തിരുവനന്തപുരം: ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെയുള്ള ജനസംഖ്യാ നിയന്ത്രണം വികസിത സമൂഹത്തിന് അനിവാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കുടുംബാസൂത്രണം കുടുംബത്തിന്റെ പുരോഗതിയെ ഏറെ സഹായിക്കും. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രസവങ്ങള്‍ തമ്മില്‍ കുറഞ്ഞത് മൂന്ന് വര്‍ഷങ്ങളുടെ ഇടവേള വേണം. ഭാവിയില്‍ ഇനി കുട്ടികള്‍ വേണ്ട എന്ന തീരുമാനമെടുത്തവര്‍ക്ക് സ്ഥിരമായ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ ഉപയോഗിക്കാം. ഇതിനായി ട്യൂബക്ടമി ശസ്ത്രക്രിയയും പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള വാസക്ടമിയുമാണ് നിലവിലുള്ളത്. മിനി ലാപ്രോട്ടമി, ലാപ്രോസ്‌കോപ്പി, പോസ്റ്റ് പാര്‍ട്ടം സ്റ്ററിലൈസേഷന്‍ എന്നീ പേരുകളിലാണ് ട്യൂബക്ടമി അറിയപ്പെടുന്നത്. പുരുഷന്‍മാരില്‍ നടത്തുന്ന നോസ്‌കാല്‍പല്‍ വാസക്ടമി വളരെ ലളിതവും വേദനരഹിതവും ആശുപത്രിവാസം ആവശ്യമില്ലാത്തതുമാണ്. ഈ ശസ്ത്രക്രിയകള്‍ താലൂക്ക്, ജില്ലാ ആശുപത്രികള്‍, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരുമായോ ദിശ 104, 1056, 0471 2552056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: