ഈ മാസം നാലാം തീയതി ജന്മഭൂമിയുടെ കോഴിക്കോട്ടെ ആസ്ഥാനം നവീനമായ പരിതോവസ്ഥയിലേക്കു മാറ്റുന്ന ചടങ്ങിനെത്തിയപ്പോള്‍ സാക്ഷ്യം വഹിക്കാനെത്തിയ ഭാരതത്തിന്റെ അഭിമാന കായികതാരണം പി.ടി. ഉഷയോടൊപ്പം വേദി പങ്കിടാനുള്ള അവസരമുണ്ടായി. അവര്‍ അത്ലറ്റിക്സില് രാജ്യത്തിലെ അതുല്യ പദവി കരസ്ഥമാക്കി 1980 ലെ മോസ്കോ ഒളിമ്പിക്സിലേക്കു യോഗ്യത നേടിയതും, അതിനു മുന്‍പ് കൊല്ലത്ത് നടത്തപ്പെട്ട ദേശീയ മത്സരങ്ങളിലെ ജൂനിയര്‍ താരമായെത്തി സീനിയര്‍മാരുടെ റിക്കാര്‍ഡ് ഭേദിച്ചതുമൊക്കെ ഓര്‍മയില്‍ തെളിഞ്ഞുവന്നു. അന്ന് ജന്മഭൂമി എറണാകുളത്ത് നോര്‍ത്ത് ഓവര്‍ബ്രിഡ്ജിന് സമീപം ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചുവന്നത്. ന്യൂസ് എഡിറ്റര്‍ പുത്തൂര്‍മഠം ചന്ദ്രന് ആ വാര്‍ത്തയും, കൊച്ചുപെണ്‍കുട്ടിയുടെയും പരിശീലകന് ഒ.എം. നമ്പ്യാരുടെയും ചിത്രങ്ങളും തയ്യാറാക്കിവെച്ച് ബ്ലോക്കെടുപ്പിച്ചതും എല്ലാം ഓര്‍മയില്‍ തെളിഞ്ഞുവന്നു. കോഴിക്കോട്ടെ ചടങ്ങിലും പുത്തൂര്മഠത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. നാലുവര്‍ഷമായി താന്‍ ജന്മഭൂമിയുടെ വരിക്കാരിയാണെന്ന് തന്റെ മറുപടിവാക്കുകളില് ഉഷ പറഞ്ഞു. ഇതൊക്കെ ഇവിടെ ഓര്‍ക്കാന്‍ കാരണമായത് ഉഷയെ രാജ്യസഭയിലേക്ക് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നാമനിര്‍ദ്ദേശം ചെയ്തതിന്റെ വാര്‍ത്തയും, അതോടുചേര്‍ത്തു കായികമത്സരരംഗത്തേക്കുള്ള അവരുടെ പ്രവേശവും ഉയര്‍ച്ചയും നേട്ടങ്ങളുമൊക്കെ വായിച്ചതാണ്.
അപ്പോള്‍ മറ്റൊരു കാര്യംകൂടി ഓര്‍ത്തു. മുന്‍പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പേയി ജനസംഘാധ്യക്ഷനായിരുന്ന സമയം. സോളിലെ ഏഷ്യന്‍ മത്സരത്തിലെ അതുല്യ നേട്ടവും, ലോസ് ഏഞ്ചല്‍സിലെ ഒരു സെക്കന്റിന്റെ ശതാംശംകൊണ്ടു പതക്കം നഷ്ടമായതുമൊക്കെ അവര്‍ക്ക് കീര്‍ത്തിയുടെ പൊന്‍തൂവല്‍ ചാര്‍ത്തിക്കൊടുത്തിരുന്നു. അടല്‍ജിയുടെ കേരള പര്യടനത്തിനിടെ തിരുവനന്തപുരത്തെ കിഴക്കേക്കോട്ട മൈതാനത്ത് പൊതുയോഗത്തില്‍ പ്രസംഗിക്കവേ കേരളത്തിന്റെ അത്ലറ്റുകള് കൈവരിച്ച നേട്ടങ്ങളെ പ്രകീര്‍ത്തിച്ചു. ഉഷയുടെ പേര് പറഞ്ഞപ്പോള്‍ വമ്പിച്ച കരഘോഷങ്ങള്‍ മുഴങ്ങി. പെണ്‍കുട്ടികള്‍ (ലഡ്കിയാം) കുതിച്ചുകയറുമ്പോള്‍ ആണ്‍കുട്ടികള്‍ (ലഡ്കേ) എന്നാണൊപ്പമെത്തുക എന്നായിരുന്നു ചോദ്യം. അടല്‍ജിയുടെ പ്രഭാഷണങ്ങള്‍ വിവര്‍ത്തനം ചെയ്യാനുള്ള ചുമതല നിര്‍വഹിക്കാറുള്ളത് ഈ ലേഖകനായിരുന്നു (ജനസംഘത്തിന്റെ സംസ്ഥാന സംഘടനാ കാര്യദര്‍ശി എന്ന നിലയ്ക്കു ആ ചുമതലയും വഹിച്ചുവന്നു). ഉഷ പയ്യോളിക്കാരിയായതിനാല് അവര്‍ക്കു പയ്യോളി എക്സ്പ്രസ്സ് എന്ന ഇരട്ടപ്പേരും ചാര്‍ത്തപ്പെട്ടിരുന്നു. കേരളത്തിലെ ഏറെ മനോഹരമായ കടലുകളില്പ്പെടുന്നതാണ് പയ്യോളി ബീച്ച്. പരിശീലകന് മാധവന് നമ്പ്യാര്‍ കടപ്പുറത്തെ പൂഴിയില്‍ നിത്യവും പ്രഭാതത്തില്‍ ഓടിച്ചായിരുന്നു അവരുടെ കാര്യക്ഷമതയ്ക്ക് മൂര്‍ച്ച കൂട്ടിയത്. പയ്യോളി സ്റ്റേഷനില്‍ എക്സ്പ്രസ് വണ്ടികള്‍ ഇനിയും നില്ക്കാറായിട്ടില്ല. പക്ഷേ ഉഷ പയ്യോളിയുടെ എക്സ്പ്രസ് തന്നെയായി പ്രശസ്തി നേടി.
പയ്യോളിയിലെ ആ കടപ്പുറത്തിന് മേലടി ബീച്ച് എന്നാണ് നാട്ടുകാര്‍ പറയുന്നത്. ഒന്നുരണ്ടു വര്‍ഷക്കാലം ആ സ്ഥലത്തിന്റെ കൂടി സംഘപ്രചാരകനായി പ്രവര്ത്തിക്കേണ്ടിവന്നതിനാല് അവിടവുമായി എനിക്കു സാമാന്യപരിചയമുണ്ടായി. അക്കാലത്ത് കടപ്പുറത്തെ പൂഴിമണലില്‍ രാത്രികാലങ്ങളില്‍ ഉറങ്ങിയ അനുഭവമുണ്ട്. 1960, 61 കാലത്താണീ അനുഭവമുണ്ടായത്. അവിടത്തെ ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൂടി. ഏറെക്കാലമായി കോമരമില്ലാതിരുന്ന അവിടെ ആ വര്‍ഷം ഒരധ്യാപികയ്ക്ക് ദേവിയുടെ സന്നിവേശമുണ്ടായതും വാള് എടുത്ത് തുള്ളുന്നതും, അവിടെ ബലിയര്‍പ്പിക്കപ്പെട്ട കോഴികളെ വെട്ടുന്നതും രക്തം കുടിക്കുന്നതുമൊക്കെ കണ്ടു അതിശയം കൂറിപ്പോയി.
പയ്യോളി പുതിയനിരത്ത് എന്ന കവലയില്‍നിന്നാണ് പേരാമ്പ്രയ്ക്കുള്ള റോഡ് ആരംഭിക്കുന്നത്. മൂന്നു കി.മീ അകലെ കീഴൂര്‍ പൂവെട്ടിത്തറയെന്ന സ്ഥലമുണ്ട്. അവിടത്തെ ചാലിയത്തെരുവില്‍ ശാഖയുണ്ടായിരുന്നു. ആ സ്ഥലത്താണ് 1954 ല്‍ ഗോരക്ഷാ സമിതിയുടെ യോഗം നടന്നതും കേളപ്പജി പങ്കെടുത്തതും. അവിടെ മുസ്ലിം മുഷ്കരന്മാര്‍ ഒരു മൂരിക്കുട്ടനെ പരസ്യമായി അറുത്ത് പൊതികളാക്കി വിതരണം ചെയ്തു. യോഗത്തില്‍ അധ്യക്ഷത വഹിച്ച കണ്ണന് ഗുമസ്തനെ രാത്രിയില്‍ മേലടിയില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ കയറി വെട്ടിക്കൊന്നു. തുടര്‍ന്നു രണ്ടു മാസത്തോളം ലഹളകളും മറ്റു ആക്രമണങ്ങളും നടന്നു. എംഎസ്പി ക്യാമ്പും ശക്തമായ മറ്റു നടപടികളുംകൊണ്ട് രണ്ടുമൂന്നു മാസത്തിനകം ലഹള ശമിച്ചു. ജനജീവിതം സാധാരണ നിലയിലായി. ഈ സംഭവം ഹിന്ദുക്കളില്‍ ഉണ്ടാക്കിയ സംഭ്രാന്തി അവിടെ സംഘത്തിന്റെ വളര്‍ച്ചക്കു സഹായകമായി.
അന്നത്തെ ജില്ലാ പ്രചാരകന് വി.പി. ജനാര്ദ്ദനനുമൊത്താണ് ഞാന്‍ ആ സ്ഥലങ്ങളില്‍ ആദ്യമായി പോയത്. ആ ദിവസംതന്നെയായിരുന്നു മുമ്പ് പറഞ്ഞ സംഭവത്തിലെ പ്രതികളെ കണ്ണൂര്‍ ജയിലില്‍ തൂക്കിക്കൊന്നത്. വാര്‍ത്ത വായിച്ച് എന്തെങ്കിലും സംഭവങ്ങള്‍ ഉണ്ടാകുമോ എന്ന ആശങ്ക മൂലമാണ് ജനേട്ടന് അവിടെയെത്തിയത്. തുന്നല്‍പണി ചെയ്തിരുന്ന ഗോപാലന്, രാജന് എന്നീ സ്വയംസേവകരാണ് ഒരു തുണിക്കടയിലാണുണ്ടായിരുന്നത്. പയ്യോല്യില് ബസ്സിറങ്ങി അവിടെ അന്വേഷിച്ചാല്‍ സംഘസംബന്ധമായ വിവരങ്ങള്‍ എല്ലാമറിയാന്‍ കഴിയുമായിരുന്നു. ആ തുണിക്കടയുടെ ഉടമസ്ഥന് പൈതല്‍ ചെട്ടിയാര്‍ എന്ന ആളായിരുന്നു. അദ്ദേഹം സ്വതേ കേളപ്പജിയുടെ അനുയായിയായിരുന്നു. അതേസമയം ഗോപാലനെയും രാജനേയും കാണാന്‍ വരുന്നവരുമായി സൗഹൃദം പുലര്‍ത്തിവന്നു. ബസ്സിറങ്ങാനും കയറാനും തീവണ്ടിയാപ്പീസിലേക്കു പോവാനും പറ്റിയ സ്ഥാനമായിരുന്നു. പയ്യോളിക്കാരായി ചില സ്വയംസേവകര്‍ പഴയ ലഹളക്കാലത്ത് നാടുവിട്ട് ബോംബെയില്‍ താമസമാക്കിയിരുന്നു. അവരുമായി സമ്പര്‍ക്കം പുലര്‍ത്താനും മറ്റും അദ്ദേഹത്തിന് സന്തോഷമായിരുന്നു.
ഒരവസരത്തില്‍ ഞാന്‍ സ്ഥലത്തു പോയപ്പോള്‍ പലരേയും കണ്ടു. മേലടിയെത്തിയപ്പോള് നേരം വൈകി. അന്ന് മദിരാശി ചട്ടപ്രകാരം രാത്രി ഏഴര കഴിഞ്ഞാല്‍ ബസ്സുകളുണ്ടാവില്ല. കടലില്‍ പോയ സ്വയംസേവകര്‍ തിരിച്ചെത്തിയിട്ടില്ല. കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ സ്റ്റേഷന് വിടുകയും ചെയ്തു. അങ്ങനെ പ്രശ്നം പൈതല്‍ ചെട്ടിയാരെ സമീപിച്ചറിയിച്ചു. അദ്ദേഹം വളരെ സന്തോഷപൂര്‍വം തന്റെ വീട്ടിലേക്കു ക്ഷണിച്ചു. രണ്ടു മൂന്നു കിലോമീറ്ററോളം നടക്കണം. അങ്ങനെ പാനീസ് (റാന്തല്‍)വിളക്കുമായി അദ്ദേഹത്തിന്റെ വീട്ടില്‍ എത്തി. അക്കാലത്തും വൈദ്യുതി അവിടെയെത്തിയിട്ടില്ല. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ആതിഥ്യം സ്വീകരിച്ചു അവിടെ കൂടി. പിറ്റേന്നു രാവിലെ തന്നെ ഞാന്‍ അദ്ദേഹത്തോട് നന്ദി പറ്ഞ് മെയിന്‍ റോഡിലെത്തി. തീവണ്ടി പിടിച്ചു തലശ്ശേരിയിലേക്കു മടങ്ങി. അന്നദ്ദേഹം വിവാഹിതനല്ല.
പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞ് എനിക്ക് ജനസംഘ ചുമതലയുള്ളപ്പോഴും ഒരിക്കല്‍ അദ്ദേഹത്തിന്റെ കടയില്‍ ഇരിക്കാന്‍ അവസരമുണ്ടായി. 1967 ല്‍ സപ്തകക്ഷി മുന്നണി ഭരണകാലത്ത് ഇഎംഎസ് സര്‍ക്കാര്‍ കേരള ബന്ത് പ്രഖ്യാപിച്ചിരുന്നു. കടകളെല്ലാം ബലം പ്രയോഗിച്ചു തന്നെ അടപ്പിച്ചു. അതിന് നിശ്ശബ്ദതരായി കീഴ്പെടുകയായിരുന്നു കോണ്‍ഗ്രസ്സ്. എന്നാല്‍ ജനസംഘവും പരിവാറില്പ്പെട്ടവരും തലകുനിച്ചില്ല. പാലക്കാട്ട് ഇ.കെ.നായനാരുടെ നേതൃത്വത്തില്‍ കടകളടപ്പിക്കാന്‍ വന്നവരെ വലിയങ്ങാടിയില്‍ തടഞ്ഞു. കോഴിക്കോട്ടും നന്മണ്ടയിലും അത്തരം സംഭവമുണ്ടായി. പയ്യോളിയില്‍ ആക്രമണലക്ഷ്യം പൈതല്‍ ചെട്ടിയാരുടെ കടയായിരുന്നു. ഗോപാലനും രാജനും മറ്റു ചില സ്വയംസേവകരും അതിനെ നേരിട്ടു. സംഭവമറിഞ്ഞു കേളപ്പജി അവിടെയെത്തി. യാദൃച്ഛികമായി പരമേശ്വര്‍ജിയും ഒപ്പം ഞാനും, കോഴിക്കോട്ടെ ചില സ്വയംസേവകരോടൊപ്പം അവിടെയെത്തിയിരുന്നു.
പയ്യോളി എന്ന പ്രദേശം മറ്റൊരു നേട്ടത്തിനു കൂടി ഭാഗഭാക്കാണ്. തിക്കൊടിയന് എഴുതിയ പറങ്കിപ്പടയാളികളുടെ കഥ പറയുന്ന ഇതിഹാസ നോവലിന്റെ കഥയല്ല ഇത്. കന്യാകുമാരിയിലെ വിവേകാനന്ദപ്പാറ മേല്‍ ഉയര്‍ന്നു നില്ക്കുന്ന സ്വാമിജിയുടെ സ്മാരകമായ മന്ദിരം യാഥാര്‍ത്ഥ്യമാക്കാന്‍ മാനനീയ ഏകനാഥജിയുടെ ആഗ്രഹമനുസരിച്ച് പുറപ്പെട്ട മത്സ്യപ്രവൃത്തിക്കാരായ സ്വയംസേവകരുടെ കൂട്ടത്തില്‍ മേലടിക്കടപ്പുറത്തെ ഏതാനും പേര് ഉണ്ടായിരുന്നു. അവരുടെ നാമധേയങ്ങള്‍ അവിടെ ആലേഖനം ചെയ്യപ്പെട്ടില്ലായിരിക്കാം. അവരുടെ പിന്മുറക്കാരും കുടുംബക്കാരും ആ ശാഖയിലെ സ്വയംസേവകരും അതേപ്പറ്റി അഭിമാനിച്ചു ചാരിതാര്‍ഥ്യം കൊള്ളുന്നു. ടി. സതീശന് എഴുതിയ വിവേകാനന്ദ ശില, തപസ്സും പോരാട്ടവും എന്ന പുസ്തകത്തില്‍ അതിന്റെ കഥ വിവരിക്കുന്നുണ്ട്.
പി.ടി. ഉഷ രാജ്യസഭയിലേക്കു നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട വാര്‍ത്ത വായിച്ചപ്പോള്‍, കോഴിക്കോട്ടെ ജന്മഭൂമി പരിപാടിയില്‍ ഒന്നിച്ചിരുന്ന സമയത്ത് മനസ്സിലുണര്‍ന്ന പയ്യോളി സ്മരണകള്‍ പകര്‍ത്തുകയാണ് ഇവിടെ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: