പി.സുജാതന്‍
ഉത്തര സ്കോട്ട്ലന്‍ഡില്‍ കേണല്‍ ജോണ്‍ മണ്ട്രോ ജനിച്ചുവളര്‍ന്ന ടീനിനിക് ഗ്രാമത്തില്‍ എന്നെങ്കിലും എത്തുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. ദീര്‍ഘമായ ഒരു സാഹസിക സഞ്ചാരത്തിനൊടുവില്‍ ആറ് വര്‍ഷം മുന്‍പ് സുന്ദരമായ ആ നാട്ടിലെത്തുമ്പോള്‍ പലവിധ വൈകാരിക ചിന്തകളും എന്നിലൂടെ കടന്നുപോയി. തെക്കു പടിഞ്ഞാറെ ഇന്ത്യയിലെ കേരളം എന്ന കടലോര സംസ്ഥാനത്തുള്ള മണ്ട്രോത്തുരുത്ത് എന്ന ഗ്രാമപ്രദേശത്തുനിന്ന് അവിടെയെത്തുന്ന ആദ്യത്തെ വ്യക്തിയായിരിക്കാം ഞാന്‍. ജീവിതത്തില്‍ ഒരു ക്രിയാ കാലം പൂര്‍ത്തിയാക്കിയ ഞാന്‍ കുറച്ചുകൂടി നേരത്തെ ഇവിടെ വരേണ്ടിയിരുന്നു എന്നുതോന്നി.
കൊല്ലത്ത് ശ്രീനാരായണ കോളജില്‍ പീഡ്രിക്ക് പഠിക്കാന്‍ ചേര്‍ന്ന 1971 ല്‍ ആയിരുന്നു ‘മണ്ട്രോ’ എന്ന പദം സഹപാഠികളുടെ ഒരു പരിഹാസപ്പേരുപോലെ എന്നില്‍ പതിച്ചത്. തുരുത്തില്‍നിന്ന് നിത്യവും ട്രെയിനില്‍ വന്ന് പഠിച്ചു പോകുന്ന ഞങ്ങള്‍ക്കെല്ലാം അദ്ധ്യാപകരില്‍നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും ‘മണ്ട്രോ’ എന്ന ഇരട്ടപ്പേരു കേള്‍ക്കേണ്ടി വന്നു. അന്നു തുടങ്ങിയതാണ് ആരാണീ മണ്ട്രോ എന്ന ജിജ്ഞാസ. കോളജില്‍ ഏഴുവര്‍ഷം നീണ്ട പഠനം പൂര്‍ത്തിയായപ്പോഴേക്കും ജന്മനാടിന്റെ പേരില്‍ ചേരാതെ ചേര്‍ന്നുകിടക്കുന്ന മണ്ട്രോ ആരാണെന്ന് ഒരു ധാരണ ഉണ്ടാക്കിയെടുത്തു. കാരണം ഇനി ഒരു തൊഴില്‍ തേടി എവിടെ അഭിമുഖ സംഭാഷണത്തിനു പോയാലും മണ്ട്രോത്തുരുത്തുകാരനായ ഉദ്യോഗാര്‍ത്ഥി മണ്ട്രോ ആരാണെന്ന് പറയേണ്ടി വരും. ഉള്ളൂര്‍ പരമേശ്വര അയ്യര്‍ എഴുതിയ തിരുവിതാംകൂര്‍ ചരിത്രത്തില്‍ ബഹുമാനാദരവോടെ വിവരിക്കുന്ന കേണല്‍ ജോണ്‍ മണ്ട്രോ എന്ന ദിവാനെപ്പറ്റി അഞ്ച് വാചകമെങ്കിലും ആരോടും പറയാന്‍ പഠിച്ചുവച്ചു. ഒരു പിഎസ്സി ഇന്റര്‍വ്യൂവില്‍ ഒരിക്കലും പങ്കെടുക്കേണ്ടിവന്നില്ലെന്നതിനാല് ആ അറിവ് എനിക്ക് ഉപയോഗിക്കാന്‍ പറ്റിയില്ല.
- മണ്ട്രോയുടെ ഭവനത്തില്‍
മൂന്നര ദശാബ്ദം നീണ്ട പത്രപ്രവര്‍ത്തനത്തില്‍ നിന്ന് സ്വയം വിരമിച്ച ശേഷമാണ് 2014 ല്‍ ഇംഗ്ലണ്ടില്‍ പോയത്. അഞ്ചുമാസത്തെ അവിടുത്തെ വാസത്തിനിടയില്‍ എല്ലാ വാരാന്ത്യങ്ങളിലും കാലാവസ്ഥയുടെ സ്വഭാവം നോക്കി ഓരോരോ സ്ഥലങ്ങള്‍ കാണാന്‍ പോയി. ലണ്ടനില്‍ എവിടെയും സുലഭമായ സെക്കന്‍ഡ് ബുക്കുകള്‍ തിരഞ്ഞ് വായിക്കേണ്ട പുസ്തകങ്ങള്‍ സംഭരിച്ചു. അത്തവണ സ്കോട്ട്ലന്‍ഡില്‍ പോകാന്‍ കഴിഞ്ഞില്ല. കേണല്‍ മണ്ട്രോ എന്ന സമസ്യയുടെ ഉത്തരം കണ്ടുപിടിക്കാനുള്ള വായനയും അന്വേഷണവും തുടര്‍ന്നു. പ്രസിദ്ധമായ ബ്രിട്ടീഷ് ലൈബ്രറിയും ഇംപീരിയല്‍ മ്യൂസിയവും ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി മ്യൂസിയവും ഏറെ വിവരങ്ങള്‍ തന്നു. ജോണ്‍ മണ്ട്രോയുടെ അനന്തര തലമുറയില്‍പ്പെട്ട ആരെയെങ്കിലും കണ്ടു സംസാരിക്കണമെന്ന ആഗ്രഹം നടന്നില്ല. കാരണം കഴിഞ്ഞ നൂറ്റാണ്ടില്‍ അനന്തരഗാമികളില്‍ ചിലര്‍ തമ്മില്‍ സ്വത്തിനെച്ചൊല്ലി കോടതി വ്യവഹാരം ഉണ്ടായതിനാല്‍ ‘മണ്ട്രോ’ എന്ന കുടുംബ നാമം ഉപയോഗിക്കുന്നതിനു പോലും വിലക്കായി. മര്ലിന് മണ്ട്രോ എന്ന നടിയും എച്ച്.എച്ച്. മണ്ട്രോ എന്ന സാഹിത്യകാരനും കേണല്‍ ജോണ്‍ മണ്ട്രോയുടെ പാരമ്പര്യത്തില്‍ പെട്ടവരല്ല. ടീനിനിക് മണ്ട്രോ വംശത്തില്‍പ്പെട്ടവര്‍ പലരും ഇപ്പോള്‍ ആസ്ട്രേലിയ, സ്പെയിന്, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലാണത്രേ. ഇംഗ്ലണ്ടിലുള്ളവര്‍ ആരെങ്കിലും അങ്ങനവകാശപ്പെട്ടാല് കോടതി കയറേണ്ടി വരും. അതിനാല്‍ അന്വേഷണത്തിന്റെ ആ വശം ഞാന്‍ വിട്ടുകളഞ്ഞു.
കേണല്‍ മണ്ട്രോയെക്കുറിച്ചുള്ള അന്വേഷണം മുഖ്യമായും ചരിത്രരേഖകളിലൂടെയായി. അത്ഭുതകരമായ വിവരങ്ങളാണ് പെരുവെള്ളപ്പാച്ചില്‍ പോലെ എന്നെ വന്ന് മൂടിയത്. 2016 ല്‍ വീണ്ടും ഇംഗ്ലണ്ടില്‍ എത്തിയപ്പോള്‍ കൃത്യമായ കുറെ ധാരണകള്‍ എന്നില്‍ രൂപപ്പെട്ടിരുന്നു. അക്കൊല്ലം ആഗസ്റ്റില്‍ സ്കോട്ട്ലന്‍ഡിലെ അബര്‍ദീന്‍ വഴി മണ്ട്രോയുടെ ടീനിനിക് ഉള്‍പ്പെട്ട ഇന്വേര്ണസില് എത്തി. അവിടെ നിന്ന് റോസ് കൗണ്ടിയിലെ മണ്ട്രോ ലാന്‍ഡ് ആയ ടീനിനിക് പാലസിലും. പാറകൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ മണ്ട്രോ ഭവനം. എട്ട് എക്കര്‍ വരുന്ന വിശാലമായ ഉദ്യാനത്തിന് നടുവില്‍ ഏറെക്കുറെ അനാഥമെന്ന് തോന്നിക്കുന്ന രൂപഭാവങ്ങളോടെ കേണല്‍ ജീവിച്ചു മരിച്ച വീട്. ഭയപ്പെടുത്തുന്ന ഒരു നിശ്ശബ്ദ സായാഹ്നമായിരുന്നു അത്. സമീപത്തുകൂടി ആവോണ്‍ നദിയൊഴുകുന്നു. ഉദ്യാന വൃക്ഷങ്ങളില്‍ കിളികള്‍ ചേക്കേറുന്നു. വെയില് ചായുകയായിരുന്നു.
അടുത്ത കാലം വരെ മണ്ട്രോ ഭവനത്തില്‍ സന്ദര്‍ശകരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 14 കിടപ്പുമുറികളുള്ള ആ കെട്ടിടം ‘ബഡ് ആന്‍ഡ് ബ്രേക്ക് ഫാസ്റ്റ്’ വാഗ്ദാനം ചെയ്യുന്ന ഒരു റസ്റ്ററന്റ് ആയിരുന്നു. ഞാന്‍ കാണുമ്പോള്‍ അടഞ്ഞു കിടക്കുകയാണ്.
- മണ്ട്രോ ലാന്‍ഡിനോട് വിടപറഞ്ഞപ്പോള്‍
തൊട്ടടുത്ത് മണ്ട്രോയുടെ കുടുംബ ശ്മശാനവും പള്ളിയുമുണ്ട്. അവിടെ ഒരു മണ്ട്രോ കുടുംബാംഗം അന്ത്യനിദ്രയ്ക്ക്് എത്തിയിട്ട് 90 വര്‍ഷം കഴിഞ്ഞു. കേണല്‍ ജോണ്‍ മണ്‍ട്രോയുടെയും ഭാര്യയുടെയും മക്കളുടെയും സ്മാരകശിലകള്‍ അനാഥമായി പുല്ലു വളര്‍ന്നു മൂടിക്കിടക്കുന്നു. കേണലിന്റെ ജ്യേഷ്ഠ സഹോദരന് ഹ്യൂ മണ്ട്രോ 1817 ല്‍ സ്ഥാപിച്ച, പിന്നെ ജോണ്‍ ഏറ്റെടുത്തു നടത്തിയ സ്കോച്ച് വിസ്ക്കി നിര്‍മാണ ഫാക്ടറി പ്രതാപപ്രൗഢിയോടെ അല്‍പ്പം അകലെയുണ്ട്. സിംഗിള്‍ മാള്‍ട്ട് വിസ്ക്കി നിര്‍മാണം സ്കോട്ട്ലന്‍ഡില്‍ ആദ്യം ആരംഭിച്ച സ്ഥാപനമാണ് ടീനിനിക് ഡിസ്റ്റലറി. ഇരുനൂറാം വാര്‍ഷികം പ്രമാണിച്ച് പുതിയൊരു വിസ്കി ‘ടീനിനിക് -17’ എന്ന പേരില്‍ നിര്‍മിച്ചിറക്കാന്‍ ഒരുങ്ങുകയായിരുന്നു ഇപ്പോഴത്തെ ഉടമകള്‍. ഇന്ത്യയുമായുള്ള ചരിത്ര ബന്ധത്തിന്റെ സ്മരണ നിലനിര്‍ത്താന്‍ ഈ സ്പെഷ്യല്‍ സ്കോച്ച് വിസ്ക്കിക്ക് കുരുമുളകിന്റെ ഫ്ളേവര്‍ നല്‍കുമെന്ന് അവര്‍ പറഞ്ഞു. അവര്‍ വാക്കു പാലിച്ചു. ടീനിക്-17 ആ ഗന്ധരുചികളോടെ ഇപ്പോള്‍ മദ്യ മാര്‍ക്കറ്റില്‍ ലഭ്യമാണ്.
മണ്ട്രോ ലാന്‍ഡിനോട് വിടപറയുമ്പോള്‍ രാത്രിയായി. മൂടല്‍ മഞ്ഞ് വന്ന് പ്രദേശമാകെ പൊതിഞ്ഞു. ടീനിനിക്കിനെ മെയിന്‍ ലാന്‍ഡ് ഇന്വേര്ണസുമായി യോജിപ്പിക്കുന്ന ക്രോര്മാര്ട്ടി പാലം ഇപ്പോള്‍ കൊല്ലത്ത് മണ്‍ട്രോത്തുരുത്തിലേക്ക് നിര്‍മിച്ചുകൊണ്ടിരിക്കുന്ന പെരുമണ്‍ പാലത്തെ ഓര്‍മിപ്പിക്കുന്നു. അഷ്ടമുടി കായല്‍പോലെ വിശാലമായ ആവോണ്‍ നദി അറ്റ്ലാന്റിക് സമുദ്രത്തിലേക്ക് ഒഴുകുന്നു. ഭൂപ്രകൃതിയില്‍ ടീനിനിക്കും മണ്ട്രോത്തുരുത്തും തമ്മില്‍ അപാരമായ സാമ്യമുണ്ട്. തെങ്ങോലകള്‍ക്കു പകരം കാറ്റിലുലയുന്ന പൈന്‍ മരങ്ങളും ഓക്ക് മരങ്ങളുമാണെന്നു മാത്രം.
തിരുവിതാംകൂര്‍, കൊച്ചി നാട്ടുരാജ്യങ്ങളുടെ ചരിത്രത്തിലെ ഏറ്റവും പരിതാപകരമായ അവസ്ഥയിലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ പട്ടാള ഓഫീസര്‍ ആയിരുന്ന ജോണ്‍ മണ്ട്രോ റസിഡന്റ് പദവിയില്‍ 1810 ല്‍ ഇവിടെ എത്തിയത്. ഇരുരാജ്യങ്ങളും കമ്പനിക്ക് വന്‍ തുക കപ്പം കൊടുത്തു ഗതികേടിലായി. കപ്പം തുക വര്‍ധിപ്പിച്ചതിനെതിരെ കലാപമുണ്ടാക്കിയ വേലുത്തമ്പി ദളവ അടൂരിലെ മണ്ണടിയില്‍ സ്വയം മരിച്ചു. മലബാറില്‍ പഴശ്ശി രാജ കമ്പനി പട്ടാളത്താല്‍ കൊല്ലപ്പെട്ടു. മൈസൂറില്‍ ടിപ്പുവും വീണും. അറേബ്യന്‍ കടല്‍തീരത്ത് ബ്രിട്ടീഷ് കമ്പനി സേനയോട് ശാക്തികമായി നേരിടാന്‍ ഒരാള്‍ പോലുമില്ല. കപ്പം കുടിശ്ശിക ഇനത്തില്‍ വന്‍ തുക കൊച്ചിയും തിരുവിതാംകൂറും കമ്പനിക്ക് കരാര്‍ പ്രകാരം നല്‍കാനുണ്ട്. മലബാര്‍ ബ്രിട്ടീഷ് അധീനതയിലാണ്. കപ്പം നല്‍കിയില്ലെങ്കില്‍ കൊച്ചിയും തിരുവിതാംകൂറും അനക്സ് ചെയ്ത് കമ്പനിയുടെ നേരിട്ടുള്ള ഭരണത്തിലാക്കാനാണ് കേണല്‍ മണ്ട്രോ എത്തിയത്.
- തിരുവിതാംകൂറിന് വനിതാ ഭരണാധികാരി
കേണല്‍ മണ്ട്രോ തിരുവിതാംകൂറില്‍ എത്തിയതിന്റെ 22-ാം ദിവസം രാജാവ് അശ്വതി തിരുനാള്‍ ബാലരാമ വര്‍മ്മ (1798-1810) നാടുനീങ്ങി. 29 വയസ്സായിരുന്നു രാജാവിന്. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ എന്ന ‘ധര്‍മ്മ രാജാ’വിന്റെ ഒരേയൊരു അനന്തരവന് സിംഹാസനം നഷ്ടപ്പെടുമെന്ന് ഭയന്ന് കഴിഞ്ഞിരുന്ന ബാലരാമ വര്‍മ്മയ്ക്ക് എന്തായിരുന്നു അസുഖമെന്ന് വ്യക്തമല്ല. മണ്ട്രോ രാജാവിനെ മുഖം കാണിച്ചിരുന്നില്ല. രാജകുടുംബത്തില്‍ ഭരണ സിംഹാസനത്തിലേറാന്‍ വേറെ ആണ്തരികളില്ല. തിരുവിതാംകൂറിന്റെ അനാഥാവസ്ഥയില്‍ റസിഡന്റ് മണ്ട്രോയുടെ ചുമതലകള്‍ ഭാരിച്ചതായി. കടത്തില്‍ മുങ്ങി നാഥനില്ലാത്ത രാജ്യം അനായാസം കമ്പനിക്ക് അധീനമാകാം. പക്ഷേ മണ്ട്രോ പല മാര്‍ഗ്ഗങ്ങള്‍ ആരാഞ്ഞു. തിരുവിതാംകൂറിലെ രാജാധികാരത്തിന്റെ പാരമ്പര്യങ്ങളും കീഴ്വഴക്കങ്ങളും നിയമങ്ങളും പരിശോധിച്ചു. രാജാധികാരത്തിന് അവകാശമുന്നയിച്ചു വന്നവരുടെ ന്യായവാദങ്ങള്‍ കേട്ടു. രേഖകള്‍ വായിച്ചു. പത്മനാഭ സ്വാമി ക്ഷേത്രം ഭരിക്കുന്ന എട്ടരയോഗത്തിന്റെ അഭിപ്രായം തേടി. തമിഴ്, മലയാളം തുടങ്ങിയ പ്രാദേശിക ഭാഷകള്‍ വശമാക്കിയിരുന്ന മണ്ട്രോ, ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ ദത്തെടുക്കപ്പെട്ട രുഗ്മിണി തമ്പുരാട്ടിയുടെ മകള്‍ ഗൗരി ലക്ഷ്മി ബായിയാണ് നിയമപരമായി തിരുവിതാംകൂറിന്റെ അടുത്ത അവകാശിയെന്ന് കണ്ടെത്തി. 19 വയസ്സ് കഴിഞ്ഞിട്ടേ ഉണ്ടായിരുന്നുള്ളൂ ഗൗരി ലക്ഷ്മിക്ക് അപ്പോള്‍. മാത്രമല്ല ആധുനിക തിരുവിതാംകൂറില്‍ അന്നോളം ഒരു സ്ത്രീ രാജസിംഹാസനം അലങ്കരിച്ചിട്ടില്ല. വിശാല തിരുവിതാംകൂര്‍ ഉണ്ടാക്കുമ്പോള്‍ മാര്‍ത്താണ്ഡവര്‍മ രാജാവ് ആറ്റിങ്ങല്‍ റാണിക്ക് ഒരു വാഗ്ദാനം നല്കിയിട്ടുണ്ടായിരുന്നു. വെള്ളിയോലയിലെഴുതിയ ആ വാഗ്ദാനം ഗൗരി ലക്ഷ്മി റസിഡന്റ് മണ്ട്രോയുടെ മുന്നില്‍ ഹാജരാക്കി രാജാധികാരം തനിക്ക് ‘നിയമപരമായി’ അവകാശപ്പെട്ടതാണെന്ന് വാദിച്ചു. എട്ടരയോഗം അതുശരി വച്ചു. കേണല്‍ മണ്ട്രോ മറ്റ് മാര്‍ഗങ്ങളൊന്നും പിന്നെ പരിഗണിക്കാതെ സുപ്രധാനമായ ആ തീരുമാനം കൈക്കൊണ്ടു. അങ്ങനെ അനാഥമായ രാജ്യത്തിന് ആദ്യമായി ഒരു നാഥയുണ്ടായി. റാണി ഗൗരി ലക്ഷ്മിബായി. സ്വാതിതിരുനാളിന്റെ അമ്മ.
- മണ്ട്രോത്തുരുത്ത് തിരിച്ചെടുക്കുന്നു
അഴിമതിക്കു കുപ്രസിദ്ധനായിരുന്ന ദിവാന് ഉമ്മിണിത്തമ്പിയെ പിരിച്ചുവിട്ട് റസിഡന്റ് മണ്ട്രോയെ ദിവാന് പദവിയില്‍ നിയമിച്ചുകൊണ്ടുള്ളതായിരുന്നു റാണിലക്ഷ്മിയുടെ ആദ്യ ഉത്തരവ്. കൊച്ചി രാജ്യത്തിന്റെ ദിവാന് പദവിയും ഏതാനും മാസങ്ങള്‍ക്കുശേഷം രാജാവ് റസിഡന്റ് കേണല്‍ മണ്ട്രോയുടെ തലയില്‍ അര്‍പ്പിച്ചു. ഇരട്ടപ്പദവികളില് ഒരേ കാലത്ത് രണ്ട് രാജ്യത്തിന്റെ സര്വഭരണതീരുമാനങ്ങളും വിദേശിയായ ഒരു സൈനിക ഓഫീസറുടെ തലയില്‍നിന്നാണ് വന്നത്. ‘ചട്ട വരിയോല’ എന്ന നിയമ നിര്‍മാണത്തിലൂടെ മണ്ട്രോ തിരുവിതാംകൂറിന്റെ ജാതകം മാറ്റിയെഴുതി. സുന്ദരിയും ബുദ്ധിമതിയുമായിരുന്ന റാണി ഗൗരി ലക്ഷ്മി സ്വാതിതിരുനാളിന്റെ അനുജന് ഉത്രം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയെ പ്രസവിച്ച് ഏതാനും ആഴ്ചകള്‍ക്കുശേഷം ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞു. രാജാധികാരം അപ്പോള്‍ രണ്ടര വയസ്സുള്ള സ്വാതി തിരുനാളിനായിരുന്നു അമ്മ ഗൗരിലക്ഷ്മി റീജന്റ് റാണിയും. ഭരണച്ചുമതലകള്‍ വഹിക്കാന്‍ 13 വയസ്സുള്ള ഗൗരി പാര്‍വതീഭായി (ലക്ഷ്മി ഭായിയുടെ അനുജത്തി) നിയുക്തമായി. കാര്യതീരുമാനങ്ങളെല്ലാം മണ്ട്രോയുടെ മനസ്സുപോലെ നടന്നു. തീവ്രമായ മതപരിവര്‍ത്തനം വഴി കൊച്ചിയും തിരുവിതാംകൂറും ക്രിസ്തീയവല്‍ക്കരിക്കപ്പെട്ടു. കല്ലട ആറിന് വടക്ക് ചര്‍ച്ച് മിഷന് സൊസൈറ്റിയും (സിഎംഎസ്) മലബാറില്‍ ബാസല്‍ മിഷനും ശക്തമായ സ്വാധീനം ഉറപ്പിച്ചു. മണ്ട്രോയുടെ ഉത്സാഹത്താല്‍ കോട്ടയത്ത് 1814 ല്‍ സിഎംഎസ് കോളജ് സ്ഥാപിച്ചു. കോളജിന്റെ പ്രവര്‍ത്തനച്ചെലവിന് റാണി പാര്‍വതിഭായി അഷ്ടമുടിക്കായലിലെ എട്ടു ദ്വീപുകള്‍ അടങ്ങിയ ഇരുപതിനായിരം ഏക്കര്‍ ഭൂപ്രദേശം മണ്ട്രോയിക്ക് ദാനം ചെയ്തു. 1819 ല്‍ മണ്ട്രോ എന്നേക്കുമായി തിരുവിതാംകൂര്‍ വിട്ടപ്പോള്‍ കായല്‍ തുരുത്തുകളുടെ ഉടമാവകാശം കോട്ടയം സിഎംഎസിന് കൈമാറി. അവര്‍ ഉപകാര സ്മരണാര്‍ത്ഥം ആ പ്രദേശത്തെ മണ്ട്രോത്തുരുത്ത് എന്ന് വിളിച്ചു. നൂറ്റിപ്പത്ത് വര്‍ഷത്തിനുശേഷം തിരുവിതാംകൂറിലെ ഭരണാധികാരി റാണി സേതുലക്ഷ്മി ബായി നൂറ് ഏക്കര്‍ ഒഴികെയുള്ള മണ്‍ട്രോത്തുരുത്തിലെ സ്ഥലം മുഴുവന്‍ ഒരു രാജകീയ വിളംബരം വഴി സിഎംഎസിന് വില നല്കി തിരിച്ചെടുത്തു. 1952 ല്‍ തിരുക്കൊച്ചിയിലെ ജനായത്ത ഭരണാധികാരി സി. കേശവന് മണ്ട്രോത്തുരുത്ത് ഒരു പഞ്ചായത്താക്കി. സ്കോട്ട്ലന്ഡുകാരനായിരുന്ന ഒരു പട്ടാള ഓഫീസറുടെ പേര് പേറുന്ന ഭൂമുഖത്തെ ഒരേയൊരു പ്രദേശം. ഒരു ഭരണാധികാരിയെന്ന നിലയില്‍ കേണല്‍ തോറ്റു പോയത് മണ്ട്രോത്തുരുത്തിലാണ്. ആ കഥ (സംഭവം) ഈ ലേഖകന്‍ ഗ്രന്ഥരൂപത്തില്‍ തയാറാക്കിയിട്ടുണ്ട്. കൊച്ചിയിലെ കുരുക്ഷേത്ര പ്രകാശന് ‘ദ്വൈപായനം’ എന്ന ആ കൃതി ഉടന്‍ പ്രസിദ്ധീകരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: