കേവലം ഒരു മണിക്കൂര്‍ കൊണ്ട് പഠിക്കാന്‍ കഴിയുന്ന നീന്തല്‍ എന്തുകൊണ്ടാണ് നമ്മുടെ സമൂഹത്തില്‍ അറിയപ്പെടാതെ പോകുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? കേരളത്തിന്റെ പരിസ്ഥിതി ഘടനയില്‍ 70 ശതമാനവും ജലത്താല്‍ സമൃദ്ധമാണ്. അതുകൊണ്ടുതന്നെ നമ്മളില്‍ ഭൂരിഭാഗവും വിനോദസഞ്ചാരത്തിന് തെരഞ്ഞെടുക്കുന്നതും ഇത്തരം സ്ഥലങ്ങള്‍ തന്നെ. കടല്‍, കായല്‍, പുഴ, തടാകങ്ങള്‍ അങ്ങനെ നീളുന്നു… റോഡപകടങ്ങളെപ്പോലെ ജലാശയാപകടങ്ങളും വലിയ ഭീഷണിയായിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ജലത്താല്‍ സമൃദ്ധമായ ഇവിടെ നാം കുട്ടിക്കാലം മുതല്‍ അറിഞ്ഞിരിക്കേണ്ട ഒന്നാണ് നീന്തല്‍. സ്വന്തം ജീവന്‍ മറ്റുള്ളവരുടെ കയ്യില്‍ ഏല്‍പ്പിച്ച് അപകടത്തില്‍ ചാടാതെ സ്വയം തിരിച്ചറിയാനുള്ള മനസ് തന്നെയാണ് മുഖ്യപ്രതിരോധം. ഓരോ മുങ്ങിമരണവും നമുക്ക് നല്‍കുന്ന വലിയ സന്ദേശം കുറെ ഏറെ നഷ്ടങ്ങള്‍ മാത്രമാണ്. മരണകാരണമായേക്കാവുന്ന അത്യാഹിതങ്ങളില്‍ മറ്റുള്ളവ പോലെ ചര്‍ച്ച ചെയ്യാത്ത ഒന്നാണ് മുങ്ങിമരണം. നാഷണല്‍ ക്രൈം റിക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളത്തില്‍ ഒരു വര്‍ഷം മുങ്ങിമരിക്കുന്നവരുടെ എണ്ണം 1300 മുതല്‍ 1500 വരെയാണ്. ഇത് ദേശീയതലത്തില്‍ എത്തുമ്പോള്‍ 3,60,000 ത്തിന് മുകളില്‍ വരും. അശ്രദ്ധ മൂലമോ അപകടങ്ങള്‍ മൂലമോ ജലാശയങ്ങളിലാഴ്ന്നു പോകുന്നത് നിരവധി വിലപ്പെട്ട ജീവനുകളാണ്.
ഓരോ വീടിന്റെയും പ്രതീക്ഷകളും സ്വപ്‌നങ്ങളുമാണ് അതുവഴി അനാഥമാക്കപ്പെടുന്നത്. വെള്ളത്തില്‍ വീഴുന്നവരെ നാലുമിനിറ്റിനുള്ളില്‍ രക്ഷപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ മരണം ഉറപ്പാണ്. നദി, കുളം, പാറക്കെട്ട് എന്നിവിടങ്ങളിലാണ് മുങ്ങിമരണം കൂടുതലായി സംഭവിക്കുന്നത്. കൂട്ടംകൂടി കുളിക്കാനിറങ്ങുന്ന പലരും അപകടം പതിയിരിക്കുന്നത് അറിയാറില്ല. നീന്തല്‍ അറിയാത്തതാണ് പ്രധാന കാരണം. പരിശീലിക്കാതെ തന്നെ നീന്താനാകുമെന്ന് കരുതുന്നതും കുഴപ്പങ്ങള്‍ക്കിടയാക്കുന്നു. ഈ സാഹചര്യത്തില്‍ നീന്തല്‍ കുട്ടികളുടെ അടിസ്ഥാന പഠ്യേതര വിഷയത്തില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന് പ്രസക്തി ഏറെയാണ്.
പ്രഥമശുശ്രൂഷ പ്രധാനമാണ്
വെള്ളത്തില്‍ മുങ്ങിയാലുള്ള പ്രഥമ ശുശ്രൂഷ അറിയാം
കമഴ്‌ത്തിക്കിടത്തി കൈ രണ്ടും ശരീരത്തിന്റെ ഇരുവശത്തും വച്ചു തല ഒരുവശത്തേക്കു ചരിച്ചു വയ്‌ക്കണം. വായില്‍ നിന്നു, കല്ല്, മണ്ണ് ചെളി എന്നിവയുണ്ടെങ്കില്‍ മാറ്റണം.
കിടക്കുന്നയാളുടെ ഇടതുവശത്തു മുട്ടുകുത്തി നിന്നു രണ്ടു കൈകളും വാരിയെല്ലിന്റെ ഇടതുവശത്തും ചേര്‍ത്തു വിടര്‍ത്തിപ്പിടിച്ച് നെഞ്ച് തറയോടു ചേര്‍ത്ത് അമര്‍ത്തണം. ശരീരത്തിന്റെ ഭാരം മുഴുവന്‍ കൈകളില്‍ നല്‍കി വേണം ചെയ്യാന്‍. ഇങ്ങനെ 16, 20 പ്രാവശ്യം ചെയ്യാം.
മലര്‍ത്തിക്കിടത്തി വായോടു വായ് ചേര്‍ത്തു വച്ചു ശക്തിയായി ഊതി ശ്വാസം കൊടുക്കാം.
തുടര്‍ന്ന് ഒരാള്‍ നെഞ്ചിന്റെ ഇരുവശത്തും ശക്തിയായി അമര്‍ത്തുക. ഇതു നാലു പ്രാവശ്യം ചെയ്തുകഴിഞ്ഞ് അടുത്തയാള്‍ ഒരു പ്രാവശ്യം വായോടു വായ് ചേര്‍ത്തു ശ്വാസം നല്‍കാം. 4:1 എന്ന അനുപാതത്തില്‍ ഇതു തുടരാം.
ശരീരം തിരുമ്മി ചൂടാക്കുക, രക്തസ്രാവം ഉണ്ടെങ്കില്‍ തടയാന്‍ വേണ്ടതു ചെയ്യുക, മുഷ്ടിചുരുട്ടി നെഞ്ചിന്റെ നടുവിലായി അമര്‍ത്തുകയും ചെയ്യാം.
സ്പ്ലാഷ് ! വെറും ഫ്‌ളോപ്പ്…
സ്‌കൂള്‍ വിദ്യാര്‍ഥികളെ നീന്തലിന്റെ അടിസ്ഥാനപാഠങ്ങള്‍ പഠിപ്പിക്കാന്‍ കായികവകുപ്പ് 2019 ല്‍ പ്രഖ്യാപിച്ച പദ്ധതിയാണ് ‘സ്പ്ലാഷ്’. പദ്ധതിയുടെ തുടക്കത്തില്‍ അഞ്ചുകേന്ദ്രങ്ങളിലായി 6000 കുട്ടികളെ നീന്തല്‍ പഠിപ്പിക്കുമെന്നായിരുന്നു അന്നത്തെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചത്. നീന്തലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുക മാത്രമായിരുന്നില്ല സ്പ്ലാഷിന്റെ ഉദ്ദേശ്യം. 2012ല്‍ തിരുവനന്തപുരത്ത് നെടുമങ്ങാട് സ്‌കൂളില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച പദ്ധതിയുടെ പൊടി തട്ടിയെടുത്ത പുതിയ പതിപ്പായിരുന്നു പിന്നീട് 2019ല്‍ അതേപേരില്‍ വീണ്ടും അവതരിപ്പിച്ചത്. മികവു തെളിയിക്കുന്നവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി നീന്തല്‍ താരങ്ങളാക്കി വളര്‍ത്തിയെടുക്കുകയെന്നതും പദ്ധതിയുടെ ഭാഗമായിരുന്നു.
എന്നാല്‍ പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാര്‍ഥികള്‍ ഇന്ന് ദേശീയ നീന്തല്‍ താരങ്ങളായെന്ന് കരുതിയവര്‍ക്ക് തെറ്റി. 6000 പോയിട്ട് ആറ് പേര്‍ പോലും നീന്തലിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിച്ചില്ല. സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മുന്‍തൂക്കം നല്‍കിയായിരുന്നു പദ്ധതി. ഇതോടനുബന്ധിച്ച് പൂളുകളിലെ നീന്തല്‍ പഠനവും ചേര്‍ത്തിരുന്നു. എന്നാല്‍ അതും വെള്ളത്തില്‍ വരച്ച വര പോലെയായി.
കാസര്‍കോട് ജില്ലയിലെ പാലവയല്‍, വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരി, തൃശൂരിലെ ഇരിങ്ങാലക്കുട, ഇടുക്കിയിലെ തൊടുപുഴ, പാലക്കാട് യാക്കര എന്നീ അഞ്ച് കേന്ദ്രങ്ങളിലാണ് തുടക്കത്തില്‍ പദ്ധതി നടപ്പാക്കാനിരുന്നത്.
അഞ്ച് മാസത്തെ കാലാവധിയില്‍ ഒരു കേന്ദ്രത്തില്‍ 1200 കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നായിരുന്നു പ്രഖ്യാപനം. ആദ്യഘട്ട പരിശീലനത്തിനുശേഷം പദ്ധതി 14 ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും പറഞ്ഞു. കേരളത്തില്‍ മുങ്ങിമരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കായികവകുപ്പ് സ്പ്ലാഷ് നടപ്പാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ‘സ്പ്ലാഷ്’വെറും ഫ്‌േളാപ്പ് ആയി.
ജലാശയങ്ങളിലെ മുങ്ങിമരണം വര്‍ധിച്ച സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നീന്തല്‍ പരിശീലന പദ്ധതി നടപ്പാക്കാന്‍ ഫയര്‍ ഫോഴ്സ് തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച് ഫയര്‍ ഫോഴ്സ് ഇന്റേണല്‍ ഇന്റലിജന്‍സ് ആന്‍ഡ് വിജിലന്‍സ് വിഭാഗം ഫയര്‍ ഫോഴ്സ് മേധാവിക്ക് 2020ല്‍ റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കാലങ്ങളായി സംസ്ഥാനത്തൊട്ടാകെ പഠനവും റിപ്പോര്‍ട്ട് സമര്‍പ്പിക്കലും മാത്രമേ നടക്കുന്നുള്ളൂ എന്ന് വര്‍ഷാ വര്‍ഷം വര്‍ധിച്ചു വരുന്ന മരണറിപ്പോര്‍ട്ടുകള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.
(നാളെ: ആ നീന്തല്‍ താരങ്ങളൊക്കെ എവിടെ ?)
പ്രതികരിക്കാൻ ഇവിടെ എഴുതുക: