തൊടുപുഴ: ശക്തമായ മഴയില്‍ കുതിച്ചുയര്‍ന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി ഇടുക്കി സംഭരണി.
ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2358.38 അടിയാണ് ജലനിരപ്പ്. മൊത്തം ശേഷിയുടെ 52.94%. 11 ദിവസത്തെ കണക്ക് മാത്രം പരിശോധിക്കുമ്പോള്‍ കൂടിയത് 18 അടിയോളം വെള്ളമാണ്. 2340.74 അടിയായിരുന്നു ജൂലൈ ഒന്നിലെ ജലനിരപ്പ്. രണ്ടാഴ്ച മുമ്പ് ജൂണ്‍ അവസാനം വരെ ഇടുക്കിയിലെ ജലനിരപ്പ് മുന്‍വര്‍ഷത്തേക്കാള്‍ 8 അടിയിലധികം കുറവായിരുന്നു. ജലശേഖരം കുറഞ്ഞ് നില്‍ക്കുന്നത് വൈദ്യുതി ഉത്പാദനത്തെ ബാധിക്കുമെന്ന തരത്തില്‍ വാര്‍ത്തകര്‍ വന്നിരുന്നു. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ ജലനിരപ്പ് മറികടക്കുകയും ചെയ്തു. 2355.48 അടിയായിരുന്നു കഴിഞ്ഞ വര്‍ഷം ഇതേ സമയം സംഭരണിയിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവ്.
ഇപ്പോഴത്തെ റൂള്‍ലെവല്‍ അനുസരിച്ച് ജലനിരപ്പ് 9 അടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. ജലനിരപ്പ് 2367.33 അടിയിലെത്തിയാല്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2373.33 അടിയില്‍ ഓറഞ്ച് അലര്‍ട്ടും 2374.33ല്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിക്കും. തുടര്‍ന്ന് ഒരടി കൂടി ഉയര്‍ന്നാല്‍ ചെറുതോണി അണക്കെട്ട് തുറക്കാനുള്ള നടപടി സ്വീകരിക്കും. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇടവിട്ട ദിവസങ്ങളില്‍ ശക്തമായ മഴയാണ് തുടരുന്നത്. ഇന്നലെ രാവിലെ വരെയുള്ള 24 മണിക്കൂറില്‍ 1.98 മില്ലി മീറ്റര്‍ മഴയാണ് കിട്ടിയത്. 46.891 മില്യണ്‍ യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ വെള്ളം ഒഴികിയെത്തി. 370.702 മില്യണ്‍ യൂണിറ്റിന് ആവശ്യമായ വെള്ളം ഈ മാസം മാത്രമെത്തി. ജൂണിലിത് 174.663 മില്യണ്‍ യൂണിറ്റിനുള്ളത് മാത്രമായിരുന്നു. അതേ സമയം പരമാവധി ജലം സംഭരിക്കാനായി ഇടുക്കിയിലെ വൈദ്യുതി ഉത്പാദനം കുറച്ച് നിര്‍ത്തിയിരിക്കുകയാണ്. പദ്ധതി പ്രദേശത്ത് ശരാശരി മഴ തുടര്‍ന്നാല്‍ പോലും ഈ മാസം അവസാനത്തോടെ ഇടുക്കി തുറക്കേണ്ട സ്ഥിതിയിലേക്ക് എത്തിയേക്കും. 75% മുകളിലെത്തിയെങ്കില്‍ മാത്രമാണ് ചെറുതോണിയിലെ ഷട്ടറുകള്‍ തുറന്ന് വെള്ളമൊഴുക്കാനാകുക.
അതേ സമയം വരും ദിവസങ്ങളിലും മഴ തുടരുമെങ്കിലും മഴക്ക് ഒരാഴ്ച വരെയുള്ള ഇടവേള കാലാവസ്ഥ വിദഗ്ധര്‍ പ്രവചിക്കുന്നുണ്ട്. മുന്‍ വര്‍ഷങ്ങളിലേത് പോലെ തന്നെ ആഗസ്റ്റില്‍ മഴ ശക്തമാകുമെന്നാണ് വിലയിരുത്തല്‍. താരതമ്യേന ചെറിയ അണക്കെട്ടുകളായ പാംബ്ല, കല്ലാര്‍കുട്ടി, മലങ്കര എന്നീ അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്ന് നിലവില്‍ ജലമൊഴുക്കുന്നുണ്ട്.മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 129.05 അടിയാണ്. പെരിയാറില്‍ 4.4 സെ.മീറ്ററും തേക്കടിയില്‍ 1.3 സെ.മീ മഴയും ലഭിച്ചു. സെക്കന്‍ഡില്‍ 3266.23 ഘനഅടി ജലം ഡാമിലേക്കെത്തുന്നുണ്ട്. 142 അടിയാണ് ഡാമിന്റെ പരമാവധി സംഭരശേഷി. 1641.81 ഘനഅടി ജലം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: