തൃശൂര്‍: ശക്തമായ മഴക്കൊപ്പം ജില്ലയില്‍ വിവിധയിടങ്ങളില്‍ ചുഴലിക്കാറ്റ്. വീശിയടിച്ച ചുഴലിക്കാറ്റില്‍ ഊരകം, ചേര്‍പ്പ്, ചേനം മേഖലകളില്‍ വ്യാപക നാശ നഷ്ടമുണ്ടായി. അവിണിശേരി അടിപ്പാത റോഡില്‍ കൂറ്റന്‍ വാകമരം കടപുഴകി വീടിനും സമീപത്തുണ്ടായിരുന്ന മരമില്ലിനും കേട്പാട് സംഭവിച്ചു. ചേര്‍പ്പ്, ഊരകം, ആലപ്പാട് ഭാഗത്ത് ശക്തമായ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായി. പത്താരത്ത് യശോദയുടെ വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകര്‍ന്നു വീണു. ഇവര്‍ ബന്ധുവീട്ടിലേക്ക് മാറി.
പത്താരത്ത് അനീഷ് ബാബു, പനമുക്കത്ത് പ്രദീപ്, വെളുത്തുപറമ്പില്‍ ബാലതിലകന്‍, കുന്നത്ത് ഷാജിലാല്‍ എന്നിവരുടെ വീടിന്റെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. പോട്ടയില്‍ ദീപയുടെ വീടിന്റെ മുന്‍ഭാഗത്തെ ട്രസ്സ് കാറ്റില്‍ പറന്നു പോയി. മാളൂര്‍ ഉണ്ണികൃഷ്ണന്, ഷാജി കുന്നമ്പത്ത്, പത്താരത്ത് ശാന്ത, എന്നിവരുടെ വീട്ടുപറമ്പിലെ മരങ്ങള്‍ കടപുഴകുകയും കൊമ്പുകള്‍ ഒടിഞ്ഞു വീഴുകയും ചെയ്തു. ആളപായമില്ല.
തൃപ്രയാര്‍ ഇടശേരി ബീച്ച് റോഡില്‍ തെങ്ങ് വീണ് അഞ്ച് വൈദ്യുതി തൂണുകള്‍ ഒടിഞ്ഞു വീണു. ആലപ്പാട് പുറത്തൂര്‍ മേഖലകളില്‍ നിരവധി വീടുകളുടെ ഓടുകളും ഷീറ്റുകളും പറന്നു പോയി. നിരവധി മരങ്ങളും കടപുഴകി വീണ് വീടുകള്‍ക്ക് നാശമുണ്ടായി. ഭൂമി വിണ്ടു കീറി. മേഖലയില്‍ വൈദ്യുതി വിതരണവും തകരാറിലായി. ചാവക്കാട് കടപ്പുറത്ത് കാറിന് മുകളില്‍ മരം വീണ് തകര്‍ന്നു. നായാട്ടുകുണ്ടില്‍ കാറ്റില്‍ മരം വീണ് രണ്ട് വീടുകള്‍ തകര്‍ന്നു.
നാശനഷ്ടത്തിന്റെ വിശദാംശങ്ങള്‍ വില്ലേജ് ഓഫീസര്‍മാര്‍ പരിശോധിച്ചു വരുന്നു. ആളപായമോ പരിക്കോ ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: