ശശി നാരായണന്
ലോകം കണ്ട സര്‍ഗ്ഗാത്മക സംവിധായകരില്‍ ഏറ്റവും പ്രമുഖനായിരുന്നു പീറ്റര്‍ ബ്രൂക്ക്. പ്രൊസീനിയം അരങ്ങിന്റെ ജടിലതകളുപേക്ഷിച്ച് സ്ഥലകാലക്രിയാ വിന്യാസത്തിന്റെ നൂതന യത്നങ്ങള്‍ നടത്തി വിജയം വരിച്ച സംവിധായകനായിരുന്നു അദ്ദേഹം. 1925 ല്‍ ബ്രിട്ടണില്‍ ജനിച്ച പീറ്റര്‍ ബ്രൂക്ക് ഇക്കഴിഞ്ഞ ജൂലായ് രണ്ടിന് പാരീസിലാണ് അരങ്ങൊഴിഞ്ഞത്.
”ഏതു ശൂന്യസ്ഥലിയും ഞാന്‍ അരങ്ങാക്കിമാറ്റും”- എന്നാണ് തന്റെ സൈദ്ധാന്തിക ഗ്രന്ഥമായ ‘ശൂന്യസ്ഥലി’ (ഠവല ഋാു്യ ടുമരല) യില്‍ അദ്ദേഹം മുന്നോട്ടുവച്ച രംഗദര്‍ശനം.
ജിംനേഷ്യം, ഉപേക്ഷിക്കപ്പെട്ട കല്ലുവെട്ടുകുഴി (വെണ്ണക്കല്‍ ക്വാറി) ഫാക്ടറി, വിദ്യാലയാങ്കണം, കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും കോളനികള്‍ എന്നിങ്ങനെ വിവിധ ഇടങ്ങള്‍ അദ്ദേഹം നാടക അരങ്ങാക്കി മാറ്റി.
കുട്ടിക്കാല രോഗങ്ങള്‍ പരിഗണിച്ച് രണ്ടാം ലോകമഹായുദ്ധകാലത്തെ നിര്‍ബന്ധിത സൈനികസേനവത്തില്നിന്നൊഴിവാക്കപ്പെട്ട പീറ്റര്‍ ബ്രൂക്ക് ഓക്സ്ഫഡില്‍നിന്ന് ഭാഷാശാസ്ത്രത്തില്‍ ബിരുദമെടുത്തു. പിന്നീട് ബ്രമ്മിങ്ഹാം റെപ്പര്‍ട്ടറി തിയ്യറ്റര്‍, റോയല്‍ ഓപ്പറ ഹൗസ്, റോയല്‍ ഷേക്സ്പിയര് കമ്പനി എന്നിവിടങ്ങളില്‍ സംവിധായകനായി. ക്രൂരതയുടെ നാടകവേദി (ഠവലമേൃല ീള ഇൃൗലഹ്യേ) എന്ന സിദ്ധാന്തം അവതരിപ്പിച്ച അന്ത്വാന്‍ അര്‍ത്താഡ്, ‘വിശുദ്ധ നടന്’ (ഒീഹ്യ അരീേൃ) എന്ന സങ്കല്പത്തില് അരങ്ങിനെ ശുദ്ധീകരിച്ച ഗ്രൊട്ടൊവ്സ്കി, ലോകനാടകവേദിയില്‍ വാചികാഭിനയത്തിനപ്പുറം നടന്റെ ശാരീരികാഭിനയത്തിലൂടെ അരങ്ങിന്റെ സ്ഥലകാലക്രിയകളെ പരിചരിച്ചെടുക്കുന്ന രീതിക്ക് പാശ്ചാത്യ ലോകത്തു തുടക്കമിട്ട മേയര്‍ ഹോള്‍ഡ്, പ്രമുഖ ശില്പിയും പാശ്ചാത്യ നാടകവേദിയില്‍ രംഗബിംബകല്പനയുടെ ഉപജ്ഞാതാവുമായ ഗോര്‍ഡന്‍ ക്രെയ്ഗ് എന്നിവരുടെയെല്ലാം സ്വാധീനത്തില്‍ ആധുനികവും വ്യത്യസ്തവുമായ അരങ്ങനുഭവങ്ങള്ക്കായുള്ള പരീക്ഷണങ്ങളിലേര്‍പ്പെട്ടു.
ഒരു വലിയ വെള്ളപ്പെട്ടി പോലുള്ള അരങ്ങില്‍ പൂക്കളാല്‍ അലങ്കരിച്ച ഊഞ്ഞാലുകളില്‍ കഥാപാത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രീതിയില്‍ ഷേക്സ്പീയറുടെ ‘മിഡ്സമ്മര്‍നൈറ്റ്സ് ഡ്രീംസ്’ അവതരിപ്പിച്ചുകൊണ്ടാണദ്ദേഹം ലോകനാടകവേദിയില്‍ തന്റെ സ്ഥാനമുറപ്പിച്ചത്. പീറ്റര്‍ വെയ്സിന്റെ ‘മറത്സാദെ’ ഴാങ് കോക്തുവിന്റെ ‘ഇന്േഫര്ണല് മെഷീന്’, ക്രിസ്റ്റഫര്‍ മാര്ലൊയുടെ ‘ബോഫോസ്റ്റസ്’, വ്യാസമഹാഭാരതം അടക്കം നാല്പത്തി അഞ്ചിലധികം നാടകങ്ങളും പതിനാലു ചലച്ചിത്രങ്ങളും സംവിധാനം ചെയ്തു. 1970 കളോടെ പ്രവര്‍ത്തനരംഗം പാരീസിലായി. അവിടെ ‘രംഗകലാ ഗവേഷണത്തിനുള്ള അന്തര്‍ദേശീയ വേദി’ (ഠവല കിലേൃിമശേീിമഹ ഇലിേൃല ളീൃ ഠവലമേൃല ഞലലെമൃരവ) എന്ന സ്ഥാപനം ആരംഭിച്ചു.
ക്ലോഡ് കരിയറെ തയ്യാറാക്കിയ നാടകകൃതിയില്‍ മഹാഭാരതം ഒമ്പതു മണിക്കൂര്‍ നീണ്ട നാടകമായി സംവിധാനം ചെയ്ത് അവതരിപ്പിച്ചത് ഒരു വലിയ കല്ലുവെട്ടുകുഴിയിലായിരുന്നു. ലോകപ്രശസ്തമായ ‘അവിഞ്ഞോണ്’ രംഗകലോത്സവത്തില് 1985 ല്‍ അവതരിപ്പിക്കപ്പെട്ട മഹാഭാരതത്തിന്റെ രംഗരൂപം ലോകനാടക ചരിത്രത്തിലെ അവിസ്മരണീയമായൊരനുഭവമായിത്തീര്ന്നു. ‘ഏകാഗ്രതയുടെ കലയാണ് മഹാഭാരതകഥ’ (ഠവല ടീേൃ്യ ീള ങമവമയവമൃമവേമ ശ െമി അൃ േീള രീിരലിേൃൃശേീി) എന്നായിരുന്നു അദ്ദേഹത്തിന്റെ മഹാഭാരത ദര്‍ശനം. ശ്രീകൃഷ്ണന് അര്‍ജ്ജുനനെ ഏകാഗ്രതയുടെ കല പഠിപ്പിക്കുകയായിരുന്നത്രെ മഹാഭാരതത്തില്‍! ഒരു ഭാരതീയ ഇതിഹാസം എന്നതിനേക്കാള്‍ മനുഷ്യവംശ ഇതിഹാസം എന്ന നിലയ്ക്കാണദ്ദേഹം മഹാഭാരതത്തെ വ്യാഖ്യാനിച്ചത്. ലോകത്തിന്റെ വ്യത്യസ്ത രാജ്യങ്ങളില്‍നിന്നു തെരഞ്ഞെടുക്കപ്പെട്ട അഭിനേതാക്കളിലൂടെ ആ കാഴ്ചപ്പാട് അദ്ദേഹം സാര്‍ത്ഥകമാക്കി. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകിയും അഭിനേത്രിയുമായ മല്ലികാ സാരാഭായി ആയിരുന്നു ദ്രൗപതി. 1989 ഡിസംബറില്‍ ബെംഗളൂരുവിലെ വിദ്യാനഗറില്വച്ച് നടന്ന മഹാഭാരത ശില്പശാലയില് പീറ്റര്‍ ബ്രൂക്കിനും അഭിനേതാക്കള്‍ക്കുമൊപ്പം ചെലവഴിച്ച ദിനങ്ങള്‍ ഈ ലേഖകന്റെ ജീവിതത്തിലെ മറക്കാനാവാത്ത ഓര്‍മകളാണ്. ഓരോ രംഗവും എങ്ങനെയാണവര്‍ രൂപപ്പെടുത്തിയെടുത്തത് എന്നതിന്റെ പ്രായോഗിക പരിശീലനമായിരുന്നു ആ ശില്പശാലയില്.
മഹാഭാരത കഥാപാത്രങ്ങളോടുള്ള പീറ്റര്‍ ബ്രൂക്കിന്റെ സമീപനം നരവംശശാസ്ത്രപരമായിരുന്നു. അതിനാലദ്ദേഹം ഭീഷ്മപിതാമഹനായി അഭിനയിപ്പിക്കാന്‍ തെരഞ്ഞെടുത്തത് ഒരു ആഫ്രിക്കന്‍ വംശജനെ ആയിരുന്നു; മനുഷ്യവംശത്തിന്റെ ആദിമൂലം ആഫ്രിക്കയിലാണെന്ന സങ്കല്പത്തില്. ഭീഷ്മര്‍ അങ്ങനെ മനുഷ്യവംശത്തിന്റെതന്നെ പിതാമഹനാകുന്നു. മഹാഭാരതത്തിലെ വൈയക്തികവും കുടുംബപരവും വംശീയവുമായ സംഘര്‍ഷങ്ങളും ദുഃഖങ്ങളും വിഹ്വലതകളും സാര്‍വ്വലൗകികവും സാര്‍വ്വകാലികവുമായ തലത്തില്‍ സ്വാംശീകരിച്ചുകൊണ്ടാണദ്ദേഹം ആ ഇതിഹാസത്തോട് നീതി പുലര്‍ത്തിയത്. പ്രകൃതിജന്യ വസ്തുക്കളാല്‍ നിര്‍മിതമായിരുന്നു അതിന്റെ ആഹാര്യശോഭ. ആധുനിക രംഗവേദിയില്‍ അഗ്നിയെ ഇത്ര അര്‍ത്ഥപൂര്‍ണവും ഭാവാത്മകവുമായി രംഗവല്ക്കരിച്ചത് പീറ്റര്‍ ബ്രൂക്കായിരിക്കും. മാത്രമല്ല പഞ്ചഭൂതാത്മകമായ പ്രകൃതിയുടെ സജീവ സാന്നിധ്യം ആ രംഗാവതരണത്തിലെ ഒരു ജൈവാനുഭവമാകുന്നു. കേരളത്തില്‍ വന്ന് കളരിയും, പ്രഗല്ഭ രംഗജ്യാമിതികാരന് (ഇവീൃലീഴൃമുവലൃ) പരേതനായ വി.എന്‍. കൃഷ്ണന് നമ്പൂതിരിസാറിനരികില്നിന്ന് കഥകളിയും അഭ്യസിച്ചിട്ടുണ്ടായിരുന്ന പീറ്റര്‍ ബ്രൂക്ക് നമ്മുടെ തനതു രംഗരൂപങ്ങളുടെ ചലനസൂക്ഷ്മതയും ചടുല ക്രമങ്ങളും വേര്‍തിരിച്ചെടുക്കാനാവാത്ത വിധം അഭിനേതാക്കളുടെ ചലനഭാഷയില്‍ ലയിപ്പിച്ചുവെച്ചിരിക്കുന്നതിന്റെ രാസപ്പൊരുത്തം കാവ്യാത്മകമാണ്.
കലയോട് പീറ്റര്‍ ബ്രൂക്ക് പുലര്‍ത്തുന്ന സത്യസന്ധതയ്ക്കുദാഹരണമാണ് ഗീതോപദേശം ചിത്രീകരിച്ചിരിക്കുന്ന രീതി. യുദ്ധമുഖത്ത് അര്ജ്ജുനന് തളര്‍ന്നിരിക്കുമ്പോള്‍, (ജോണ്‍ മാര്ട്ടിന്), ശ്രീകൃഷ്ണന് (ബ്രൂസ് മെയേഴ്സ്) നേരിട്ട് ഗീതാപ്രഭാഷണം നടത്തുകയല്ല ചെയ്യുന്നത്. പകരം കഥാപാത്രത്തെ വിട്ട് നടനായി മാറി (അന്യവല്‍ക്കരണം) ബ്രൂസ് മെയേഴ്സ് നമ്മളോട് പറയുകയാണ് ശ്രീകൃഷ്ണന് ഇങ്ങനെയൊക്കെ അര്‍ജ്ജുനനോട് പറഞ്ഞു എന്ന്. ബെംഗളൂരു ചൗഡയ്യ ഹാളിലെ അഞ്ചു മണിക്കൂര്‍ മഹാഭാരത ചലച്ചിത്ര പ്രദര്‍ശനം കഴിഞ്ഞുണ്ടായ ചര്‍ച്ചയില്‍ അതെന്തുകൊണ്ടാണിങ്ങനെ ചെയ്തതെന്ന് ആരോ ചോദിച്ചു. കുറച്ചു സമയം ഒരു പുഞ്ചിരി മാത്രമായിരുന്നു മറുപടി. പലരും പല ഉത്തരങ്ങളും പറഞ്ഞു. ഒടുവിലദ്ദേഹം തിരിച്ചുചോദിച്ചു; അതു കണ്ടിട്ട് നിങ്ങളറിഞ്ഞില്ലെങ്കില്‍ പറഞ്ഞിട്ടെന്തു കാര്യം എന്ന്. പിന്നെ പറഞ്ഞു. ശ്രീകൃഷ്ണന് ഉപദേശിക്കുന്ന ഗീത ഒരഭിനയ വസ്തുവല്ല. ഒരു സാധാരണ ജീവിതസന്ദര്‍ഭവും അല്ല. അത് പ്രപഞ്ചരഹസ്യം വെളിപ്പെടുത്തുന്ന ദാര്ശനികതയാണ്. അതെങ്ങനെ ഒരു നടനു പറയാന്‍ കഴിയും. എങ്ങനെ പറഞ്ഞാലും അത് അതാകില്ല. അതിനടുത്തും ആകില്ല. അപ്പോള്‍ അതു നമ്മളുടെ പരിമിതിയാണ്. അതങ്ങിനെ ചെയ്യുന്നവരൊക്കെ ഒരു കാട്ടിക്കൂട്ടലാണ് ചെയ്യുന്നത്. അവിടെ നമുക്ക് ചെയ്യാനൊക്കാത്തത് ചെയ്യാതിരിക്കുന്നതാണ് സത്യസന്ധത. സത്യസന്ധതയാണ് കല. Art is rtuth. Art (Atsehetic reaosning of the rtuth). അദ്ദേഹത്തിന്റെ കലാദര്‍ശനം കൂടി ആയിരുന്നു ഈ ഉത്തരം.
തൊണ്ണൂറ്റി ഏഴു വയസ്സുവരെ നിറഞ്ഞ സര്‍ഗ്ഗാത്മകതയില്‍ ജീവിച്ച് സൃഷ്ടിയില്‍ വിലയിച്ച ആ ലോകനാടകഗുരുവിന് സാഷ്ടാംഗപ്രണാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: