പനാജി: ഗോവയില്‍ പ്രതിപക്ഷനേതാവ് മൈക്കിള്‍ ലോബോയെ സ്ഥാനത്തുനിന്നും നീക്കി കോണ്‍ഗ്രസ്. ലോബോയും എംഎല്‍എമാരും പാര്‍ട്ടിവിട്ട് ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് നീക്കം. മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എംഎല്‍എയുമായ ദിഗംബര്‍ കാമത്തുമായി ചേര്‍ന്ന് പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് നടപടി.
നിരവധി കേസുകള്‍ ഉള്ളതിനാല്‍ സ്വയരക്ഷക്കായാണ് കാമത്ത് ബിജെപില്‍ ചേരാന്‍ ഒരുങ്ങുന്നതെന്ന് ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേഷ് ഗുണ്ടു റാവു കുറ്റപ്പെടുത്തി. ബിജെപി പണമടക്കം ഉപയോഗിച്ച് പ്രതിപക്ഷത്തെ അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദേഹം ആരോപിച്ചു.
11ല്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാണ്. ഞായറാഴ്ച നടന്ന കോണ്‍ഗ്രസ് യോഗത്തില്‍ ആകെ 2 കോണ്‍ഗ്രസ് എംഎഎല്‍എമാര്‍ മാത്രമാണ് പങ്കെടുത്തതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
പ്രതിപക്ഷനേതാവ് മൈക്കല്‍ ലോബോ ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ വസതിയിലെത്തി ചര്‍ച്ച നടത്തിയിരുന്നു. രണ്ട് എംഎഎല്‍എമാര്‍ക്കൊപ്പമെത്തിയാണ് പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തുമായി കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയാണ് ബിജെപി പ്രവേശനം ഉറപ്പിച്ചത്.
ദിഗംബര്‍ കാമത്തിന്റെ നേതൃത്വത്തിലാണ് എംഎഎല്‍എമാര്‍ ഒന്നടങ്കം ബിജെപിയിലേക്ക് പോകുമെന്ന് പറയുന്നു. അങ്ങിനെയെങ്കില്‍ ഗോവയിലും കോണ്‍ഗ്രസ് മുക്തമായ സ്ഥിതിവിശേഷം ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: