അഡ്വ. ആര്.പത്മകുമാര്‍
നൂപുരശര്മക്കെതിരെ പ്രവാചകനിന്ദയുടെ പേരില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഒരുചാനലിലെ സംവാദത്തില്‍ നൂപുര്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് പിന്നീട് വിവാദമാക്കപ്പെട്ടത്. തീവ്രഇസ്ലാമിസ്റ്റായ സഹപാനലിസ്റ്റ്, ശിവബിംബത്തെ മോശമായി അവതരിപ്പിക്കുകയും ആക്ഷേപിക്കുകയും ചെയ്യുകയുണ്ടായി. ഇതിനു മറുപടിയായിട്ടാണ് ഇസ്ലാം പ്രമാണങ്ങളെ ആശ്രയിച്ചുകൊണ്ട് അവര്‍ മറുപടി നല്‍കിയത്. ഈ ചര്‍ച്ച മുഴുവനായി കേട്ട വിവിധമതസ്ഥര്ക്ക് യാതൊരു പ്രശ്നവുമുണ്ടായില്ല. എന്നാല്‍ ഏതാനും ദിവസത്തിനുശേഷം, നൂപുറിന്റെ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ചിലയാളുകള്‍ ബോധപൂര്‍വ്വം സോഷ്യല്‍ മീഡിയായില്‍ പ്രചരിപ്പിച്ചു. ഇത് പ്രകോപനത്തിനും കലാപത്തിനും വഴിവയ്ക്കുകയായിരുന്നു. നൂപുറിനു അനുകൂലമായും എതിരായും സോഷ്യല്‍ മീഡിയ സജീവമായി. ഉദയപൂരില്‍ പാവപ്പെട്ട ഒരു തയ്യല്‍ക്കാരനെ പട്ടാപ്പകല്‍ കഴുത്തറുത്തുകൊന്നു. അമരാവതിയില്‍ മെഡിക്കല്ഷോപ്പുടമയും, തീവ്രമതാന്ധതയുടെ കൊലക്കത്തിക്കിരയാക്കപ്പെട്ടു. നൂപുര്‍ ശര്‍മയെ എതിര്‍ത്തവര്‍ക്ക് യാതൊരു പോറലുപോലും ഉണ്ടായിട്ടില്ലായെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
നൂപുര്‍ ശര്മയ്െക്കതിരെ വധഭീഷണിയും കൊലവിളിയും സംഘടിതമായി ഉണ്ടായി. അവരുടെ കണ്ണ് ചൂഴ്ന്നെടുക്കുന്നവര്ക്കും, നാക്ക് മുറിച്ചെടുക്കുന്നവര്ക്കും പാരിതോഷികങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു. ഒരു വനിതയെന്ന പരിഗണനപോലും അവര്‍ക്ക് നല്‍കുന്നതിന് അക്രമികള്‍ തയാറായില്ല. അഭിപ്രായ സ്വാതന്ത്ര്യം സ്വതന്ത്രമായി വിനിയോഗിച്ചതിനാണവര് ഇത്തരത്തില്‍ അക്രമത്തിനിരയാ ക്കപ്പെട്ടത്. അരഡസനിലേറെ സംസ്ഥാനങ്ങളില്‍ പ്രവാചക നിന്ദയുടെ പേരില്‍ തനിക്കെതിരെ നിലവിലുള്ള കേസുകള്‍, ഒരുമിച്ച് ഡല്‍ഹിയില്‍ അന്വേഷിക്കുന്നതിന് നൂപുര്‍ ശര്‍മ്മ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. ഈ ആവശ്യം തികച്ചും ഭരണഘടനാനുസൃതമാണ്. ഒരാളെ, ഒരേകുറ്റത്തിന് രണ്ടുവിചാരണയ്ക്കോ ശിക്ഷക്കോ വിധേയമാക്കുന്നത് നമ്മുടെ ഭരണഘടന വിലക്കുന്നു. (ആര്‍ട്ടിക്കിള്‍ 20(2). ഒരേകുറ്റത്തിന് രണ്ട് എഫ്ഐആര്‍ പാടില്ലായെന്ന് സുപ്രീംകോടതി നിരവധി കേസുകളില്‍ വിധിച്ചിട്ടുള്ളതുമാണല്ലോ. ഒടുവില്‍ അര്‍ണാബ് ഗോസ്വാമി കേസിലും, ഇതാവര്‍ത്തിച്ചിരുന്നു. സൂപ്രീംകോടതിക്കല്ലാതെ, ഹൈക്കോടതി കള്‍ക്ക് ഇതിനധികാരമില്ലാത്തതുമാകുന്നു.
കേസുകള്‍ ഒരുമിച്ച് അന്വേഷിക്കണമെന്നല്ലാതെ, അവ റദ്ദാക്കണമെന്നവര് ആവശ്യപ്പെട്ടിരുന്നില്ല. അന്വേഷണം തടയാനും ഉദ്ദേശിച്ചിരുന്നില്ല. പക്ഷേ കേസ് പരിഗണിച്ച ജഡ്ജിമാരായ സൂര്യകാന്ത്, ജെ.ബി പര്‍ദവാല എന്നിവര്‍ കോപിഷ്ഠരായി. രാജ്യത്തു നടന്ന എല്ലാ കലാപങ്ങള്‍ക്കും ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്ന് ജഡ്ജിമാര്‍ വിളിച്ചു പറഞ്ഞു. പറഞ്ഞത് സൂപ്രീംകോടതി ജഡ്ജിമാരായതിനാലാണ് ഇന്ത്യയിലും വിദേശങ്ങളിലും ഇത് മുഴങ്ങി കേട്ടത്. ഉദയപൂരിലെ നരാധമന്മാര് പോലും ജഡ്ജിമാരുടെ ഉദ്ഘോഷണത്തിലൂടെ വിശുദ്ധരാക്കപ്പെട്ടു. നൂപുറിനെ അറസ്റ്റ് ചെയ്യാത്തതിന് പോലീസിനെ കുറ്റപ്പെടുത്താനും ജഡ്ജിമാര്‍ തയ്യാറായി.
നമ്മുടെ നീതിനിര്‍വ്വഹണ സംവിധാനത്തിന്റെ പരമോന്നത സ്ഥാനീയരായ ജഡ്ജിമാരുടെ വികാരപ്രകടനം ചിന്തിക്കുന്നവരെയാകെ ഞെട്ടിപ്പിച്ചു. ജഡ്ജിമാര്‍ പുലര്‍ത്തേണ്ട അച്ചടക്കം വലിച്ചെറിയപ്പെടുകയായിരുന്നു. കേസിന്റെ പ്രഥമവിവരം പോലും, പരിഗണിക്കാതെ ആരോപണവിധേയയെ കുറ്റവാളിയാക്കാന്‍ കഴിയുമോ ? നമ്മുടെ ക്രിമിനല്‍ നീതി ശാസ്ത്രം, തെളിയിക്കപ്പെടുന്നതു വരെയും, പ്രതിയെ, നിരപരാധിയായി കരുതുന്നു. പരിഷ്കൃതരാജ്യങ്ങളുടെ മുഖമുദ്രയാണിത്. നൂപുറിനുവേണ്ടി ഹാജരായ വക്കീലിനെ, ജഡ്ജിമാര്‍ സമ്മര്‍ദ്ദത്തിലാക്കി ഹര്‍ജി പിന്‍വലിപ്പിക്കുകയും ചെയ്തു. ഹൈക്കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശിക്കുക പോലുമുണ്ടായി. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള കേസുകളെ സംബന്ധിച്ച് സൂപ്രീംകോടതിക്കു മാത്രമാണ് അധികാരമുള്ളത്. ഹൈക്കോടതികള്ക്കല്ല. സാമാന്യവസ്തുതകള്‍ പോലും നിരാകരിച്ചുകൊണ്ടുള്ള പ്രസ്താവന നടത്തുന്നതെന്തിനെന്നത് ദുരൂഹമായിരിക്കുന്നു.
നിയമവാഴ്ചയോട് പ്രാഥമികമായ മര്യാദ പുലര്‍ത്തുന്നതിന് ജഡ്ജിമാര്‍ പരാജയപ്പെടുകയായിരുന്നു. കേസിലെ മെറിറ്റിനു പുറത്തേക്ക് ന്യായാധിപര്‍ പോവുന്ന പതിവില്ല. അത്തരം നടപടികള്‍ ജുഡീഷ്യല്‍ പ്രീസിഡന്റിന് വിരുദ്ധവുമാണ്. വിചാരണ കൂടാതെ ആരെയും കുറ്റവാളിയായി പ്രഖ്യാപിക്കാന്‍ ഒരു കോടതിക്കും അധികാരമില്ല. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ പ്രഖ്യാപനം, വിചാരണയ്ക്കുള്ള അവകാശം സുപ്രധാനമായി കരുതുന്നു. സുപ്രീംകോടതിയിലെ ജഡ്ജിയയാണെന്നു കരുതി നിയമവിരുദ്ധമായ അധികാരമൊന്നുമില്ലല്ലോ. സുപ്രീംകോടതിയാകുമ്പോള് അതിന്റെ കാഠിന്യം പരമാവധിയാണ്. അതിനു മുകളില്‍ കോടതികളില്ല. അന്തിമസ്ഥാനത്തുള്ള കോടതിയാണല്ലോ സുപ്രീംകോടതി. ഹര്‍ജി പരിഗണിക്കാതെ പിന്‍വലിപ്പിക്കുകയാണ് ഈ ജഡ്ജിമാര്‍ ചെയ്തത്. ജഡ്ജിമാര്‍ വാക്കാല്‍ നടത്തിയ പ്രയോഗങ്ങള്‍ മാരകമായ ഭവിഷ്യത്താണ് സൃഷ്ടിച്ചത്. അതെങ്ങനെ മായിച്ചുകളയും. എഴുതപ്പെട്ട വിധി പ്രസ്താവനയില്‍ ഹര്ജിപിന്വലിച്ചതിനാല് തള്ളിഉത്തരവാകുന്നുവെന്നു മാത്രമാണ് പറഞ്ഞിട്ടുള്ളത്.
ഒരുവനിത നേരിട്ട നീതിനിഷേധമെന്നതിലുപരി, ഈ സംഭവം രാജ്യത്തെ നീതിന്യായസംവിധാനത്തെ ആഴത്തില്‍ മുറിവേല്പിച്ചു. നിരപരാധിയാണെന്ന് വിചാരണയില്‍ കണ്ടാലും, പ്രതിയെ ശിക്ഷിക്കേണ്ട സാഹചര്യം ഇതുമൂലം സൃഷ്ടിക്കപ്പെടുകയായിരുന്നു. കേസിന്റെ മെറിറ്റിനെക്കുറിച്ച് പറയത്തക്ക ഒരു സാഹചര്യവും നൂപുറിന്റെ ഹര്ജിയിലുണ്ടായി രുന്നില്ല. അവര്‍ കേസുകള്‍ ഒരുമിച്ച് ഡല്‍ഹിയില്‍ അന്വേഷിക്കുവാന്‍ മാത്രമാണാവശ്യപ്പെട്ടിരുന്നത്. ഇവിടെയാണ്, ജഡ്ജിമാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതായി പറയാന്‍ കഴിയുന്നത്. തങ്ങളുടെ ഉപബോധമനസ്സിലുള്ള രാഷ്ട്രീയവും സാമൂഹികവുമായ താല്പര്യങ്ങളാണവര് പ്രകടിപ്പിച്ചത്. ജഡ്ജിമാര്‍ ഒരിക്കലും ഇങ്ങനെ ചെയ്യാന്‍ പാടില്ലാത്തതാണ്. വ്യക്തിനിഷ്ഠത വരുന്നതോടെ ജഡ്ജിയായി പ്രവര്‍ത്തിക്കുന്നതിനുള്ള അയോഗ്യതയാണ് അവര്‍ പ്രകടിപ്പിച്ചത്.
പൗരാവകാശങ്ങള്‍ക്ക് അനുകൂലമായ വാര്‍ത്തകളാണ് ഉന്നത നീതി പീഠത്തില്‍ നിന്നു വന്നുകൊണ്ടിരുന്നത്. ചില അപവാദങ്ങളുണ്ടാവാമെങ്കിലും ജനാധിപത്യാവകാശങ്ങള്‍ എപ്പോഴും സംരക്ഷിക്കപ്പെട്ടിരുന്നു. ലോകാരാധ്യരായ പ്രഗത്ഭമതികള്‍ നമ്മുടെ ഭരണഘടനാകോടതികളുടെ അന്തസ് ഉയര്‍ത്തിയിട്ടുണ്ട്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ ചരിത്രം ദുരന്തവും പ്രഹസനവുമായിരിക്കുന്നു.
വാക്കാലുള്ള ഉത്തരവുകള്‍ അങ്ങേയറ്റം അപകടകരമാണ്. വാക്കുകളില്‍ മുഴങ്ങുന്നത്, എഴുതപ്പെട്ട ഉത്തരവില്‍ കാണാറുമില്ല. നൂപുര്‍ ശര്‍മ്മയുടെ കാര്യത്തിലും ഇതാണു സംഭവിച്ചത്. ഇത് തികച്ചും നിയമവിരുദ്ധമാണ്. ഭരണഘടനാവിരുദ്ധവും. ഒരു വനിതയെന്ന പരിഗണനപോലും നൂപുറിന് നല്കാന് ബഹുമാന്യ ജഡ്ജിമാര്‍ കൂട്ടാക്കിയില്ല. കടിച്ചു കീറാന്‍ പാഞ്ഞടുക്കുന്ന ഭീകരക്കൂട്ടങ്ങള്‍ക്ക് മുന്നിലേക്ക്, ഒരു വനിതയെ എറിഞ്ഞുകൊടുക്കരുതായിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ കറുത്ത അധ്യായമാണിതിലൂടെ എഴുതപ്പെട്ടത്.
എന്താണ് പരിഹാരം? നവീകരണത്തിനുള്ള ഇച്ഛാശക്തി എല്ലായ്പ്പോഴും പ്രകടിപ്പിച്ചിട്ടുള്ള ജനാധിപത്യ സൗധമാണ് സുപ്രീംകോടതി. ഉന്നത ന്യായാസനത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കുന്നതിന് ചീഫ് ജസ്റ്റീസിനു കഴിയുമെന്ന് പ്രത്യാശിക്കാം. നൂപുര്‍ശര്‍മ്മയുടെ കേസ്സിലെ ഉത്തരവ് ‘റീകാള്‍’ ചെയ്യുകയും, തുടര്‍ന്ന് ന്യായമായ ഉത്തരവ് നല്‍കുകയുമാണ് വേണ്ടത്. അല്ലാത്തപക്ഷം അത് ഇന്ത്യയുടെ നീതിനിര്‍വ്വഹണ മികവിന് തിരിച്ചടിയാവുന്നതാണ്. മേലില്‍ ഉത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും ജഡ്ജിമാര്‍ക്ക് കഴിയേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: