തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ പകര്‍ച്ചപ്പനികള്‍ വ്യാപകമാകുമ്പോഴും പ്രതിരോധ നടപടി സ്വീകരിക്കാതെ സംസ്ഥാന ആരോഗ്യവകുപ്പ്. ദൈനംദിനം പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യവകുപ്പ് പുറത്തുവിട്ട അവസാന കണക്കു പ്രകാരം കഴിഞ്ഞദിവസം മാത്രം സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടി എത്തിയത് 15,731 പേരാണ്.
ഇതില്‍ 81 പേര് ആശുപത്രിയില്‍ അഡ്മിറ്റായി. ഡെങ്കി പനി സ്ഥിരീകരിച്ചത് 14 പേര്‍ക്കും എലിപ്പനി ബാധിച്ചത് ആറുപേര്‍ക്കും എച്ച്വണ് എന്‍വണ്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചു. ഏഴാം തീയതി 14,559 പേര് പനി ബാധിച്ച് ചികിത്സ തേടിയപ്പോള്‍ 78 പേര് ആശുപത്രിയിലാണ്. ഡെങ്കിപനി 12 പേര്‍ക്കും എലിപ്പനി മൂന്നു പേര്‍ക്കും എച്ച്വണ് എന്‍വണ്‍ ഒരാള്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് കൂട്ടികളിലും പനി പടര്‍ന്നു പിടിക്കുകയാണ്. തക്കാളിപ്പനിയാണ് (ഹാന്‍ഡ് ഫൂട്ട് മൗത്ത് ഡിസീസ്) കുട്ടികളില്‍ പടരുന്നത്. ഛര്‍ദിയും കടുത്തപനിയും കാരണം കുട്ടികള്‍ അവശരാകുകയാണ്. അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ കൈവെള്ള, പാദം, വായ, ചുണ്ട് എന്നിവിടങ്ങളില്‍ കണ്ടുവരുന്ന വൈറസ് രോഗമാണിത്.
പകര്‍ച്ചപ്പനികള്‍ വ്യാപകമായി പടരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമമാണെന്നത് സ്ഥിതിഗതി രൂക്ഷമാക്കുന്നു. മരുന്ന് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയെങ്കിലും ഇന്നലെയും സംസ്ഥാനത്തെ പ്രധാന ആശുപത്രികളില്‍ മരുന്നു ക്ഷാമം നിലനില്ക്കുക തന്നെയാണ്.
മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ മിക്ക ജില്ലകളിലും പേരിന് പോലും നടന്നില്ല. പകര്‍ച്ചപ്പനി പടര്‍ന്നുപിടിക്കുന്ന പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പ് പ്രത്യേക സംഘത്തെ നിയോഗിക്കുകയോ മാലിന്യനിര്‍മാര്‍ജനത്തിനും കൊതുകു നിര്‍മാജനത്തിനും ചെയ്യേണ്ട നടപടികള്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: