മാസങ്ങളായി തുടരുന്ന ശ്രീലങ്കയിലെ ആഭ്യന്തര കലാപം പുതിയൊരു പതനത്തിലെത്തിയിരിക്കുന്നു. കടുത്ത പ്രതിഷേധം പ്രകടിപ്പിച്ച ജനങ്ങള്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയതോടെ സ്ഥിതിഗതികള്‍ ഇനി എങ്ങോട്ടാണ് പോവുകയെന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥയാണ്. പ്രസിഡന്റ് ഗോദഭയ രജപക്ഷെ കുടുംബാംഗങ്ങളുമൊത്ത് കപ്പലില്‍ ശ്രീലങ്ക വിട്ടെന്നും, അതല്ല രാജ്യത്തു തന്നെ സൈനിക സംരക്ഷണത്തില്‍ രഹസ്യ കേന്ദ്രത്തില്‍ കഴിയുകയാണെന്നും പരസ്പര വിരുദ്ധമായ റിപ്പോര്‍ട്ടുകളുണ്ട്. അഭൂതപൂര്‍വമായ ജനകീയ പ്രതിഷേധത്താല്‍ പ്രതിസന്ധി രൂക്ഷമായതോടെ പ്രധാനമന്ത്രി പദം മാറേണ്ടി വന്ന മഹിന്ദ രാജപക്ഷെയ്ക്കു പകരം സ്ഥാനമേറ്റ റെനില്‍ വിക്രമസിംഗെയ്ക്കും രാജിവയ്ക്കേണ്ടി വന്നിരിക്കുകയാണ്. സര്‍വകക്ഷി സര്‍ക്കാരിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ഇപ്പോഴത്തെ നിലയ്ക്ക് അത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യ-ഇന്ധന ക്ഷാമവും രൂക്ഷമായതോടെയാണ് ജനങ്ങള്‍ തെരുവിലിറങ്ങാന്‍ തുടങ്ങിയത്. വലിയ തോതില്‍ അക്രമസംഭവങ്ങളും അരങ്ങേറുകയുണ്ടായി. ഇതിനെ തുടര്‍ന്ന് അന്നത്തെ ധനമന്ത്രി രാജിവയ്ക്കുകയും പ്രതിപക്ഷത്തുള്ള വിക്രമ സിംഗെ പ്രധാനമന്ത്രിയാവുകയും ചെയ്യുകയായിരുന്നു. എന്നിട്ടും പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാതായതോടെ ഈ സര്‍ക്കാരിലുള്ള വിശ്വാസവും ജനങ്ങള്‍ക്ക് നഷ്ടപ്പെടുകയായിരുന്നു. അങ്ങനെയിരിക്കെയാണ് സൈന്യത്തിന്റെ നിയന്ത്രണങ്ങള്‍ വകവയ്ക്കാതെ ആയിരക്കണക്കിന് ജനങ്ങള്‍ സ്വന്തം നിലയ്ക്ക് സംഘടിച്ചതും പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറി തോന്നിയതൊക്കെ ചെയ്തുകൂട്ടിയതും.
ഇതിനോടകം പല നയതന്ത്ര വിദഗ്ദ്ധരും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ ശ്രീലങ്കയുടെ പ്രതിസന്ധി രാഷ്ട്രീയമല്ല, സാമ്പത്തികമാണ്. അതുകൊണ്ടാണ് ഭരണാധികാരികളും സര്‍ക്കാരുകളും മാറിയതുകൊണ്ട് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാത്തത്. ടൂറിസത്തില്‍നിന്നും വസ്ത്രനിര്‍മാണത്തില്‍നിന്നുമുള്ള വരുമാനമാണ് ശ്രീലങ്കയ്ക്ക് ഉണ്ടായിരുന്നത്. കൊവിഡ് മഹാമാരി ഈ രണ്ടു മേഖലയ്ക്കും തിരിച്ചടിയായി. കാലങ്ങളായി സവിശേഷമായ ഉല്പ്പാദനമേഖലകളൊന്നുമില്ലാത്തതിനാല് സ്വന്തമായ വരുമാനം ഇല്ലായിരുന്നു. കടമെടുത്ത് കാര്യങ്ങള്‍ ഒരുവിധം കൊണ്ടുനടക്കുകയാണ് ലങ്കന്‍ സര്‍ക്കാരുകള്‍ ചെയ്തത്. സര്‍ക്കാരുകള്‍ മാറിമാറി വന്നപ്പോഴും കടമെടുപ്പ് നിര്‍ബാധമായി തുടര്‍ന്നുകൊണ്ടിരുന്നു. ഐഎംഎഫില്‍നിന്നും ലോകബാങ്കില്‍നിന്നുമൊക്കെയുള്ള കടമെടുപ്പിന് പരിമിതികളും നിയന്ത്രണങ്ങളുമുണ്ട്. അപ്പോള്‍ മറ്റ് രാജ്യങ്ങളില്‍നിന്ന് കടമെടുക്കാന്‍ തുടങ്ങി. കുറഞ്ഞ പലിശയ്ക്ക് ചൈന കടം കൊടുക്കാന്‍ തയ്യാറായതോടെ അങ്ങോട്ടുചാഞ്ഞു. എന്നാല്‍ ചൈനയുടെ ഈ സാമ്പത്തിക സഹായത്തിന് ഒരുപാട് ചരടുകളുണ്ടായിരുന്നു. ഇത് ലങ്കന്‍ നേതൃത്വത്തിന് ആദ്യം തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ചൈനയുമായി ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയില്‍ മുന്നറിയിപ്പുകള്‍ അവഗണിച്ച് ലങ്ക പങ്കാളിയായി. വാങ്ങിയ പണത്തിന്റെ പലിശ തിരിച്ചടക്കാനാവാതെ ഹമ്പന്തോട്ട തുറമുഖം ചൈനയുടെ കയ്യിലായി. ചൈനയുടേത് വലിയൊരു കെണിയായിരുന്നുവെന്ന് ഇപ്പോഴാണ് ലങ്കന്‍ ഭരണനേതൃത്വം തിരിച്ചറിയുന്നത്. പക്ഷേ സമയം വല്ലാതെ വൈകിപ്പോയിരിക്കുന്നു.
ചൈനയുടെ ബെല്‍ട്ട് ആന്‍ഡ് റോഡ് പദ്ധതിയില്‍ പല രാജ്യങ്ങളും ചേര്‍ന്നെങ്കിലും ഭാരതം അതുമായി സഹകരിച്ചില്ല. നരേന്ദ്ര മോദി സര്‍ക്കാര്‍ ഇതിന് വല്ലാതെ പഴി കേട്ടു. ഭാരതം ഒറ്റപ്പെടുമെന്നായിരുന്നു വിമര്‍ശനം. എന്നാല്‍ ചൈന സ്ഥാപിത താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതി ആവിഷ്കരിച്ചതെന്ന് അതുമായി സഹകരിച്ച രാജ്യങ്ങള്‍ പിന്നീട് തിരിച്ചറിഞ്ഞപ്പോള്‍ ഭാരതത്തിന്റെ നിലപാടാണ് ശരിയെന്നു വന്നു. ശ്രീലങ്കയെ വന്‍ കടക്കെണിയിലാക്കുകയും സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിടുകയും ചെയ്ത ചൈന ഇപ്പോള്‍ വെറും കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണ്. സ്വന്തം പൗരന്മാര്ക്ക് ഭക്ഷണം പോലും നല്‍കാനുള്ള വരുമാനം കണ്ടെത്താനാവാതെ ലങ്കന്‍ ഭരണകൂടം വലയുമ്പോള്‍ സഹായിക്കാന്‍ ചൈന ഒരുക്കമല്ല. ഭാരതം മാത്രമാണ് കഴിയാവുന്നവിധത്തിലൊക്കെ ശ്രീലങ്കയെ സഹായിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം 350 കോടി യുഎസ് ഡോളറിന്റെ സഹായം ഭാരതം നല്‍കിക്കഴിഞ്ഞു. ഇന്ധനമെത്തിച്ചതിനു പുറമെ അവശ്യ മരുന്നുകളും, അരി, പാല്‍പ്പൊടി, മണ്ണെണ്ണ മുതലായ ദൈനംദിന ഉപയോഗത്തിനുള്ള സാധനങ്ങളും ഭാരതം കൈമാറുകയുണ്ടായി. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കില്‍ വന്‍തോതിലുള്ള അഭയാര്‍ത്ഥി പ്രവാഹ ഭീഷണിയും ഭാരതം നേരിടുന്നുണ്ട്. കടമെടുത്ത് സമ്പദ്വ്യവസ്ഥയെ താങ്ങിനിര്ത്താമെന്നു കരുതുന്നവര്‍ക്ക് ശ്രീലങ്കയുടെ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി ഒരു മുന്നറിയിപ്പാണ്. വരുമാനത്തെക്കാള്‍ കൂടുതല്‍ കടമെടുക്കുന്ന കേരളമുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സില്‍വര്‍ ലൈന്‍ പദ്ധതി പോലെ ജനജീവിതത്തിന് ഗുണകരമല്ലാത്ത ഫാന്‍സി പദ്ധതികള്‍ നടപ്പാക്കി കമ്മീഷന് കൈപ്പറ്റാന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ ശ്രീലങ്കയിലെ ജനകീയ പ്രക്ഷോഭം കണ്ണുതുറന്നു കാണണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: