തിരുവനന്തപുരം: തിരുവനന്തപുരത്തെ കൊടും ക്രിമിനലും സിപിഎമ്മിന്റെ ഗുണ്ടയുമായിരുന്ന വിഷ്ണു കൊല്ലപ്പെട്ട കേസിൽ പ്രതികളായ ആർ.എസ്.എസ് പ്രവർത്തകരെ ഹൈക്കോടതി വെറുതെ വിട്ടു. പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിധി ന്യായത്തിൽ പറയുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിച്ച കീഴ്ക്കോടതി വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ശിക്ഷാവിധി ചോദ്യം ചെയ്ത് പ്രതികൾ നൽകിയ അപ്പീലുകൾ അനുവദിച്ചുകൊണ്ടാണ് ഡിവിഷൻ ബഞ്ച് ഉത്തരവ്. സാഹചര്യത്തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞില്ല. സാക്ഷികളുടെ മൊഴി വിശ്വാസ്യതയുള്ളതായിരുന്നില്ലെന്നും കോടതി വ്യക്തമാക്കി. രണ്ട് സംഘങ്ങൾ തമ്മിലുള്ള രാഷ്ട്രീയ വൈരത്തിന്റെ ഭാഗമായി നടന്ന കൊലപാതകത്തിൽ പ്രതി ചേർക്കപ്പെട്ടവർ കുറ്റം ചെയ്തതായി തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിധി ന്യായത്തിൽ പറയുന്നു. 12 മുതൽ 16 വരെയുള്ള പ്രതികളെ ഒരു തെളിവും ഹാജരാക്കാതെ വെറുതെ പ്രതി ചേർക്കുകയായിരുന്നെന്നും കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് വേണ്ടി അഡ്വ. ബി രാമൻ പിള്ള, അഡ്വ. പി വിജയഭാനു, അഡ്വ. അർജുൻ ശ്രീധർ എന്നിവരാണ് ഹാജരായത്. വി.എസ്. അച്യുതാന്ദൻ സർക്കാരിന്റെ ഭരണകാലത്താണ് കൊലപാതകം നടന്നത്. കേസില് ആകെ 16 പ്രതികളാണുണ്ടായിരുന്നത്. പ്രദേശത്തെ ആർ.എസ്.എസ് പ്രവർത്തകരെ കരുതിക്കൂട്ടി പ്രതിയാക്കി എന്നായിരുന്നു ഉയർന്ന പ്രധാന ആരോപണം. പ്രതിയാക്കപ്പെട്ടവരിൽ മണ്ണന്തല സ്വദേശി രഞ്ജിത്തിനെ സിപിഎമ്മുകാർ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടിയുടെ അടുത്ത അനുയായിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണു. യൂണിവേഴ്സിറ്റി കോളേജുമായി ബന്ധപ്പെട്ടുണ്ടാകുന്ന അക്രമങ്ങളിൽ ഇയാൾ പ്രധാന പങ്കു വഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: