തൃശ്ശൂര്‍: കേന്ദ്രപദ്ധതികള്‍ വിലയിരുത്താന്‍ കേന്ദ്രമന്ത്രി അശ്വനികുമാര്‍ ചൗബേ ഇന്ന് ഗുരുവായൂരില്‍. തീര്‍ത്ഥാടന നഗരമായ ഗുരുവായൂരിന്റെ വികസനത്തിനായി അമൃത്, പ്രസാദ് പദ്ധതികള്‍ വഴി 317 കോടിയാണ് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചത്. ഈ പദ്ധതികളുടെ നിര്‍മാണ പുരോഗതി മന്ത്രി ഇന്ന് വിലയിരുത്തും.
മള്‍ട്ടിലെവല്‍ പാര്‍ക്കിങ് സമുച്ചയവും നഗരത്തിലെ റോഡുകളുടെയും ഫുട്പാത്തുകളുടേയും നവീകരണവുമുള്‍പ്പെടെ പൂര്‍ത്തിയായിട്ടുണ്ട്. ഫണ്ട് നല്‍കിയിട്ടും പദ്ധതി നടത്തിപ്പില്‍ ഗുരുതരമായ കാലതാമസമുണ്ടായതിനെത്തുടര്‍ന്ന് കേന്ദ്രം പലവട്ടം ഇടപെട്ടിരുന്നു. പണി പൂര്‍ത്തിയായ മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം, ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്റര്‍ എന്നിവ ഉദ്ഘാടനം കഴിഞ്ഞിട്ടും നഗരസഭ തുറന്നുകൊടുക്കാത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധവുമുണ്ട്. ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
റോഡ്, ഫുട്പാത്ത് നവീകരണം, അഴുക്കുചാല്‍ നിര്‍മാണം, മാലിന്യ സംസ്കരണം തുടങ്ങിയ പദ്ധതികള്‍ക്കായി നല്കിയ ഫണ്ടിന്റെ വിനിയോഗവും മന്ത്രി വിലയിരുത്തും. മൂന്നിന് ഗുരുവായൂര്‍ രുഗ്മിണി റീജന്‍സിയില്‍ മന്ത്രി പത്രസമ്മേളനം നടത്തും. മണലൂര്‍, നാട്ടിക മണ്ഡലങ്ങളിലെ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളുടെ യോഗത്തിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തിലും മന്ത്രി പങ്കെടുക്കുന്നുണ്ട്. ഇന്നലെ തൃശൂരിലെത്തിയ മന്ത്രി പാര്‍ട്ടി ജനപ്രതിനിധികളുടെ യോഗത്തിലും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: