പുഴയിലും തടാകങ്ങളിലും മറ്റും കുളിക്കുന്നതും നീന്തുന്നതും ഒന്നുംതന്നെ നിരോധിക്കാനാവില്ല. അത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ അപരിചിത ജലാശയങ്ങളില്‍ എടുത്തുചാടി കുളിയും നീന്തലും നടത്തുന്നത് അപകടമാണെന്ന ബോധവത്കരണവും അതനുസരിച്ചുള്ള നിയന്ത്രണവും ഈ ഘട്ടത്തില്‍ അത്യാവശ്യമാണ്. അപരിചിതത്വം പ്രധാന അപകടകാരണമാണ്. ബീച്ചുകളില്‍ പോയി കൗതുകത്തിന് തിരയിലേക്കിറങ്ങിയും ഒട്ടേറെ അപകടങ്ങളുണ്ടാകുന്നു. നീന്തല്‍ പഠിച്ചതുകൊണ്ട് മാത്രം മുങ്ങിമരണം കുറയ്ക്കാന്‍ കഴിയില്ല. വേണ്ടത് ജലസുരക്ഷയെ സംബന്ധിച്ചുള്ള കൃത്യമായ അവബോധമാണ്. റോഡപകടങ്ങളെപ്പോലെ ജലാശയ അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രത്യേകശ്രദ്ധ ഈ വിഷയത്തില്‍ ആവശ്യമാണ്.
എന്നാല്‍ ഇതിന്റെയൊക്കെ ഉത്തരവാദിത്വം സര്‍ക്കാരിന് മാത്രമാണോ എന്ന് ചോദിച്ചാല്‍..! അല്ല. യുക്തിസഹമായി ചിന്തിച്ചാല്‍ ഇക്കാര്യത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താനാവുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കുളങ്ങള്‍ സംരക്ഷിക്കാനും വേലികെട്ടി തിരിച്ച് അനുയോജ്യമായിടത്ത് നീന്തല്‍ പരിശീലനം നല്‍കാനും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ അതതു സ്ഥാപനങ്ങളുടെ അധികാരപരിധിയില്‍ കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും വിഴുങ്ങാന്‍ തയ്യാറായി വാ പിളര്‍ന്നിരിക്കുന്ന എത്ര ജലക്കെണികള് ഉണ്ടെന്ന കാര്യത്തില്‍ ഒരു കണക്കും നമ്മുടെ സംസ്ഥാനത്തെ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും പക്കലില്ല. മുങ്ങിമരണം തടയുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ഇന്നുവരെ ഒരു പ്രവര്‍ത്തനവും സംസ്ഥാനത്ത് കാര്യക്ഷമമായി നടന്നിട്ടില്ല.
നീന്തലിന്റെ ആവശ്യകതയും പരിശീലനവും കൃത്യമായ അവബോധവും വേണ്ടത് അനിവാര്യമാണ്. രാജ്യത്തെ ആകെമൊത്തം കണക്കെടുത്താല്‍ റോഡപകടങ്ങളിലും നമ്മുടെ സംസ്ഥാനം ഒട്ടും പിന്നിലല്ല. എന്നാല്‍ ജലാശയാപകടങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ റോഡപകടങ്ങള്‍ കേരളത്തിലെ പോലീസും ഗതാഗത നിയന്ത്രണ വകുപ്പും അടക്കം നിരന്തരം നിരീക്ഷിക്കുന്ന ഒന്നാണ്. റോഡപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള പഠനങ്ങളും അവര്‍ കൃത്യമായി നടത്തുന്നുണ്ട്. പക്ഷെ ഇത്രയധികം ആളുകള്‍ മുങ്ങിമരിച്ചിട്ടും നമ്മുടെ ജലാശയങ്ങളില്‍ ജല സുരക്ഷ ഉറപ്പുവരുത്താനുള്ള യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല എന്നത് എടുത്തുപറയേണ്ട ഒന്നാണ്.
സൗകര്യങ്ങള്‍ വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ല
ഒരു അത്ലറ്റ് ആകുക എന്നതിലുപരി സ്വാഭാവിക ജീവിതത്തില്‍ തന്നെ നീന്തല്‍ ഒരു അനിവാര്യഘടകമാണ്. ജലാശയ അപകടങ്ങള്‍ നമുക്ക് പലതരത്തിലും സാഹചര്യത്തിലും സംഭവിക്കാം. ഒരുപക്ഷെ, പെട്ടെന്ന് വെള്ളത്തില്‍ വീഴുന്നതാകാം, കൃത്യമായ അവബോധം ഇല്ലാത്തതിനാലാകാം അല്ലെങ്കില്‍ നീന്തല്‍ അറിയാമെന്ന ധാരണയില്‍ ജലാശയങ്ങളില്‍ ഇറങ്ങുമ്പോഴുണ്ടാകുന്ന അപകടമാകാം. എന്നാല്‍ ഏതുവിധേനയും നീന്തലിന്റെ അടിസ്ഥാനപാഠങ്ങള്‍ ചെറുപ്പം മുതല്‍ അറിഞ്ഞിരിക്കണം. അതിന് സ്കൂള്‍ ലെവല്‍ മുതല്‍ കൃത്യമായ പരിശീലനം നല്‍കുകയും ജലസുരക്ഷയെപ്പറ്റി അറിയുകയും വേണം. സര്‍ക്കാര്‍ തന്നെ അതിനായി മുന്നിട്ടിറങ്ങണം എന്നാണ് എന്റെ അഭിപ്രായം. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുഖേനയും കൃത്യമായ ബോധവത്കരണം നല്കാന് സാധിക്കണം. നീന്തല്‍ വിദ്യാഭ്യാസ പ്രക്രിയയില്‍ ഉള്‍പ്പെടേണ്ടതുണ്ട്. കര്‍ശനമായി അത് നടാപ്പാക്കണം, എങ്കില്‍ മാത്രമേ നമ്മുടെ കുട്ടികള്‍ മുങ്ങിമരണങ്ങളില്‍ നിന്ന് ഒരു പരിധിവരെ രക്ഷപ്പെടൂ.
കുട്ടികളെ നീന്തല്‍ പഠിപ്പിക്കുന്നതിനായി എല്ലാ സ്ഥലങ്ങളിലും ഭീമമായ തുക മുടക്കി നീന്തല്‍ കുളങ്ങള്‍ നിര്‍മിക്കണമെന്നില്ല. ഉപയോഗശൂന്യമായി കിടക്കുന്നവ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പരിശീലകരെ നിയമിച്ച് കുട്ടികള്‍ക്ക് അടിസ്ഥാന കാര്യങ്ങള്‍ മനസിലാക്കി കൊടുക്കണം. എല്ലാ ജില്ലകളിലും താഴെതട്ടിലെ കാര്യങ്ങള്‍ വരെ നിരീക്ഷിക്കാന്‍ കഴിവുള്ള ഒരു പ്രൊഫഷണലിനെ നിയമിക്കണം.
നമുക്ക് ചുറ്റും ഒരുപാട് സംവിധാനങ്ങള്‍ ഉണ്ട്. എന്നാല്‍ അവയൊക്കെ നന്നായി വിനിയോഗിക്കുന്നതിലാണ് പലപ്പോഴും നമ്മള് പരാജയപ്പെടുന്നത്. പല സ്ഥലങ്ങളിലും കൃത്യമായ അറ്റകുറ്റപ്പണികള്‍ ചെയ്യാത്തതിനാലും നല്ല പരിശീലകന്റെ അഭാവത്തിലും നിരവധി കുട്ടികള്‍ക്ക് പരിശീലനം നഷ്ടമാകുന്നുണ്ട്. അതൊരു പ്രധാനപ്പെട്ട പ്രശ്നമാണ്. കൃത്യമായ കോച്ചിങ് ലഭിച്ചാല്‍ നമ്മുടെ കുട്ടികള്‍ ഒരുപാട് ഉയരങ്ങള്‍ കീഴടക്കും. അതിനുള്ള കഴിവ് നമുക്കുണ്ട്, എന്നാല്‍ അത് വിനിയോഗിക്കാന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് അടിസ്ഥാന പ്രശ്നം. ജന്മഭൂമി ചെയ്യുന്ന ഈ പരമ്പര വളരെ ആഴത്തില്‍ ചിന്തിക്കേണ്ട ഒരു വിഷയം തന്നെയാണ്. മാറ്റമുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ആശംസകള്‍…
പ്രതികരിക്കാൻ ഇവിടെ എഴുതുക: