ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത വാക്കുകളുടെ പട്ടികയ്ക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നതിനിടെ വിശദീകരണവുമായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു വാക്കും നിരോധിക്കപ്പെട്ടിട്ടില്ലെന്നും സഭാ റെക്കോര്‍ഡുകളില്‍ മുന്‍കാലങ്ങളില്‍ രേഖപ്പെടുത്താത്ത ചില വാക്കുകളുടെ സമാഹാരം പുറത്തിറക്കിയതാണെന്നും സ്പീക്കര്‍ പറഞ്ഞു.
പാര്‍ലമെന്റ് രീതികളെ കുറിച്ച് അറിയാത്ത ആളുകളാണ് അഭിപ്രായം പറയുന്നത്. 1959 മുതലുള്ള ഒരു പതിവ് ചട്ടം മാത്രമാണിത്. ഒരു വാക്കും ഇവിടെ നിരോധിക്കപ്പെട്ടിട്ടില്ല. എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ വീക്ഷണങ്ങള്‍ സ്വതന്ത്രമായി പ്രകടിപ്പിക്കാം. ആ അവകാശം ആര്‍ക്കും തന്നെ തട്ടിയെടുക്കാന്‍ കഴിയില്ല. പക്ഷെ വീക്ഷണങ്ങള്‍ പ്രകടിപ്പിക്കുമ്പോഴും അഭിപ്രായ പ്രകടനം നടത്തുമ്പോഴും പാര്‍ലമെന്റിന്റെ മര്യാദകള്‍ അനുസരിച്ചിരിക്കണം എന്നതാണ് കാര്യമെന്നും സ്പീക്കര്‍ വ്യക്തമാക്കി. നേരത്തെ ഇത്തരം അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു.
രാജ്യത്തെ വിവിധ നിയമനിര്‍മാണ സമിതികള്‍ ചേര്‍ന്ന് സഭയില്‍ പ്രയോഗിക്കാന്‍ പാടില്ലാത്ത പദങ്ങളും വാക്കുകളും പ്രയോഗങ്ങളും ഉള്‍പ്പെടുത്തി പുസ്തക രൂപത്തില്‍ ഇറക്കാറുണ്ട്. ഇത്തരത്തില്‍ സഭയില്‍ നിന്ന് ഒഴിവാക്കേണ്ടതായ 65ഓളം വാക്കുകള്‍ പ്രഖ്യാപിച്ചതില്‍ പ്രതിപക്ഷം അനാവശ്യ വിവാദമായി ഉയര്‍ത്തിയതോടെയാണ് കാര്യങ്ങള്‍ വ്യക്തമാക്കി സ്പീക്കറും രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: