പട് ന: ഇന്ത്യയെ വിഭജിക്കാനുള്ള 2047ലെ ഗൂഢപദ്ധതി പൊളിച്ചടുക്കിയതിന് പിന്നാലെ ഭീതി വിതയ്ക്കുന്ന മതമൗലിക സംഘമായ ഗസ് വ ഇ ഹിന്ദിനെയും ബീഹാര്‍ പൊലീസ് പിടികൂടി. ഈ സംഘത്തിലെ പ്രധാനിയായ അഹമ്മദ് ഡാനിഷ് അഥവാ താഹിര്‍ എന്നയാളെയാണ് പട് നയിലെ ഫുല്‍വാരി ഷരീഫില്‍ നിന്നും പിടികൂടിയത്.
“2006 മുതല്‍ 2020 വരെ ദുബായില്‍ ജോലി ചെയ്തിരുന്ന വ്യക്തിയാണ് താഹിര്‍. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും രണ്ട് വാട്സാപ് ഗ്രൂപ്പുകള്‍ കണ്ടെത്തി. ആദ്യ വാട്സാപ് ഗ്രൂപ്പില്‍ 181 പേര് ഉണ്ടായിരുന്നു. പാകിസ്ഥാനിലെ ഒരു ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് ഈ ഗ്രൂപ്പ് ഉണ്ടാക്കിയിരിക്കുന്നത്. താഹിര്‍ ആണ് ഗ്രൂപ്പിന്റെ അഡ്മിന്. പാകിസ്ഥാന്, ഇന്ത്യ, യെമന്‍, ഗള്‍ഫ് രാഷ്ട്രങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഗ്രൂപ്പില്‍ അംഗങ്ങളാണ്. ജൂണില്‍ പാകിസ്ഥാനിലെ ഫോണ്‍ നമ്പറുള്ള നാല് പേര് ചേര്‍ന്നു.” – പട് ന സീനിയര്‍ പൊലീസ് സൂപ്രണ്ട് മാനവ് ജിത് സിങ്ങ് ദില്ലന് പറഞ്ഞു.
കശ്മീരിലെ തീവ്രവാദത്തെ പിന്തുണയ്ക്കണമെന്നതുള്പ്പെടെ ഒട്ടേറെ ഇന്ത്യാ വിരുദ്ധ വീഡിയോകളും പോസ്റ്റുകളും വാട്സാപ് ഗ്രൂപ്പില്‍ ഉണ്ട്. “രണ്ടാമത്തെ ഗ്രൂപ്പ് ജനവരിയില്‍ ഉണ്ടാക്കിയതാണ്. ഇതില്‍ എട്ട് പേര് ബംഗ്ലാദേശില്‍ നിന്നും ഒരാള്‍ പാകിസ്ഥാനില്‍ നിന്നും മറ്റൊരാള്‍ താഹിര്‍ തന്നെയുമാണ്. ബംഗ്ലാദേശ് മുസ്ലിമുകളെ ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കാന്‍ ഗ്രൂപ്പില്‍ പ്രേരിപ്പിക്കുന്നു,”- പൊലീസ് പറഞ്ഞു.
രണ്ട് ഗ്രൂപ്പിലെയും പ്രൊഫൈല്‍ ചിത്രം ഒന്ന് തന്നെ. അഖണ്ഡ ഭാരതത്തിന് കുറുകെ പാകിസ്ഥാന് പതാകകള്‍- ഇതാണ് ചിത്രം. 2023ല്‍ ഇന്ത്യയില്‍ നേരിട്ടുള്ള ജിഹാദ് നടത്താനുള്ള ആഹ്വാനവും വാട്സാപ് ഗ്രൂപ്പുകളില്‍ ഉണ്ട്.
ഈ ഗ്രൂപ്പുകള്‍ക്ക് ഫണ്ടിംഗ് ലഭിയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രത്യേക സംഘത്തെ പൊലീസ് നിയോഗിച്ചു. പൂര്‍ണ്ണമായും ഇന്ത്യ വിരുദ്ധ ആശയങ്ങളാല്‍ മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട അംഗങ്ങളാണ് ഇതിലെന്ന് പൊലീസ് പറഞ്ഞു. ഗ്രൂപ്പിലെ മറ്റംഗങ്ങളെ അറസ്റ്റ് ചെയ്യാനുള്ള തിരച്ചിലിലാണ് പൊലീസ്. കഴിഞ്ഞ ദിവസം 2047ല്‍ ഇന്ത്യയെ വിഭജിക്കാനുള്ള പദ്ധതി പൊലീസ് കണ്ടെത്തിയത് വന്‍വിവാദമായിരുന്നു. ഇന്ത്യയ്ക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്ന അഞ്ച് പേരെയാണ് ബീഹാര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: