തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സത്യം പുറത്തുവരുമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടന്ന വിവാദവിഷയങ്ങളെക്കുറിച്ച് വിദേശകാര്യമന്ത്രാലയത്തിന് ബോധ്യമുണ്ടെന്നും നടക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ഉണ്ടായിയെന്നും ജയശങ്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ കണ്ടില്ലെന്ന് നടിയ്ക്കാനാകില്ല. സര്‍ക്കാരായാലും നയതന്ത്രപരിരക്ഷയുള്ള വ്യക്തിയായാലും എതൊരാളാണെങ്കിലും നിയമവിധേയമായി പ്രവര്‍ത്തിക്കണം.
കോടതിയുടെ മുന്നിലുള്ള വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതകരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കും മറ്റ് രാജ്യങ്ങള്‍ക്കും ഇപ്പോള്‍ തെറ്റിദ്ധാരണയില്ല. ഇന്ത്യയുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. രാഷ്ട്രീയപരമായും അല്ലാതെയും തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ സര്‍ക്കാരിനെതിരെയുണ്ടാകും. ഇതിനെ നേരിടാനുള്ള ആത്മവിശ്വാസം സര്‍ക്കാരിനുണ്ട്.
കൊവിഡ് കാലത്ത് ഇന്ത്യയുടെ വാക്സിനിലും ഇന്ത്യയുടെ സാമ്പത്തികസ്ഥിതിയിലും ഒക്കെ സംശയം പ്രകടിപ്പിച്ചവരുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വാക്സിന് 150 രാജ്യങ്ങളിലെത്തി. മറ്റു രാജ്യങ്ങളില്‍ മരുന്നുകളെത്തി. എട്ടു വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് വിദേശരാജ്യങ്ങള്‍ ഇന്ത്യയുടെ മികവിനെ അംഗീകരിച്ചിട്ടുണ്ട്. രാജ്യത്ത് തൊഴിലധിഷ്ഠിത വ്യവസായങ്ങള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കന്‍ പ്രശ്നം വളരെ ഗുരുതരമായ വിഷയമാണ്. പ്രധാനമന്ത്രി വിഷയത്തില്‍ പ്രത്യേക പരിശ്രമം നടത്തുന്നുണ്ട്. ശ്രീലങ്കയ്ക്ക് പണമായും അവശ്യവസ്തുക്കളായും ഇന്ധനമായും ഇന്ത്യ സഹായം നല്‍കുന്നുണ്ട്. സുഹൃദ് രാജ്യങ്ങളും അയല്‍രാജ്യങ്ങളും പ്രതിസന്ധിയിലായാല്‍ സഹായിക്കുക എന്നത് ഇന്ത്യയുടെ നയമാണ്. ഇന്ത്യയുടെ നിലപാടിനെ ലോകരാജ്യങ്ങള്‍ പ്രകീര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ശ്രീലങ്കന്‍ വിഷയങ്ങളുടെ പശ്ചാത്തലത്തില്‍ കേരള തമിഴ്നാട് തീരങ്ങളില്‍ പ്രത്യേക ജാഗ്രത ആവശ്യമില്ല.
ഇപ്പോഴത്തേത് ശ്രീലങ്കയ്ക്കുള്ളിലെ പ്രശ്നം മാത്രമാണ്. ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ വളര്‍ച്ച കേരളത്തിലുമുണ്ടാകും. കേരളത്തില്‍ ബിജെപി ഘട്ടം ഘട്ടമായി വളരുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.മുരളീധരന്, ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്, ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്, ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: