പുതുതായി നിര്‍മിക്കുന്ന പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ച അശോകസ്തംഭത്തെക്കുറിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ അടിസ്ഥാനരഹിതവും അനാവശ്യവുമായ ഒരു വിവാദം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുകയാണ്. അശോകസ്തംഭത്തിലെ ശാന്തരായ സിംഹങ്ങള്‍ ഗര്‍ജിക്കുന്ന സിംഹങ്ങളായി മാറിയെന്നും ഇത് ദേശീയതയെ അപമാനിക്കുന്നുവെന്നുമാണ് ഇക്കൂട്ടര്‍ പരാതിപ്പെടുന്നത്. പരസ്പരം പുറംതിരിഞ്ഞുനില്‍ക്കുന്ന ആറരമീറ്റര്‍ ഉയരമുള്ളതും പതിനായിരത്തോളം കിലോ ഭാരമുള്ളതുമായ വെങ്കല ശില്‍പ്പമാണിത്. സുനില്‍ ദേവ്റയുടെ നേതൃത്വത്തില്‍ നൂറോളം ശില്‍പ്പികള്‍ ചേര്‍ന്ന് നിര്‍മിച്ച ഈ ശില്‍പ്പം പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതോടെയാണ് പുതിയ വിവാദം പൊട്ടിപ്പുറപ്പെട്ടത്. ചടങ്ങിന്റെ ഭാഗമായി പ്രധാനമന്ത്രി പൂജ നടത്തിയെന്ന ആക്ഷേപത്തിനു പിന്നാലെയാണ് അശോകസ്തംഭത്തിലെ സിംഹരൂപത്തില്‍ മാറ്റംവരുത്തിയെന്ന പരാതി ഉയര്‍ന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ അഭിമാനത്തിന് ചേരുംവിധം പുതിയ പാര്‍ലമെന്റ് മന്ദിരം നിര്‍മിക്കുന്നതിനോടു പോലും എതിര്‍പ്പുള്ളവരാണ് അതില്‍ സ്ഥാപിച്ചിരിക്കുന്ന അശോകസ്തംഭത്തെയും വിവാദത്തിലകപ്പെടുത്തിയിരിക്കുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കാലത്ത് കുതിരലാടത്തിന്റെ മാതൃകയില്‍ നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം മാറ്റേണ്ടതില്ലെന്ന അടിമത്വമനോഭാവമാണ് പുതിയ മന്ദിരത്തെ എതിര്‍ക്കുന്നവര്‍ക്ക്. ദേശാഭിമാനമുള്ള പൗരന്മാര്ക്ക് ഇത് അംഗീകരിച്ചുകൊടുക്കാനാവില്ല.
ബീഹാറിലെ സാരാനാഥിലുള്ള അശോകസ്തംഭത്തിന്റെ അതേ മാതൃകയിലുള്ളതാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുള്ളത്. സാരാനാഥിലെ ശില്‍പ്പം വലുതാക്കിയാല്‍ പുതിയ ശില്പ്പമാകും. പുതിയ ശില്‍പ്പം ചെറുതാക്കിയാല്‍ സാരാനാഥിലേതുപോലെയാകും. ഇതാണ് വസ്തുത. സാരാനാഥിലെ ശില്‍പ്പത്തിന് ഒന്നരമീറ്റര്‍ മാത്രമാണ് ഉയരമെങ്കില്‍ പുതിയ ശില്‍പ്പത്തിന്റെ ഉയരം ആറരമീറ്ററാണ്. മുപ്പത്തിമൂന്ന് മീറ്റര്‍ ഉയരത്തിലുമാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇക്കാരണങ്ങള്‍കൊണ്ടാണ് രണ്ടും തമ്മില്‍ വ്യത്യസ്തമായി തോന്നുന്നത്. സാരാനാഥില്‍ ഭൂനിരപ്പിലാണ് ശില്‍പ്പമുള്ളത്. അത് ശാന്തരൂപത്തിലാണ് കാണുക. താഴെനിന്ന് നോക്കുകയാണെങ്കില്‍ സിംഹങ്ങള്‍ക്ക് രൗദ്രഭാവം തോന്നും. പ്രശ്നം നിര്‍മിതിയുടേതല്ല, കാഴ്ചപ്പാടിന്റെതാണ്. ഇതൊക്കെ മറച്ചുപിടിച്ചുകൊണ്ടാണ് ദേശീയ പ്രതീകത്തിന്റെ സ്വഭാവവും രൂപവും മാറ്റിമറിച്ചെന്ന് ബഹളം വയ്ക്കുന്നത്. സാരാനാഥിലെ അശോകസ്തംഭത്തിന്റെ അതേ മാതൃകയാണ് സ്വീകരിച്ചിട്ടുള്ളത്. ശില്‍പ്പികള്‍ അതിന്റെ വിശദാംശങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിച്ചിട്ടുണ്ടെന്നു മാത്രം. ഇതിനെക്കുറിച്ച് ചില വ്യക്തികള്‍ക്കു വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടായെന്നു വരാം. പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചിട്ടുള്ള അശോകസ്തംഭം കുറഞ്ഞത് നൂറ് മീറ്റര്‍ അകലെനിന്ന് കാണണമെന്നാണ് ഉദ്ദേശിച്ചിട്ടുള്ളത്. അതുകൊണ്ട് വിശദാംശങ്ങള്‍ കൂടിയേ തീരൂ. സാരാനാഥിലെ സ്തംഭം അതേ വലുപ്പത്തില്‍ പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ചാല്‍ ആരുടെയും കണ്ണില്‍പ്പെടില്ല.
ഏതൊരു ശില്പ്പത്തിന്റെയും രൂപത്തെ നിര്‍ണയിക്കുന്നതില്‍ കാണുന്നവരുടെ കാഴ്ചപ്പാടിന് വലിയ പങ്കുണ്ട്. പാര്‍ലമെന്റ് മന്ദിരത്തിനു മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിലെ സിംഹങ്ങള്‍ക്ക് ശാന്തഭാവമല്ല, രൗദ്രഭാവമാണ് എന്നു പറയുന്നതിലും കാഴ്ചപ്പാടിന്റെ പ്രശ്നം അന്തര്‍ഭവിച്ചിരിക്കുന്നു. സാരാനാഥിലെ സിംഹത്തിന് ശാന്തഭാവമാണെന്ന് കരുതുന്നവര്‍ അതിന് പല്ലുണ്ടെന്ന കാര്യം സൗകര്യപൂര്‍വം വിസ്മരിക്കുകയാണ്. ശാന്തതയല്ല, രൗദ്രത തന്നെയാണ് സിംഹത്തിന്റെ സഹജഭാവം. വിഖ്യാത സിനിമാ താരം അനുപം ഖേര്‍ പറയുന്നതുപോലെ സ്വതന്ത്രഭാരതത്തിലെ സിംഹം പല്ലുകള്‍ പുറത്തുകാട്ടിയെന്നു വരും. ആവശ്യമെങ്കില്‍ കടിച്ചെന്നുമിരിക്കും. പുതിയ ഭാരതം സ്വന്തം ശക്തിയിലാണ് വിശ്വസിക്കുന്നത്. മറ്റുള്ളവരുടെ താല്‍പ്പര്യങ്ങള്‍ക്ക് നിന്നുകൊടുക്കുന്ന ഒരു ഭരണ നേതൃത്വമല്ല ഇപ്പോള്‍ രാഷ്ട്രത്തിനുള്ളത്. ഭാരതം ഒരിക്കലും സ്വന്തം കാലില്‍ നില്‍ക്കരുതെന്നും കരുത്താര്‍ജിക്കരുതെന്നും കരുതുന്നവര്‍ക്ക് ഇതില്‍ അമര്‍ഷമുണ്ടാവുക സ്വാഭാവികം. പക്ഷേ നരേന്ദ്രമോദിയുടെ ഭാരതം അത് കാര്യമാക്കുന്നില്ല. കമ്യൂണിസ്റ്റ് ചൈനയോടും ഇസ്ലാമിക പാകിസ്ഥാനോടും മാത്രമല്ല, അമേരിക്കന്‍ സാമ്രാജ്യത്തോടും നേര്‍ക്കുനേര്‍ ഇടപെടാനുള്ള ധൈര്യം അതിനുണ്ട്. മാറിയ സാഹചര്യം ഈ രാജ്യങ്ങള്‍ക്ക് ബോധ്യപ്പെടുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വാഭാവികമായും ഭാരതമെന്ന സിംഹത്തിന് രൗദ്രഭാവം വരും. ദംഷ്ട്രകള്‍ പുറത്തുകാണിക്കും. ദേശാഭിമാനികള്‍ക്ക് അത് സന്തോഷം പകരുകയേയുള്ളൂ. അമര്‍ഷംകൊള്ളുന്നവരുടെ തനിനിറം ജനങ്ങള്‍ തിരിച്ചറിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: