കൊച്ചി: സംസ്ഥാനത്ത് കൊല്ലം, എറണാകുളം, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ഇന്നലെ സംഘടിപ്പിച്ച പ്രധാനമന്ത്രി ദേശീയ അപ്രന്റീസ്ഷിപ്പ് മേളയ്‌ക്ക് മികച്ച പ്രതികരണം. ടെക്‌നിക്കല്‍ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍പരിശീലനത്തിന് അവസരമൊരുക്കുകയെന്ന ലക്ഷ്യത്തോടെയൈണ് കേന്ദ്ര നൈപുണ്യവികസന സംരംഭകത്വ മന്ത്രാലയം രാജ്യത്താകമാനം മേള സംഘടിപ്പിച്ചത്. കാസര്‍കോട്ടെ മേള മാറ്റിവച്ചു.
കൊല്ലം ചന്ദനത്തോപ്പ് ഗവ. ഐടിഐല്‍ സംഘടിപ്പിച്ച മേളയില്‍ 100 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ബിഎസ്എന്‍എല്‍, കെല്‍ കുണ്ടറ, പിഡബ്ല്യുഡി റോഡ്‌സ്, പെരുമണ്‍ കോളജ് ഓഫ് എഞ്ചിനീയറിങ്, അലിന്‍ഡ് കുണ്ടറ ഉള്‍പ്പെടെ പത്ത് കമ്പനികളും എംഎസ്എംഇ യൂണിറ്റുകളും പങ്കെടുത്തു. ഓണ്‍ലൈന്‍ പോര്‍ട്ടലിലുള്ള രജിസ്‌ട്രേഷനു പുറമെ സ്‌പോട് രജിസ്‌ട്രേഷനും ഒരുക്കിയിരുന്നു. കുണ്ടറ അലിന്‍ഡ് ഡിവിഷണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ആര്‍. ശ്രീകുമാര്‍ മേള ഉദ്ഘാടനം ചെയ്തു.
ഐടിഐ പ്രിന്‍സിപ്പല്‍ സജീവ് വി., ആര്‍ഡിഎസ്്ഡിഇ കേരള ട്രെയിനിങ് ഓഫീസര്‍ ഷീജാ ബീഗം, ആര്‍ഐ സെന്റെര്‍ കൊല്ലം ട്രെയിനിങ് ഓഫീസര്‍ ആര്‍. അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. എറണാകുളം കളമശ്ശേരി ആര്‍ഐ സെന്ററിന്റെ നേതൃത്വത്തില്‍ നടത്തിയ മേളയില്‍ പതിനെട്ടോളം പൊതുമേഖല, സ്വകാര്യ മേഖല സ്ഥാപനങ്ങളും നാനൂറിലേറെ ഉദ്യോഗാര്‍ഥികളും പങ്കെടുത്തു. ജില്ലാ ഇന്‍സ്പെക്ടര്‍ ഓഫ് ട്രെയിനിങ് രഘുനാഥന്‍ പി.കെ. ഉദ്ഘാടനം ചെയ്തു.
ട്രെയിനിങ് ഓഫീസര്‍ ജോഷി കെ.കെ. അധ്യക്ഷത വഹിച്ചു. ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബോട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ രാജാമണി, കളമശ്ശേരി എസ്ഡി സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഷീന സി., എവിടിഎസ് പ്രിന്‍സിപ്പല്‍ അജിത കെ.സി., വനിതാ ഐടിഐ പ്രിന്‍സിപ്പല്‍ രാജേഷ് എ. എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ തോട്ടട ഗവ. വനിത ഐടിഐയില്‍ സംഘടിപ്പിച്ച മേളയില്‍ 81 തസ്തികകള്‍ കണ്ടെത്തിയിരുന്നു. 99 പേരെയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. 29 പേര്‍ക്ക് ഇന്നലെത്തന്നെ വിവിധ കമ്പനികളില്‍ ട്രെയിനിങ് കോണ്‍ട്രാക്റ്റ് നല്‍കുകയും പരിശീലനം ആരംഭിക്കുകയും ചെയ്തു. 45 പേരുടെ ഷോര്‍ട്ട്‌ലിസ്റ്റ് തയ്യാറാക്കി. ഇവര്‍ക്കും കോണ്‍ട്രാക്ട് നല്‍കി അടുത്ത ദിവസം പരിശീലനം നല്‍കി തുടങ്ങും.
ബാക്കി ഏഴുപേര്‍ക്ക് പരിശീലനം നല്‍കേണ്ട സ്ഥാപനത്തില്‍ ജീവനക്കാരുടെ എണ്ണക്കുറവ് കാരണം പരിശീലനം നല്‍കേണ്ട സാഹചര്യം പരിശോധിച്ച് തുടര്‍ നടപടികളെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വി. ശിവദാസന്‍ എംപി മേള ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ബിജോയ് തയ്യില്‍ അധ്യക്ഷനായി.
മലപ്പുറത്ത് അരീക്കോട് ഗവണ്‍മെന്റ് ഐടിഐയില്‍ നടന്ന മേളയില്‍ 46 ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തു. ആറ് കമ്പനികള്‍ മേളയില്‍ പങ്കാളികളായി. 30 ഒഴിവുകളിലേക്ക് ഏഴുപേരെ ചുരുക്ക പട്ടികയില്‍ ഉള്‍പ്പെടുത്തി. പൊതുമേഖല സ്ഥാപനമായ ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള പ്രൈവറ്റ് കമ്പനികളാണ് മേളയില്‍ പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: