ചെറുവത്തൂര്‍: മലയാളത്തിന്റെ മഹാശില്പി കാനായി കുഞ്ഞിരാമന് ബാല്യകാലം ചെലവഴിച്ച ഭവനം ദേശീയപാതയ്ക്കായി വഴിമാറുന്നു. വീടിന്റെ പിന്‍ഭാഗത്തെ നേര്‍പകുതിയും അതിനോട് ചേര്‍ന്ന 25 സെന്റ് സ്ഥലവുമാണ് ദേശീയപാതയ്ക്കായി ഏറ്റെടുത്തത്. നിര്‍മ്മാണത്തിനായി മുകള്‍ ഭാഗത്തുനിന്നു മണ്ണിടാന്‍ തുടങ്ങിയതോടെ ഓടുമേഞ്ഞ വീട് തകര്‍ന്നു തുടങ്ങി.
85ന്റെ നിറവിലെത്തിയ കാനായി കുഞ്ഞിരാമന്, നീലേശ്വരം രാജാസ് ഹൈസ്കൂളില്‍ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കി മദിരാശി ഫൈന്‍ ആര്‍ട്സ് കോളേജില്‍ ഉപരിപഠനത്തിന് ചേരുന്നതു വരെയും കഴിഞ്ഞിരുന്നത് ചെറുവത്തൂര്‍ മട്ടലായി ശിവക്ഷേത്രത്തിനു മുന്നിലുള്ള ഈ തറവാട് വീട്ടിലായിരുന്നു. 1937 ജൂലായ് 15ന് കുട്ടമത്തെ വീട്ടിലായിരുന്നു ജനനമെങ്കിലും പഠിച്ചതും വളര്‍ന്നതും പിതാവ് കാനായി രാമന് നിര്‍മ്മിച്ച ഈ വീട്ടിലാണ്. വീടിന് തൊട്ടരികില്‍ റോഡും കുളവും വിശാലമായ നെല്വയലുമുണ്ട്. സ്കൂള്‍ വിട്ടുവന്നാല്‍ കൂട്ടുകാരുമൊത്ത് കുഞ്ഞിരാമനും കുളത്തില്‍ നീന്തിക്കുളിക്കുമായിരുന്നു. കൃഷി തന്നെയായിരുന്നു കുടുംബത്തിന്റെ പ്രധാന വരുമാനം.
പതിനാറ് ഏക്കറുണ്ടായിരുന്ന സ്വത്ത് ഭാഗംവച്ചപ്പോള്‍, ഈ വീടും ഒന്നരയേക്കര്‍ പുരയിടവും അനുജന് കാനായി ഗംഗാധരന് അവകാശപ്പെട്ടതായി. മദിരാശിയിലെ പഠനം കഴിഞ്ഞാണ് 1965 വരെ കാനായി ലണ്ടനിലെ സ്കെയിസ് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ശില്പകലയില് ഉപരിപഠനം നടത്തിയത്. അവധിക്ക് നാട്ടില്‍ വരുമ്പോഴും വടക്കന്‍ കേരളത്തിലെ സാഹിത്യസദസുകളില്‍ പങ്കെടുക്കാന്‍ എത്തുമ്പോഴും കാനായി ഇവിടെ തങ്ങുമായിരുന്നു. ചിലപ്പോള്‍, ഒരു മാസം വരെ ഈ വീട്ടില്‍ കഴിഞ്ഞ ശേഷമാണ് മടങ്ങുക.
മലമ്പുഴയിലെ യക്ഷിയുടെ പണിപ്പുരയില്‍ ആയതിനു ശേഷവും തിരുവനന്തപുരത്തേക്ക് താമസം മാറിയതിന് ശേഷവുമാണ് വരവ് കുറഞ്ഞത്. പിന്നീട് കാഞ്ഞങ്ങാട് അതിയാമ്പൂരില്‍ വീട് പണിതതിനാല്‍ അവിടേയ്ക്ക് താമസം മാറി. പഞ്ചായത്തിനോ ജില്ലാ ഭരണകൂടത്തിനോ പുരാവസ്തു വകുപ്പിനോ കേരളം അഭിമാനിക്കുന്ന കലാകാരന്റെ വീട് സംരക്ഷിക്കാന്‍ മുന്നോട്ടുവരാമായിരുന്നു എന്നാണ് കാനായിയെ സ്നേഹിക്കുന്നവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: