ഒട്ടാവ: എയര്‍ ഇന്ത്യ വിമാനത്തില്‍ ബോംബ് വച്ച് 329 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബ്രിട്ടീഷ് കൊളംബിയയില്‍ വെടിയേറ്റ് മരിച്ചതായി കനേഡിയന്‍ മാധ്യമങ്ങള്‍ അറിയിച്ചു. കോടതി വെറുതെ വിട്ട റിപുദാമന്‍ സിംഗ് മാലിക് വാന്‍കൂവറിന്റെ പ്രാന്തപ്രദേശത്തെ സറെയില്‍ കാറില്‍ ഇരിക്കുമ്പോഴാണ് വെടിയേറ്റത്. മാലിക്കിന്റെ പശ്ചാത്തലം അറിയാമെന്നും കൊലയാളിയുടെ പ്രേരണ എന്താണെന്നു അന്വേഷിക്കുന്നുണ്ടെന്നും കനേഡിയന്‍ പോലീസ് പറഞ്ഞു.
1985ല്‍ എയര്‍ ഇന്ത്യയുടെ ബോയിങ് 182 കനിഷ്ക വിമാനം അയര്‍ലന്‍ഡിനു സമീപം അറ്റ്ലാന്റിക്കിനു മീതെ പറക്കുമ്പോഴാണ് ബോംബ് പൊട്ടിയത്. ലഗേജ് ഏരിയയിലാണ് ബോംബുകള്‍ വച്ചിരുന്നത്. രണ്ടാമതൊരു വിമാനത്തില്‍ വച്ച ബോംബ് ടോക്യോ നരിത വിമാനത്താവളത്തില്‍ വച്ചാണ് പൊട്ടിയത്. അതില്‍ രണ്ടു ജീവനക്കാര്‍ കൊല്ലപ്പെട്ടു.
അന്ന് കനേഡിയന്‍ നീതിന്യായ സംവിധാനത്തിനു കുറ്റവാളികളെ ശിക്ഷിക്കാന്‍ കഴിഞ്ഞില്ല. ബോംബുണ്ടാക്കിയ ഇന്ദര്‍ജിത് സിങ് റെയാത് എന്നയാളെ മാത്രം കുറ്റക്കാരനായി കോടതി കണ്ടു. അയാള്‍ക്ക് ഒന്‍പത് വര്‍ഷം തടവ് ശിക്ഷയും നല്കി. 2016ല്‍ പ്രതി പുറത്തിറങ്ങി. മാലിക്കിനെയും ബാബര്‍ ഖല്‍സ തീവ്രവാദി അജൈബ് സിംഗ് ബദ്രിയെയും ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി വെറുതെ വിട്ടു.
മൂന്ന് തവണ മാലികിന്റെ കഴുത്തിന് നേരെ വെടിയുതിര്‍ത്തുവെന്നാണ് പോലീസ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച രാവിലെ പ്രാദേശിക സമയം ഒമ്പതരയോടെയാണ് വെടിവെപ്പ് ഉണ്ടായത്. റിപുദാമന്‍ സിങ്ങിനെ ലക്ഷ്യമിട്ട് നടന്ന വെടിവെപ്പാണിതെന്നും പോലീസ് അറിയിച്ചു. മാലിക് കൊല്ലപ്പെട്ടതിന് സമീപം ഒരു കാര്‍ കത്തിക്കരിഞ്ഞ കിടപ്പുണ്ടായിരുന്നു. അത് കൊലയാളികള്‍ വന്ന കാറാണെന്നു പോലീസ് സംശയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: