ്റി സുല്‍ത്താന്‍ ജലാലുദ്ദീന്‍ മുഹമ്മദ് എന്ന പേരില്‍ ഭരണാധികാരിയാക്കാനും ഗണേശയെ നിര്‍ബന്ധിതനാക്കി. സമാധാനപരം എന്നോ വാള്‍ മുനയില്‍ നടന്നത് എന്നോ വിശേഷിപ്പിച്ചാലും ഒരു സൂഫിയുടെ നേതൃത്വത്തില്‍ നടന്ന ഈ മതം മാറ്റം, ഇസ്ലാമിന് വലിയൊരു വരമായി മാറി. കുട്ടിയായ സുല്‍ത്താനെ പുരോഹിതരും സൂഫികളും ചേര്‍ന്ന് ഇസ്ലാമില്‍ പരിശീലിപ്പിച്ച് അത്യന്തം ഭീകരമായ അക്രമങ്ങളിലൂടെ അവിശ്വാസികളെ ഇസ്ലാമിലേക്ക് മാറ്റുന്ന മതപരിവര്‍ത്തകനാക്കി വളര്‍ത്തിയെടുത്തു. ജലാലുദ്ദീന്‍ മുഹമ്മദിന്റെ വാഴ്ചക്കാലത്ത് (1414 – 31) മതം മാറ്റങ്ങളുടെ ഒരു തരംഗം തന്നെ അവിടെയുണ്ടായി എന്ന് കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ഇന്ത്യ പറയുന്നു.
ബംഗാളിലെ ഹിന്ദുക്കളെ ഇസ്ലാമിലേക്ക് മതം മാറ്റുന്നതില്‍ ജലാലുദ്ദീന്‍ വഹിച്ച സുപ്രധാനമായ പങ്കിനെ കുറിച്ച് ഡോ ജെയിംസ് വൈസ് ഏഷ്യാറ്റിക് സൊസൈറ്റി ഓഫ് ബംഗാളിന്റെ ജേര്‍ണലില്‍ (1894) എഴുതിയത് ‘അയാള്‍ മുന്നോട്ടു വച്ച ഒരേയൊരു വ്യവസ്ഥ ഖുറാന്‍ അല്ലെങ്കില്‍ മരണം എന്നതായിരുന്നു… നിരവധി ഹിന്ദുക്കള്‍ കാമരൂപിലേക്കും, ആസാമിലെ വനങ്ങളിലേക്കും ഓടി രക്ഷപ്പെട്ടു. എന്നാല്‍ അടുത്ത മുന്നൂറു വര്‍ഷങ്ങള്‍ കൊണ്ട് ഇസ്ലാമിലേക്ക് ചേര്‍ക്കപ്പെട്ടവരെക്കാള്‍ കൂടുതല്‍ മുഹമ്മദന്മാര്‍ ഈ പതിനേഴു വര്‍ഷങ്ങള്‍ കൊണ്ട് ഇസ്ലാമിലേക്ക് ചേര്‍ക്കപ്പെട്ടിരിയ്‌ക്കാന്‍ സാദ്ധ്യതയുണ്ട്’.
സൂഫികളും വഞ്ചിതരാവുന്ന ഹിന്ദുക്കളും
നാടുവിട്ടുള്ള ജീവിതവും, വേഷവിധാനങ്ങളും, ഹിന്ദു പദാവലിയുടെ ഉപയോഗവും, തങ്ങളെ സ്വയം അവതരിപ്പിയ്‌ക്കുന്ന രീതികളും എല്ലാം കൊണ്ട് ഇന്ത്യയില്‍ നിഷ്‌ക്കളങ്കരായ ഹിന്ദുക്കളുടെ ഇടയില്‍ പൊതുവേ വലിയ സ്വീകാര്യതയാണ് സൂഫികള്‍ നേടിയെടുത്തത്. അവര്‍ തങ്ങളുടെ സമ്പ്രദായത്തെ ആകര്‍ഷകമാക്കാന്‍ വേണ്ടി പലപ്പോഴും ഹിന്ദു രീതികളുമായി പൊരുത്തപ്പെടുകയോ അവ സ്വീകരിയ്‌ക്കുകയോ പോലും ചെയ്തു. സൂഫികള്‍ അഥര്‍വ്വ വേദം പിന്തുടരുന്നവരാണ് എന്നുപോലും പ്രചരിപ്പിക്കപ്പെട്ടു. പതിന്നാലാം നൂറ്റാണ്ടില്‍ മദ്ധ്യേഷ്യയില്‍ നിന്നും ഇറാനില്‍ നിന്നും സൂഫി സമ്പ്രദായങ്ങള്‍ അവതരിപ്പിക്കപ്പെട്ടപ്പോള്‍ മുതല്‍ കാശ്മീരില്‍ ആരംഭിച്ച ഇസ്ലാമികവല്‍ക്കരണത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു അവരുടെ ‘ഋഷി പ്രസ്ഥാനം’. പെട്ടെന്ന് സാംസ്‌കാരികമായി മാറ്റം വരുത്താതെ ഹിന്ദുക്കളെ മതം മാറ്റുന്നതിന് അവര്‍ പൊതുവേ തങ്ങളുടെ ആത്മീയ സ്വാധീനം ഉപയോഗിച്ചു. അതായത് ബാഹ്യമായി അവര്‍ ഹിന്ദുക്കളായിരിയ്‌ക്കും എന്നാല്‍ എല്ലാ ഹിന്ദു ആചാരങ്ങളും പിന്തുടരുന്ന അവര്‍ ഉള്ളില്‍ മുസ്ലീങ്ങളായിരിയ്‌ക്കും. (വ്യാജ മുസ്ലീങ്ങള്‍). താഴെ കൊടുക്കുന്ന പദങ്ങള്‍ ലോകമെങ്ങുമുള്ള സൂഫികളുടെ ഇടയില്‍ പൊതുവായി ഉള്ളതാണ്. മിയ്‌ക്കവാറും അവ ഹിന്ദുക്കളില്‍ നിന്ന് സൂഫികള്‍ കടം കൊണ്ടവയായിരിയ്‌ക്കണം. ഹിന്ദു ആശയങ്ങളുമായുള്ള തങ്ങളുടെ സമാനതകളെ എടുത്തു കാണിയ്‌ക്കാനാണ് ഇവ ഉപയോഗിയ്‌ക്കപ്പെടുന്നത്.
‘ഫിക്ക്ര്’ ധ്യാനം ‘സിക്ക്ര്’ സ്മരണം അല്ലെങ്കില്‍ ജപം ‘വോറല്‍ സിക്ക്ര്’ ഭജനം ‘വിര്ദ്’ മനനം ‘ശുഹുദ്’ ധ്യാനത്തിന്റെ അന്തിമഘട്ടം ‘തസ്ബിഹ്’ മാല
താഴെ കൊടുക്കുന്നവ ആത്മീയ പുരോഗതി സൂചിപ്പിയ്‌ക്കാന്‍ ഹിന്ദുക്കള്‍ ഉപയോഗിയ്‌ക്കുന്ന പദങ്ങള്‍ക്ക് തുല്യമായ സൂഫി പദങ്ങളാണ്.
‘തലാബ്’ | ദൈവത്തിനായുള്ള കേഴല്‍ |
‘ഇഷ്‌ക്’ | ആത്മീയ നേട്ടത്തെകുറിച്ചുള്ള അഭിവാഞ്ച |
‘മര്ഫത്’ | സാക്ഷാത്ക്കാരത്തിനു ശേഷമുള്ള ജ്ഞാനോദയം |
‘ഫന’ | കീഴടങ്ങല്‍ |
‘തൗഹിദ്’ | എല്ലാറ്റിലും അല്ലാഹുവിനെ അനുഭവിയ്‌ക്കല്‍ |
‘ഹൈരത്’ | ദിവ്യതയെ കണ്ടെത്തുമ്പോള്‍ ഉണ്ടാകുന്ന ഉന്മാദം |
‘ഫുക്ര്! വാ ഫന’ | മോക്ഷം അഥവാ നിര്‍വ്വാണം |
ആത്യന്തിക ശക്തിയെ നേരിട്ട് അനുഭവിയ്‌ക്കാനുള്ള ആത്മാവിന്റെ ചിരന്തനമായ ദാഹത്തിന് ശമനം തേടുന്ന മതരഹിതമായ പരിശ്രമം എന്നാണ് ഇന്ത്യയില്‍ പൊതുവേ സൂഫിസം വീക്ഷിയ്‌ക്കപ്പെടുന്നത്. നൂറ്റാണ്ടുകളായി നിഷ്‌ക്കളങ്കരായ ഹിന്ദുക്കള്‍ സൂഫി ആരാധനാകേന്ദ്രങ്ങളെ സമുദായ സൗഹാര്‍ദ്ദത്തിന്റെ കേന്ദ്രങ്ങള്‍ ആയിട്ടാണ് സ്വീകരിച്ചിരിയ്‌ക്കുന്നത്. വലിയൊരു വിഭാഗം ഹിന്ദുക്കള്‍ യാതൊരു മടിയും കൂടാതെ സൂഫി ആരാധനാകേന്ദ്രങ്ങളില്‍ പ്രാര്‍ത്ഥനകള്‍ അര്‍പ്പിയ്‌ക്കാറുണ്ട്. എന്നാല്‍ ഈ വിശാലതയുടെ മനോഭാവം ഒരിയ്‌ക്കലും മുസ്ലീങ്ങളില്‍ നിന്നും തിരികെ ലഭിച്ചിട്ടില്ല. പൊതുവേ വീക്ഷിയ്‌ക്കപ്പെടുന്നതു പോലെ ഹിന്ദു പാരമ്പര്യത്തോട് പൊരുത്തപ്പെടാനുള്ള ഇസ്ലാമിന്റെ ശ്രമം ആയിരുന്നു സൂഫിസം എങ്കില്‍ ഇസ്ലാമിക ജിഹാദും വിഘടനവാദവും ഇന്ത്യയില്‍ ഉണ്ടാകുമായിരുന്നില്ല. ഹിന്ദുമുസ്ലീം അത്മീയതകളെ ഒരുമിപ്പിയ്‌ക്കാനാണ് സൂഫിസം ശ്രമിയ്‌ക്കുന്നത് എന്ന പൊതു ധാരണയ്‌ക്ക് വിപരീതമായി സൂഫി പശ്ചാത്തലമുള്ള രാഷ്‌ട്രീയ ഇസ്ലാമിസ്റ്റുകള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ വിഘടനവാദത്തിന് ആക്കം കൂട്ടുകയാണ് ഉണ്ടായത്. അവരുടെ പ്രസ്ഥാനങ്ങള്‍ എല്ലാം സൂഫി ഇസ്ലാമിക പാരമ്പര്യത്തിന്റെ ഉപോല്‍പ്പന്നങ്ങളായിരുന്നു. അവയെല്ലാം ഇന്ത്യയിലെ ഇസ്ലാമിന്റെ രാഷ്‌ട്രീയ അധികാരത്തിന് അനുകൂലവുമായിരുന്നു. വാലിയുള്ള പ്രചരിപ്പിച്ച ആശയങ്ങള്‍ ഒടുവില്‍ 1947ല്‍ രാജ്യത്തെ കീറിമുറിയ്‌ക്കുന്നതില്‍ എത്തിച്ചു.
സൂഫികള്‍ അത്മീയാന്വേഷകരും ഹിന്ദു സന്യാസിമാര്‍ക്കും സാധകര്‍ക്കും തുല്യരുമാണ് എന്ന് വിശ്വസിയ്‌ക്കുന്ന നിലയിലേക്ക് ഈ രാജ്യത്തെ ഹിന്ദുക്കള്‍ വഴിതെറ്റിയ്‌ക്കപ്പെടുകയായിരുന്നു. ധിമ്മികളായ ഇന്ത്യന്‍ രാഷ്‌ട്രീയക്കാരും, അജ്ഞരായ ബോളിവുഡ് അഭിനേതാക്കളും, അശ്രദ്ധരായ ക്രിക്കറ്റ് താരങ്ങളും, മതേതര വേഷം കെട്ടുന്ന മാദ്ധ്യമങ്ങളും എല്ലാം ചേര്‍ന്ന് ഹിന്ദുക്കളുടെ മുന്നില്‍ ഈ കാട്ടാളന്മാരെ മഹാത്മാക്കളാക്കി അവതരിപ്പിയ്‌ക്കുകയായിരുന്നു. ആത്മനിന്ദ ചെയ്യുന്ന ദുര്‍ബല മനസ്‌ക്കരായ ധിമ്മി ഹിന്ദുക്കള്‍ എല്ലായ്‌പ്പോഴും ക്രിസ്തുമസ്സ് നേരത്തേ എത്തിച്ചേരാന്‍ വോട്ടു ചെയ്യുന്ന ടര്‍ക്കി കോഴികളെ പോലെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: