അമ്പലപ്പുഴ: തോട്ടപ്പള്ളിയിലെ കരിമണല്‍ ഖനന വിഷയത്തില്‍ സിപിഎം, സിപിഐ നേതാക്കളുടെ നിലപാടുകള്‍ ഇരട്ടത്താപ്പെന്ന് വിമര്‍ശനം. ഏറ്റവുമൊടുവില്‍ എച്ച്.സലാം എംഎല്‍എയും സിപിഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസും തമ്മിലുള്ള പോര്‍വിളി നാടകമാണെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്. വര്‍ഷങ്ങളായി തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനനം മൂലം തീരദേശം കടലെടുത്തിട്ടും തിരിഞ്ഞു നോക്കാത്ത എംഎല്‍എയും സിപിഐയും ഇപ്പോള്‍ സമൂഹ മാധ്യമത്തിലൂടെ പോര് വിളി നടത്തുകയാണ്.
തോട്ടപ്പള്ളി പൊഴിമുഖത്ത് മണല്‍ ഖനനം നടത്താന്‍ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎലിനാണ് ചുമതല നല്‍കിയിരുന്നത്. ഖനനത്തിന് ശേഷം ലഭിക്കുന്ന വെള്ള മണല്‍ തിരികെ തോട്ടപ്പള്ളിയില്‍ നിക്ഷേപിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ ഖനനം തുടങ്ങിയ നാള് മുതല്‍ കെഎംഎംഎല്‍ ഈ കരാര്‍ പാലിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴാണ് എംഎല്‍എ ഇതില്‍ ഇടപെടുന്നത്. തീരദേശത്തെയാകെ ദുരിതത്തിലാക്കിയ കരിമണല്‍ ഖനനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടും തിരിഞ്ഞു നോക്കാതിരുന്ന സിപിഎമ്മും എച്ച്.സലാം എംഎല്‍എയും ഇപ്പോള്‍ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ്.
കരിമണല്‍ ഖനനത്തിനെതിരെ തുടക്കത്തില്‍ സമര മുഖത്തുണ്ടായിരുന്ന സിപിഐ പിന്നീട് സമരം ഉപേക്ഷിച്ച് കരിമണല്‍ ഖനനത്തിന് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നു. വര്‍ഷങ്ങളായി കരിമണല്‍ ഖനനത്തിന്റെ മറവില്‍ ലക്ഷക്കണക്കിന് ടണ്‍ മണല്‍ കടത്തിയിട്ടും സര്‍ക്കാര്‍ നിര്‍ദേശിച്ച കരാര്‍ പാലിക്കാന്‍ കെഎംഎംഎല്‍ തയ്യാറാകുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍ക്കാരോ എംഎല്‍എയോ തയ്യാറായിട്ടില്ല.പ്രതിദിനം നൂറുകണക്കിന് ലോഡ് മണലാണ് ഇതിന്റെ മറവില്‍ കടത്തിയിരുന്നത്. ഇത് തോട്ടപ്പള്ളി മുതല്‍ വടക്കോട്ട് പുന്നപ്ര വരെ തീര ശോഷണത്തിന് കാരണമായിരിക്കുകയാണ്.
ഓരോ കടലാക്രമണം കഴിയുമ്പോഴും തീരം കൂടുതല്‍ കടലെടുത്തു കൊണ്ടിരിക്കുകയാണ്. ഇടത് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം പുതിയ കടല്‍ ഭിത്തി നിര്‍മാണമോ കടല്‍ ഭിത്തിയുടെ അറ്റകുറ്റപ്പണിയോ നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ക്ക് പരിഹാരം കാണാതെയാണ് സിപിഎം, സിപിഐ നേതാക്കള്‍ ഇപ്പോള്‍ മണല്‍ ഖനനത്തിന്റെ പേരില്‍ കള്ളക്കണ്ണീരൊഴുക്കുന്നത്. ആര്‍ജവമുണ്ടെങ്കില്‍ മണല്‍ ഖനനം നിര്‍ത്താന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ എംഎല്‍എയും സിപിഐയും തയ്യാറാകണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: