ന്യൂയോര്‍ക്ക് (യുഎസ്): അടുത്ത വര്‍ഷത്തോടെ ചൈനയെ മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന് ഐക്യരാഷ്ട്രസഭാ റിപ്പോര്‍ട്ട്. 2022 നവംബര്‍ പകുതിയോടെ ലോക ജനസംഖ്യ എട്ട് ബില്യണിലെത്തും. റിപ്പോര്‍ട്ട് അനുസരിച്ച്, 2022ല്‍, ഏറ്റവും ജനസംഖ്യയുള്ള രണ്ട് പ്രദേശങ്ങള്‍ ഏഷ്യയില്‍ ആണ്. ആഗോള ജനസംഖ്യയുടെ 29 ശതമാനവും കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യാമേഖലയിലാണ് (2.3 ബില്യണ്‍ ജനങ്ങള്‍).
മധ്യ, ദക്ഷിണേഷ്യ എന്നിവിടങ്ങളിലെ ജനസംഖ്യ 2.1 ബില്യണ്‍ ആണ്. ഇത് ലോക ജനസംഖ്യയുടെ 26 ശതമാനം വരും. 1.4 ബില്യണിലധികം ജനസംഖ്യയുള്ള ചൈനയും ഇന്ത്യയുമാണ് ഈ രണ്ട് പ്രദേശങ്ങളിലെ പ്രബലശക്തികള്‍. യുണൈറ്റഡ് നേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇക്കണോമിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്സിന്റെ വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ട്സ് 2022-ന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍. ചൈനയുടെ 1.426 ബില്യണുമായി താരതമ്യം ചെയ്യുമ്പോള്‍ 2022ല്‍ ഇന്ത്യയുടെ ജനസംഖ്യ 1.412 ബില്യണ്‍ ആണ്. 2050ല്‍ ഇന്ത്യക്ക് 1.668 ബില്യണ്‍ ജനസംഖ്യ ഉണ്ടാകുമെന്നാണ് പ്രവചനം.
ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പ്രവചനങ്ങള്‍ സൂചിപ്പിക്കുന്നത് ആഗോള ജനസംഖ്യ 2030ല്‍ 8.5 ബില്യണിലേക്കും 2050ല്‍ 9.7 ബില്യണിലേക്കും 2100ല്‍ 10.4 ബില്യണിലേക്കും വളരുമെന്നാണ്. കിഴക്കന്‍, തെക്ക്-കിഴക്കന്‍ ഏഷ്യയിലെ ജനസംഖ്യ 2030-കളുടെ മധ്യത്തോടെ കുറയാന്‍ തുടങ്ങുമെന്നതിനാല്‍ 2037-ഓടെ മധ്യ-ദക്ഷിണേഷ്യ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള പ്രദേശമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു. 1965ന് ശേഷം ലോകജനസംഖ്യയുടെ വളര്‍ച്ച പകുതിയിലേറെയായി കുറഞ്ഞതായി റിപ്പോര്‍ട്ട് പറയുന്നു.
ആഗോളതലത്തില്‍, 2022ല്‍ സ്ത്രീകളേക്കാള്‍ (49.7 ശതമാനം) പുരുഷന്മാര് (50.3 ശതമാനം) അല്‍പ്പം കൂടുതലാണ്. 2050 ആകുമ്പോഴേക്കും സ്ത്രീകളുടെ എണ്ണം പുരുഷന്മാരുടെ എണ്ണത്തിന് തുല്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. 2020ലും 1950ന് ശേഷം ആദ്യമായി ജനസംഖ്യാ വളര്‍ച്ചാ നിരക്ക് പ്രതിവര്‍ഷം ഒരു ശതമാനത്തില്‍ താഴെയായി കുറയുകയും അടുത്ത ഏതാനും ദശകങ്ങളിലും ഈ നൂറ്റാണ്ടിന്റെ അവസാനത്തിലും ഇത് മന്ദഗതിയിലാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകത്തിന്റെ ചില ഭാഗങ്ങളില്‍, ജനസംഖ്യാ മാറ്റത്തിന്റെ പ്രധാന ഘടകമായി അന്താരാഷ്ട്ര കുടിയേറ്റം മാറിയിരിക്കുന്നു. 2010 നും 2021 നും ഇടയില്‍ പത്ത് രാജ്യങ്ങളില്‍ ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാര്‍ പുറത്തേക്ക് ഒഴുകിയതായി കണക്കാക്കപ്പെടുന്നു. ജനസംഖ്യയും സുസ്ഥിര വികസനവും തമ്മിലുള്ള ബന്ധം കാലാവസ്ഥാ വ്യതിയാനത്തിന്റെയും സുസ്ഥിര വികസനത്തില്‍ നേരിട്ട് സ്വാധീനം ചെലുത്തുന്ന മറ്റ് ആഗോള പാരിസ്ഥിതിക വെല്ലുവിളികളുടെയും പശ്ചാത്തലത്തില്‍ പരിഗണിക്കണമെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: