തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിട്ടിക്ക് 2064 കോടി രൂപയുടെ കുടിശ്ശികയുണ്ടെന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് നിയമസഭയെ അറിയിച്ചു. ഇതിന് പരിഹാരം കാണുന്നതിനായി ആഗസ്ത് 15 നകം അദാലത്തുകള്‍ നടത്തും. തദ്ദേശസ്ഥാപനങ്ങള്‍, സര്‍ക്കാര്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍, ഗാര്‍ഹിക ഉപഭോക്താക്കള്‍ എന്നിവരില്‍ നിന്നാണ് കുടിശ്ശിക ഈടാക്കേണ്ടത്. വെള്ളം ലീക്ക് ചെയ്യുന്നത് മൂലം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വലിയ തുക കുടിശ്ശിക വരുന്നുണ്ട്. അത്തരത്തിലെ പരാതികള്‍ പരിഹരിക്കുന്നതിന് അദാലത്തില്‍ അവസരം നല്‍കും. 50 ശതമാനം വരെ ഇളവ് വരുന്ന നിലയിലായിരിക്കും അദാലത്തുകള്‍ സംഘടിപ്പിക്കുക.
ജലജീവന്‍ പദ്ധതിയുടെ പൂര്‍ത്തീകരണം വൈകുന്നത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സമാണെന്ന് മന്ത്രി അറിയിച്ചു. പദ്ധതിക്കായി ഭൂമി ഏറ്റെടുത്തു നല്‍കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ചുമതലയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. സ്ഥലത്തിന്റെ ലഭ്യതക്കുറവും പെപ്പ് സ്ഥാപിക്കുന്നതിന് വിവിധ റോഡ് ഏജന്‍സികള്‍, റെയില്‍വെ അധികാരികള്‍ എന്നിവരില്‍ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള കാലതാമസവും പദ്ധതി വൈകാനിടയാക്കുന്നുണ്ട്. കൂടാതെ പൈപ്പിന്റെയും അനുബന്ധ സാധനങ്ങളുടെയും വിലവര്‍ധന, എല്‍എംആര്‍ റേറ്റിന്റെ അപാകത എന്നിവ മൂലം കരാറുകാര്‍ പ്രവര്‍ത്തികള്‍ ഏറ്റെടുക്കാന്‍ താല്പര്യം കാണിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ട്.
2024-26 ഓടെ കൂടി ജലജീവന്‍ മിഷന് സമ്പൂര്‍ണ പദ്ധതി പൂര്‍ത്തിയാക്കും. 2024 ഓടെ 20.67 ലക്ഷം കുടുംബങ്ങള്‍ക്ക് ശുദ്ധജലം ലഭ്യമാക്കും. നിലവില്‍ പദ്ധതികള്‍ക്കായി വാട്ടര്‍ അതോറിട്ടിക്ക് സ്ഥലം ഏറ്റെടുക്കാനുള്ള പരിമിതികളുണ്ട്. അത് മാറ്റി ജില്ലാ കളക്ടര്‍മാര്‍ക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം നല്കാന് കഴിഞ്ഞ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു. കടല്‍വെള്ളം ശുദ്ധീകരിച്ച് ശുദ്ധജലമാക്കുന്ന പദ്ധതി ഭാവിയില്‍ നടപ്പാക്കേണ്ടിവരും. അത് സംബന്ധിച്ച പ്രാഥമിക നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കും.
ജലജീവന്‍ മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് റോഡുകള്‍ വെട്ടിപ്പൊളിക്കുന്നതുമായി ബന്ധപ്പെട്ട പരാതികളില്‍ പരിഹാരം കാണാന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയുണ്ട്. ഈ സമിതിക്ക് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ പ്രത്യേകം പരിഹരിക്കും. അമൃത് രണ്ട് പദ്ധതിക്ക് പണം കണ്ടെത്തേണ്ടതുണ്ട്. ജല്‍ജീവന്‍ പദ്ധതിക്ക് തദ്ദേശസ്ഥാപനങ്ങള്‍ 15 ശതമാനവും തുകയും 10 ശതമാനം തുക പൊതുജനങ്ങളില്‍ നിന്നുമാണ് കണ്ടെത്തേണ്ടത്. കേന്ദ്രസര്‍ക്കാര്‍ വിഹിതം 50 ശതമാനമാണ്. തുക കണ്ടെത്താന്‍ പ്രയാസമുള്ള തദ്ദേശസ്ഥാപനങ്ങള്‍ക്ക് സഹായം നല്കുന്ന കാര്യം പരിഗണിക്കും. പദ്ധതികള്‍ക്ക് തടസം നില്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. പൈപ്പുകളുടെ കാലപ്പഴക്കം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. പൈപ്പുകളുടെ കാലപ്പഴക്കം കണ്ടെത്താന്‍ രൂപരേഖ തയ്യാറാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: