തിരുവനന്തപുരം: നരേന്ദ്രമോദി സര്‍ക്കാരിന്റെ പദ്ധതികളും പ്രവര്‍ത്തനങ്ങളും വിലയിരുത്താനും ജനങ്ങളുമായി സംവദിക്കാനുമായി ഇനിയും കേന്ദ്രമന്ത്രിമാര്‍ ജില്ലയിലെത്തുമെന്ന് വി.വി രാജേഷ്. വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ കഴിഞ്ഞ മൂന്നു ദിവസത്തെ സന്ദര്‍ശനത്തില്‍ ജനങ്ങളില്‍ നിന്ന് വളരെ നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ജല്‍ജീവന്‍ പദ്ധതി വഴി ഏറ്റവും കൂടുതല്‍ കുടിവെള്ള കണക്ഷനുകള്‍ നല്കാന് സാധിച്ച കള്ളിക്കാട് പഞ്ചായത്ത് ഉള്‍പ്പെടെ അദ്ദേഹം സന്ദര്‍ശിച്ചു. വിവിധ സ്ഥലങ്ങളിലെ സന്ദര്‍ശനത്തില്‍, ജനങ്ങളില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ക്യാബിനറ്റില്‍ അദ്ദേഹം ചര്‍ച്ച ചെയ്യും.
കഴക്കൂട്ടം ബൈപ്പാസിന്റെ തടസ്സങ്ങള്‍ മാറ്റി മൂന്നു മാസത്തിനകം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്ന് കൊടുക്കും. നേമം ടെര്‍മിനല്‍, കള്ളിക്കാട് പഞ്ചായത്തിലെ ബഫര്‍ സോണ്‍ തുടങ്ങിയ വിഷയങ്ങളില്‍ ലഭിച്ച നിവേദനങ്ങള്‍ അദ്ദേഹം പഠിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. വിദേശകാര്യമന്ത്രിയുടെ പര്യടനത്തിന് ഒരാഴ്ച മുമ്പ് കേന്ദ്രസര്‍ക്കാരിന്റെ ആനുകൂല്യം ലഭിച്ചവരുടെ സംഗമം സംഘടിപ്പിക്കാന്‍ ചീഫ് സെക്രട്ടറിയ്ക്ക് കേന്ദ്രം കത്ത് നല്‍കിയതാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരു സംഗമം നടത്താന്‍ പോലും സംസ്ഥാന സര്‍ക്കാര്‍ തയ്യാറായില്ലെന്ന് വി.വി രാജേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: