മക്കളേ,
പഴയകാലത്ത് കുടയുംചെരിപ്പും പാത്രങ്ങളുമെല്ലാം നന്നാക്കുന്നകടകളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത്തരം കടകള്‍ വളരെ അപൂര്‍വമായി മാത്രമേ കാണുന്നുള്ളു. പഴയസാധനങ്ങള്‍ നിസ്സാരമായ കേടുപറ്റിയാല്‍ അവവലിച്ചെറിഞ്ഞു പുതിയ സാധനങ്ങള്‍ വാങ്ങുകയാണ് ഇന്നത്തെരീതി. ഉപയോഗിച്ചു വലിച്ചെറിയുക എന്നത് ഈ കാലഘട്ടത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു.
നിര്‍ഭാഗ്യവശാല്‍ മനുഷ്യബന്ധങ്ങളുടെ കാര്യത്തിലും ഇതേ മനോഭാവമാണ് നമ്മളില്‍ പലരും കൈക്കൊള്ളുന്നത്. സ്വന്തം സുഖവുംസൗകര്യവും മാത്രമേ നമ്മള്‍ പരിഗണിക്കുന്നുള്ളു. മറ്റുള്ളവരുടെ സുഖവും ദുഃഖവും നമുക്കു പ്രശ്‌നമേയല്ല.
സ്വാര്‍ത്ഥലാഭത്തിനായി ചിലര്‍ ഏതറ്റം വരെയും പോകും. സ്വന്തം തൊഴില്‍രംഗത്തു കഴിവുതെളിയിക്കാന്‍ മറ്റുള്ളവരോടു മത്സരിക്കുന്നതില്‍ തെറ്റില്ല. കഠിനപ്രയത്‌നത്തിലൂടെ സ്വന്തം നിലവാരം മെച്ചപ്പെടുത്തിയായിരിക്കണം അതു ചെയ്യേണ്ടത്; മറ്റുള്ളവരെ ഇടിച്ചുതാഴ്‌ത്തിയിട്ടോ ദ്രോഹിച്ചിട്ടോ ആകരുത്.
ഒരിടത്ത് അടുത്തടുത്തായി രണ്ടു പലചരക്കുകടകളുണ്ടായിരുന്നു. അതിലൊരാള്‍ തന്റെ കടയ്‌ക്കുമുന്നില്‍ ഒരു ബോര്‍ഡ് വെച്ചു, ‘ഒരു കിലോ നെയ്യിന് നൂറുരൂപ മാത്രം’. ഇതുകണ്ട് അടുത്തകടക്കാരന്‍ അതേ വിലയ്‌ക്ക് നെയ്യ് വില്ക്കാന്‍ നിര്‍ബന്ധിതനായി. ആദ്യത്തെ കടക്കാരന്‍ ഒരു കിലോ നെയ്യിന്റെ വില എണ്‍പതുരൂപയാക്കി കുറച്ചു. അതുകണ്ട് അടുത്ത കടക്കാരനും അതേ വിലയ്‌ക്ക് നെയ്യ് വില്‌ക്കേണ്ടിവന്നു. ആദ്യത്തെ കടക്കാരനോട് ഒരു സുഹൃത്തുചോദിച്ചു, ‘എണ്‍പതുരൂപയ്‌ക്ക് ഒരു കിലോ നെയ്യ് വിറ്റാല്‍ നിങ്ങള്‍ക്ക് എന്തു ലാഭം കിട്ടാനാണ്?’ കടക്കാരന്‍ പുഞ്ചിരിച്ചുകൊണ്ടുപറഞ്ഞു, ‘ഞാന്‍ നെയ്യ് വില്ക്കുന്നേയില്ല. ആരെങ്കിലുംനെയ്യ് ചോദിച്ചുവന്നാല്‍, നെയ്യ് സ്റ്റോക്കില്ല എന്നുപറയും. അപ്പോള്‍ അവര്‍ അടുത്ത കടയില്‍ നിന്നുനെയ്യ് വാങ്ങും. അടുത്ത കടക്കാരന് അല്പംപോലും ലാഭം കിട്ടുന്നില്ല എന്ന് ഉറപ്പു വരുത്തുകയാണ് എന്റെ ഉദ്ദേശ്യം.’
ഈ കഥയിലെ ഒന്നാമത്തെ കടക്കാരനെപ്പോലെ ഇന്ന് ഓരോ വ്യക്തിയുംഅത്രമാത്രം തന്നില്‍തന്നെ ഒതുങ്ങിയിരിക്കുന്നു. സ്വാര്‍ത്ഥത അത്രമാത്രം വര്‍ദ്ധിച്ചിരിക്കുന്നു. ബുദ്ധി വളര്‍ന്നതോടൊപ്പം ഹൃദയം ശുഷ്‌ക്കിച്ചു. അന്യന്റെ ദുഃഖം സ്വന്തംദുഃഖമായി കാണണമെന്ന കാഴ്ചപ്പാട് എങ്ങോ പോയ്മറഞ്ഞു. സ്വന്തം സുഖത്തിനുവേണ്ടി എത്രപേരെ കഷ്ടപ്പെടുത്തുവാനും ഇന്നുള്ളവര്‍ക്കു മടിയില്ല.
ഈ സ്വാര്‍ത്ഥത മരണമാണ്, അത് തന്നെയും മറ്റുള്ളവരെയും സമൂഹത്തെതന്നെയും നശിപ്പിക്കുന്നതാണ്. മനസ്സിനകത്തു സ്വാര്‍ത്ഥതയുടെ ഒരു കരടെങ്കിലും കടന്നുകൂടിയാല്‍ എങ്ങനെയും അതു മാറ്റാന്‍ നമ്മള്‍ ശ്രമിക്കണം. ഒരു ചെറിയ തീപ്പൊരിമതി, വലിയ കാടിനെയും ചാരമാക്കാന്‍പോന്ന കാട്ടുതീയായി മാറാന്‍. അതുപോലെയാണു സ്വാര്‍ത്ഥത. അതല്പം മതി, ക്രമേണവളര്‍ന്ന് നമ്മുടെ ശാന്തി മുഴുക്കെയും അപഹരിക്കാന്‍. മറിച്ച് നിസ്വാര്‍ത്ഥതയാകട്ടെ നമുക്ക് ശാന്തിയും സംതൃപ്തിയും പകരും.
കുളത്തിലെ വെള്ളം ഒഴുകുന്ന നദിയോടു കൂട്ടുപിടിച്ചാല്‍ കുളത്തിലെ വെള്ളംശുദ്ധമാകും. മറിച്ചു്, ഓടയോടു കൂട്ടുചേര്‍ന്നാല്‍ ഒന്നുകൂടി മലിനമാകും. ‘ഞാന്‍’എന്നും ‘എന്റേത് ‘എന്നുമുള്ള സ്വാര്‍ത്ഥചിന്തയാണ് ഓട. ഈശ്വരനാണുനദി. അതിനാല്‍മക്കളെ നമുക്ക് ഈശ്വരനോടു കൂട്ടുകൂടാം, ഈശ്വരനെ ആശ്രയിക്കാം. ഈശ്വരനെ ആശ്രയിക്കുന്നതുമൂലം നമുക്കു മനശ്ശാന്തിയും ആനന്ദവും ലഭിക്കുന്നു. കുടുംബത്തിലും ലോകത്തിലും ഐശ്വര്യവുംസമാധാനവും പുലരുന്നു.
ആദ്ധ്യാത്മികചിന്തയിലൂടെ മാത്രമേ ഇങ്ങനെയുള്ള സ്വാര്‍ത്ഥമനസ്സിനെ വിശാലമാക്കുവാന്‍ കഴിയൂ. എല്ലാം ഒരാത്മാവാണ്. എല്ലാവരും ഒരമ്മയുടെ, ജഗന്മാതാവിന്റെ മക്കളാണ്. അതിനാല്‍ എല്ലാവരെയും ഒരമ്മ മക്കളെപ്പോലെ സ്‌നേഹിക്കുക, വേണ്ടസഹായങ്ങള്‍ചെയ്യുക. അതാണ് നമ്മുടെ കര്‍ത്തവ്യം. മറ്റുള്ളവരെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ നമുക്കു ജീവിതത്തില്‍ യഥാര്‍ത്ഥ ആനന്ദവും ശാന്തിയും കണ്ടെത്തുവാന്‍ കഴിയൂ. അതിനു വേണ്ടിയാകട്ടെ നമ്മുടെ പരിശ്രമം.
മാതാ അമൃതാനന്ദമയീ ദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: