മാഹി: ചെണ്ടമേളത്തില്‍ കൊട്ടിക്കയറാന്‍ തീവ്രപരിശീലനവുമായി വളവില്‍ ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ 50 പേര്. പൊന്നാരം സത്യന് ബാലുശ്ശേരിയുടെ ശിക്ഷണത്തിലാണ് പരിശീലനം നടക്കുന്നത്. അദ്ദേഹത്തിന്റെ സഹായികളായി ശിഷ്യന്മാരായ വടകര, കുരിയാടി ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ഗുരുക്കന്മാരായ രാജേഷ്, സനൂപ് എന്നിവരും ഉണ്ട്. ക്ഷേത്രത്തിലെ ഗുരുക്കന്മാരായ വിജയന്, വിനോദന്‍, മുന്‍ കോലുകാരായ പ്രജിത്ത്, രമിത്ത്, സച്ചിന് എന്നിവരും ഒപ്പം ചേരുന്നു.
ഉത്സവലഹരിയിലാണ് ക്ഷേത്രപരിസരം. കാഴ്ചക്കാരായി നിരവധി പേരാണ് ഇവിടെയെത്തുന്നത്. ക്ലാസ്സ് തുടങ്ങിയിട്ട് 2 മാസമായി. 7 വയസ്സു മുതല്‍ 50 വയസ്സ് വരെയുള്ള അമ്പതോളം ആളുകള്‍ ക്ഷേത്രകലകള്‍ പഠിപ്പിക്കുവാന്‍ പ്രത്യേകമായി കെട്ടിയുണ്ടാക്കിയ കളരിയില്‍ പഠനത്തിനായി ദിവസേനയെത്തുന്നുണ്ട്. ക്ഷേത്ര ആവശ്യത്തിനായിട്ടാണ് മേളം പഠിപ്പിക്കുന്നത്. പഠനം പൂര്‍ത്തിയാക്കുന്നവര്‍ ക്ഷേത്ര ആവശ്യത്തിനായി വന്ന് കൊട്ടണമെന്ന നിബന്ധന മാത്രമേ ഉള്ളൂ. തികച്ചും സൗജന്യമായ പഠനത്തിന് ആര്‍ക്കും ചേരാന്‍ സാധിക്കും.
പഞ്ചാരിമേളം, പാണ്ടി, ചെമ്പട, ചെമ്പ എന്നീ മേളങ്ങളാണ് പഠിപ്പിക്കുന്നത്. മുന്‍കാലങ്ങളില്‍ സാധാരണ മേളമായിരുന്നു പഠിപ്പിച്ചിരുന്നത്. ആചാരലംഘനമില്ലാതെ കാലാനുസൃതമായ മാറ്റം വരുത്തിയ മേളം പഠിപ്പിക്കുവാന്‍ തുടങ്ങിയത് 6 വര്‍ഷം മുമ്പാണ്. രണ്ടാമത്ത ബാച്ചാണ് ഇപ്പോള്‍ പരിശീലനം നേടിക്കൊണ്ടിരിക്കുന്നത്. കൊറോണ കാരണമാണ് ഇത്ര വൈകിയത് അല്ലങ്കില്‍ 4 ബാച്ചെങ്കിലും പുറത്തിറങ്ങിയിട്ടുണ്ടാകും.
അയല്‍പ്രദേശങ്ങളിലെ കടലോരത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും ഇവിടെ പഠിപ്പിക്കുന്ന മേളം തന്നെയാണ്. ഇതിന്റെ കൂടെ കൊമ്പുകുഴലും കൂടി ചേര്‍ത്താല്‍ ഗംഭീരമാകും. ഏകദേശം 4-5 മാസം കൊണ്ട് ഇവര്‍ പഠനം പൂര്‍ത്തിയാക്കും. ഇതിനുശേഷം കൊമ്പും കുഴലും കൂടി പഠിപ്പിക്കുന്നുണ്ട്. ക്ഷേത്ര ആവശ്യത്തിന് വേണ്ടി വളവില്‍ ശ്രീകുറുമ്പ ഭഗവതി ക്ഷേത്ര സമിതിയാണ് ഇതിന് വേണ്ടുന്ന എല്ലാവിധ സഹായവും നല്‍കുന്നതെന്ന് സമാജം പ്രസിഡണ്ട് രഞ്ചിത്ത് പാറമേലും സെക്രട്ടറി രതീശനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: