ഓവല്‍: ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും ബാറ്റുകൊണ്ടും മറുപടി നല്കിയപ്പോള് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആവേശ ജയത്തുടക്കം. ഓവലിലെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്റെ 110 വിക്കറ്റ് പിന്തുടര്‍ന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കി. ഓപ്പണര്‍മാരായ രോഹിത് 58 പന്തില്‍ 76ും ധവാന് 54 പന്തില്‍ 31ും റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംങില്‍ ബുംറ ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു.
ജസ്പ്രീത് ബുംറക്കൊപ്പം മുഹമ്മദ് ഷമിയും ആഞ്ഞെറിഞ്ഞപ്പോള്‍ ഓവല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ട് 25.2 ഓവറില്‍ വെറും 110 റണ്ണില്‍ പുറത്തായി. ബുംറ 7.2 ഓവറില്‍ 19 റണ്ണിന് ആറും ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ജേസന്‍ റോയ്(0), ജോണി ബെയ്ര്‍സ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിംങ്സ്റ്റണ്‍(0), ഡേവിഡ് വില്ലി(21), ബ്രൈഡന്‍ കാര്‍സ്(15) എന്നിവരെയാണ് ബുംറ പുറത്താക്കിയത്. ഇതില്‍ നാല് പേര് ബൗള്‍ഡാവുകയായിരുന്നു. ബെന്‍ സ്റ്റോക്സ്(0), ജോസ് ബട്ലര്(30), ക്രൈഗ് ഓവര്ട്ടന്(8) എന്നിവരെയാണ് ഷമി മടക്കിയത്. ബട്ലറാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറര്‍. 14 റണ്ണെടുത്ത മൊയീന്‍ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി. ആറാം തവണ മാത്രമാണ് ഏകദിനത്തില്‍ ഇന്ത്യന്‍ പേസര്‍മാര്‍ 10 വിക്കറ്റും വീഴ്ത്തുന്നത്.ബുംറയും ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു.
റിക്കാര്‍ഡില്‍ ബുംറ
ഇംഗ്ലണ്ടില്‍ വച്ച് ഒരു ഏകദിനത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ജസ്പ്രീത് ബുമ്ര. ഇതോടൊപ്പം ഏകദിന ചരിത്രത്തില്‍ ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനം എന്ന റെക്കോര്‍ഡും ബുമ്ര കൈവശമാക്കി. അതോടൊപ്പം ഇംഗ്ലണ്ടിലെ മികച്ച ഏകദിന ബൗളിംഗ് പ്രകടനങ്ങളില്‍ നാലാം സ്ഥാനത്തെത്താനും ഇന്ത്യന്‍ പേസര്‍ക്കായി. ഓവലില്‍ 19 റണ്ണിന് ബുമ്ര സ്വന്തമാക്കിയ ആറ് വിക്കറ്റ് താരത്തിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: