കണ്ണൂര്‍: ആര്‍എസ്എസ് പയ്യന്നൂര്‍ ജില്ലാ കാര്യാലയത്തിന് നേരെ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അന്വേഷണം പ്രഹസനമാകുമെന്ന് വ്യക്തമാകുന്നു. സംഭവം നടന്ന് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും ബോംബേറുമായി ബന്ധപ്പെട്ട് ഒരു തുമ്പും പോലീസിന് ലഭിച്ചിട്ടില്ല. തീരുവനന്തപുരത്ത് ഏകെജി സെന്ററിന് ബോംബെറിഞ്ഞ കേസിലെ പ്രതികളെ ഇതുവരെ കണ്ടെത്താന്‍ കഴിയാത്തതു പോലെ പയ്യന്നൂരിലെ കാര്യാലയ അക്രമവുമായി ബന്ധപ്പെട്ട അന്വേഷണവും കേവലം അന്വേഷണത്തിലൊതുങ്ങുമെന്നാണ് പോലീസിന്റെ പ്രാഥമിക നടപടി ക്രമങ്ങള്‍ നല്‍കുന്ന സൂചന.
ബോംബേറിന് പിന്നില്‍ സിപിഎം അക്രമി സംഘമാണെന്ന ആരോപണം നിലനില്‍ക്കുകയാണ്. അതിനാല്‍തന്നെ അന്വേഷണം പാര്‍ട്ടിക്കാരിലെത്താതിരിക്കാന്‍ തുടക്കം തൊട്ടേ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക്‌മേല്‍ പാര്‍ട്ടിതലത്തിലും ഭരണതലത്തിലും ശക്തമായ സമ്മര്‍ദ്ദമുളളതായാണ് വിവരം. സിസിടിവി ദൃശ്യങ്ങളില്‍ ബോംബ് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ മാത്രമാണ് പുറത്ത് വന്നിട്ടുളളത്. ബൈക്കുകളെ സംബന്ധിച്ചും ബൈക്കുകളിലെത്തിയവരെ കുറിച്ചും സമീപത്തുളള മറ്റ് സിസിടിവികള്‍ പരിശോധിച്ച് കണ്ടെത്താനുളള ശ്രമത്തിലാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. സംഭവം നടന്നതിന് സമീപത്തെ റോഡരികിലെ വീടുകളിലും കടകളിലുമുളള ചില സിസിടിവി ദൃശ്യങ്ങള്‍ കൂടി പോലീസ് ഇന്നലെ പരിശോധിച്ചതായറിയുന്നു.
പയ്യന്നൂര്‍ മേഖലയിലെ സിപിഎമ്മില്‍ ഫണ്ടു വെട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് ചേരികള്‍ രൂപപ്പെടുകയും ഇരുവിഭാഗവും തമ്മില്‍ ഒളിഞ്ഞും തെളിഞ്ഞും ആരോപണ-പ്രത്യാരോപണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്ന് പ്രതിരോധത്തിലായ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനും അണികളെ ഒറ്റക്കെട്ടായി നിര്‍ത്താനും നേതൃത്വത്തിന്റെ അറിവോടെ ആസൂത്രിതമായി നടത്തിയതാണ് ബോംബേറെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടിക്കാരായ പ്രതികള്‍ പിടിക്കപ്പെട്ടാല്‍ പാര്‍ട്ടിയും ഭരണകൂടവും കൂടുതല്‍ പ്രതിരോധത്തിലേക്ക് തളളിവിടപ്പെടുമെന്നതിനാല്‍ ബോംബേറിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന് മുന്നിലെത്തില്ല എന്നതിലേക്കാണ് രണ്ട് ദിവസങ്ങളായി നടന്ന അന്വേഷണങ്ങള്‍ വിരല്‍ ചൂണ്ടുന്നത്.
സിപിഎമ്മുകാര്‍ പ്രതികളായ മറ്റ് പല കേസുകളുടെ അന്വേഷണങ്ങള്‍ക്ക് സമാനമായി പയ്യന്നൂരിലെ ബോംബേറ് കേസും മാറുമെന്നാണ് സ്ഥിതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: