സംസ്ഥാനത്ത് വര്‍ഷാവര്‍ഷം വ്യത്യസ്തമായ നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്. എന്നാല്‍ അവയൊക്കെ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്നും പദ്ധതി പുതുക്കുന്നുണ്ടോയെന്നുമൊക്കെ പരിശോധിച്ചാല്‍ പകുതിയില്‍ താഴെ മാത്രമേ ഉണ്ടാകൂ എന്ന് വ്യക്തമാകും. അടുത്തിടെ സംസ്ഥാനത്ത് മുങ്ങിമരിച്ചവരുടെ കണക്ക് പരിശോധിച്ചാല്‍ മുന്‍ വര്ഷങ്ങളിലേക്കാള് വളരെ കൂടുതലാണ്. മുങ്ങിമരണം തടയുന്നതിന് സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പന്ത്രണ്ടിലധികം പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
കേരളത്തില്‍ ഏറ്റവുമധികം ആളുകള്‍ മരിക്കുന്നത് വാഹനാപകടം മൂലമാണ്. രണ്ടാമത് മുങ്ങിമരണവും. 2017ലെ കണക്ക് പ്രകാരം 4131 പേര് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ 1508 പേരാണ് മുങ്ങിമരിച്ചത്. ഇതില്‍ 571 പേര് കുട്ടികളാണ്. 247 സ്ത്രീകളും കഴിഞ്ഞ വര്‍ഷം മുങ്ങിമരിച്ചു. 2016ല്‍ 1350 പേരും 2015ല്‍ 1380 പേരും സംസ്ഥാനത്ത് മുങ്ങിമരിച്ചു. കഴിഞ്ഞവര്‍ഷത്തെ കണക്കനുസരിച്ച് ശരാശരി മൂന്ന് മുതല്‍ നാലുപേര്‍ വരെ ദിനംപ്രതി കേരളത്തില്‍ മുങ്ങിമരിക്കുന്നുണ്ട്. കേരളത്തില്‍ സംഭവിക്കുന്ന അസ്വാഭാവികമരണങ്ങളില്‍ പതിനഞ്ച് ശതമാനത്തോളം വെള്ളത്തില്‍ മുങ്ങിയുള്ളതാണ്. ഭൂരിഭാഗം കുട്ടികളുടെയും അസ്വാഭാവിക മരണം കുളത്തിലോ പുഴയിലോ ഉള്ള മുങ്ങിമരണമാണ്.
2011ല്‍ എം.എ. ബേബി വിദ്യാഭ്യാസ മന്ത്രിയായിരിക്കുന്ന കാലയളവില്‍ നീന്തല്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു, 2018ല്‍ നീന്തല്‍ പഠനവിഷയമാക്കുമെന്ന് തുടര്‍ന്ന് വന്ന മന്ത്രിമാര്‍ വീണ്ടും ആവര്‍ത്തിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളെ നീന്തലിന്റെ അടിസ്ഥാന പാഠങ്ങള്‍ പഠിപ്പിക്കാന്‍ 2019ല്‍ കായിക വകുപ്പ് സ്പ്ലാഷ് എന്ന പേരില്‍ പദ്ധതിയും ആവിഷ്കരിച്ചു. കുട്ടികള്‍ മുങ്ങിമരിക്കുന്നത് വര്‍ധിച്ച സാഹചര്യത്തില്‍ അവസാനമായി ബാലാവകാശ കമ്മീഷനും നിര്‍ദ്ദേശം മുന്നോട്ടുവച്ചു. എന്നാല്‍ ഇതൊന്നും നടപ്പായില്ലെന്ന് മാത്രമല്ല ആരും അത്ര കാര്യമായി ഗൗനിച്ചുമില്ല.
മുങ്ങിമരണങ്ങള്‍ അടുത്തിടെയായി വര്‍ധിച്ചുവരികയാണ്. ബാത് ടബ്ബില്‍ മുങ്ങിമരിച്ച നടി ശ്രീദേവിയും വീട്ടിലെ നീന്തല്‍ക്കുളത്തില്‍ വീണു മരിച്ച ഗായിക ചിത്രയുടെ മകള്‍ നന്ദനയും മലങ്കര ജലാശയത്തില്‍ മുങ്ങിമരിച്ച നടന് അനില്‍ നെടുമങ്ങാടും തുടങ്ങി ഒടുവില്‍ കോഴിക്കോട് പുഴയില്‍ ജീവനൊടുങ്ങിയ പിഞ്ചോമനകളും കണ്ണീരോര്‍മകളാണ്. കണ്മുന്നില് നിറയുന്ന ഇത്തരം അപകടവാര്‍ത്തകള്‍ നിരവധിയാണ്. ഒരു നിമിഷത്തെ അശ്രദ്ധയാകാം പലരുടെയും ജീവന് നഷ്ടപ്പെടുത്തുന്നത്.
മുങ്ങിമരണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇത്തരം അപകടങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ വിവിധ പദ്ധതികളിലൂടെ ഊര്‍ജിത നടപടി സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രി അടുത്തിടെ നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ വര്‍ഷാവര്‍ഷം പ്രഖ്യാപനങ്ങള്‍ നടക്കുന്നതല്ലാതെ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.
ഈ പ്രഖ്യാപനങ്ങള്‍ ആരെ പ്രീതിപ്പെടുത്താന്‍…?
കുട്ടികളുടെ മുങ്ങിമരണം തടയുന്നതിനായി ആദ്യഘട്ടത്തില്‍ 3150 വിദ്യാര്‍ഥികള്‍ക്കു പ്രാഥമിക നീന്തല്‍ പരിശീലനം നല്‍കുകയും പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിജ്ഞാനം ഉള്‍പ്പെടുത്തുന്നതിനു വിദ്യാഭ്യാസ വകുപ്പിനും എസ്സിഇആര്ടി ഡയറക്ടര്‍ക്കും ശുപാര്‍ശ നല്‍കിയെന്നും അടുത്തിടെ മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച ചില സര്‍ക്കുലറുകള്‍ വന്നതല്ലാതെ ഉത്തരവുകള്‍ ഒന്നും തന്നെ നാളിതുവരെ അധികൃതര്‍ക്ക് ലഭ്യമായിട്ടില്ല.
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നീന്തല്‍ പരിശീലനം സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് ബാലാവകാശ കമ്മീഷന് ഉത്തരവായി. എന്നാല്‍ അവിടെയും തുടര്‍നടപടികള്‍ ഒന്നും ഉണ്ടായില്ല. മുഴുവന്‍ സ്കൂള്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും നടപടി സ്വീകരിക്കണമെന്നും കമ്മീഷന് ഉത്തരവില്‍ പറയുന്നു.
കുട്ടികള്‍ പുഴകളിലോ തടാകത്തിലോ കിണറുകളിലോ വീണ് ജീവന് നഷ്ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് വര്‍ധിച്ചുവരുന്നതായും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മാര്‍ഗരേഖ പുറപ്പെടുവിക്കുന്നതിലൂടെ നിരവധി ജീവനുകള്‍ രക്ഷിക്കാന്‍ കഴിയുമെന്നും വിലയിരുത്തിയ കമ്മീഷന്, ഉപയോഗശുന്യമായ പൊതുകിണറുകള്‍ നികത്താനും പൊതുസ്ഥലത്തെ കിണറുകള്‍ക്ക് ഭിത്തി നിര്‍മ്മിക്കാനും കുളങ്ങള്‍ സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കാനും റവന്യു വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശവും നല്കി. എന്നാല്‍ ഉത്തരവുകള്‍ കടലാസില്‍ മാത്രം ഒതുങ്ങി. അപ്പോഴും ജലാശയങ്ങളില്‍ പൊലിയുന്നത് സാധാരണക്കാരുടെ മക്കളുടെ ജീവനും.
2021 ജനുവരി മുതല്‍ ഡിസംബര്‍ 31 വരെ 1102 പേരാണ് നമ്മുടെ കൊച്ചു കേരളത്തില്‍ മുങ്ങിമരിച്ചത്. മുന്‍വര്‍ഷങ്ങളില്‍ ആയിരത്തില്‍ താഴെ ആയിരുന്നു മുങ്ങിമരണം. കൊല്ലം ജില്ലയിലാണ് കഴിഞ്ഞവര്‍ഷം കൂടുതല്‍ പേര് മുങ്ങിമരിച്ചത്. 153 പേര്. ഏറ്റവും കുറവ് ഇടുക്കി ജില്ലയില്‍. ഇവിടെ 39 പേര് മരിച്ചു. 2021ല്‍ 18 വയസിന് മുകളിലുള്ള 667 പുരുഷന്മാരും 18 വയസിന് താഴെയുള്ള 130 പുരുഷന്മാരും മുങ്ങിമരിച്ചു. 18 വയസിന് മുകളിലുള്ള 260 സ്ത്രീകളും 18 വയസിന് താഴെയുള്ള 45 സ്ത്രീകളും മുങ്ങിമരിച്ചിട്ടുണ്ട്. പണ്ടുകാലത്ത് ഗ്രാമങ്ങളില്‍ കുട്ടികളുടെ പ്രധാന അവധിക്കാല വിനോദം നീന്തലായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ കുട്ടികളെ നീന്താന്‍ വിടാന്‍ രക്ഷിതാക്കള്‍ക്ക് മടിയാണ്. നഗരങ്ങളിലെ നീന്തല്‍ക്കുളങ്ങളില്‍ പരിശീലിക്കുന്നത് സാധാരണക്കാര്‍ക്ക് സാമ്പത്തിക കാരണങ്ങളാല്‍ അപ്രാപ്യവുമായി. സംസ്ഥാനത്തെ സ്കൂളുകളില്‍ അക്കാദമികേതര മികവ് ലക്ഷ്യംവെച്ച് പാഠ്യപദ്ധതിയില്‍ നീന്തല്‍ പരിശീലനവും ഉള്‍പ്പെടുത്തുമെന്ന് 2019ല്‍ അന്നത്തെ വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് തൃശൂരില്‍ വ്യക്തമാക്കിയിരുന്നു.
2021ല്‍ മുങ്ങിമരിച്ചവര്‍ (ജില്ല തിരിച്ചുള്ള ഔദ്യോഗിക കണക്ക്)
- തിരുവനന്തപുരം 142
- കൊല്ലം 153
- പത്തനംതിട്ട 50
- ആലപ്പുഴ 75
- കോട്ടയം 51
- എറണാകുളം 107
- ഇടുക്കി 39
- തൃശ്ശൂര്‍ 116
- പാലക്കാട് 75
- മലപ്പുറം 34
- കോഴിക്കോട് 80
- വയനാട് 25
- കണ്ണൂര്‍ 112
- കാസര്‍കോട് 44
എന്തുകൊണ്ട് ഇത്രയേറെ…!
മധ്യവേനലവധി കാലയളവില്‍ കുട്ടികള്‍ ബന്ധുവീടുകളിലും സുഹൃത്തുക്കളുടെ അടുത്തും, ആഘോഷത്തിനായി എത്തുന്നവരും പരീക്ഷക്കാലം പിന്നിട്ട് വിനോദയാത്രകള്‍ കൂടുതലുള്ള സമയത്താണ് ഏറെ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അടുത്തിടെയായി കൗമാരക്കാരുടെ ഇടയില്‍ മദ്യപാനശീലം വ്യാപകമായതായാണ് പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മദ്യപിച്ചശേഷം കുളിക്കാന്‍ ഇറങ്ങുന്നതും അപകടത്തിനിടയാക്കും. പുഴയിലും ബീച്ചിലുമൊക്കെ മുന്നറിയിപ്പ് വകവെക്കാതെ കുളിക്കാനിറങ്ങുന്നതാണ് അപകടകാരണമാകുന്നത്. ചില സ്ഥലങ്ങളില്‍ മതിയായ മുന്നറിയിപ്പ് ലഭ്യമാകാത്തതും അപകടകാരണമാകുന്നു. കുളിക്കാനായി ഇറങ്ങുന്ന പുഴക്കടവിലെയോ കനാലിലെയോ ബീച്ചിലെയോ ആഴം കൃത്യമായി മനസിലാകാത്തതും കുളിക്കുന്നതിനിടെ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളും (ഹൃദ്രോഗം, അപസ്മാരം, ബോധക്ഷയം) എന്നിവയും മുങ്ങിമരണത്തിനിടയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: