തെന്നിന്ത്യകണ്ട ഏറ്റവും വലിയ താര വിവാഹത്തിന് ഒരു മാസം പിന്നിട്ടതോടെ ആരാധകര്‍ക്കായി കൂടുതല്‍ ചിത്രങ്ങള്‍ പങ്കുവെച്ച് വിഘ്നേഷ് ശിവന്. ജൂണ്‍ ഒമ്പതിന് മഹാബലിപുരത്ത് വെച്ചായിരുന്നു നയന്‍താര- വിഘ്നേഷ് ശിവന് വിവാഹം. സിനിമാ മേഖലയിലെ പ്രമുഖരാല്‍ താര നിബിഡമായിരുന്നു വിവാഹം.
ഷാരൂഖ് ഖാന്, രജനികാന്ത്, മണിരത്നം, കമല്‍ ഹാസന് തുടങ്ങിയ പ്രമുഖര്‍ ചടങ്ങിലെത്തിയതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. വിവാഹത്തിന്റെ സംപ്രേഷണാവകാശം ഒടിടി പ്ലാറ്റ്ഫോമിന് നല്കിയതിനാല് മാധ്യമങ്ങള്‍ക്ക് വിവാഹവേദിയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. അതിനാല്‍ തന്നെ വിവാഹചിത്രങ്ങള്‍ പ്രചരിച്ചിരുന്നില്ല. സമൂഹമാധ്യമങ്ങളിലെ വിഘ്നേഷ് ശിവന്റെ അക്കൗണ്ടുകളിലൂടെയാണ് അവ പുറത്ത് വിട്ടുകൊണ്ടിരിക്കുന്നത്.
നയന്താരയ്ക്കൊപ്പം ജവാന് എന്ന ഹിന്ദി ചിത്രത്തില്‍ ഷാരൂഖ് ഖാന് അഭിനയിക്കുന്നുണ്ട്. അറ്റ്ലിയാണ് സംവിധായകന്. സിനിമയുടെ ചിത്രീകരണം ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
മഹാബലിപുരത്തെ ഷെറാട്ടണ്‍ ഗ്രാന്‍ഡ് റിസോര്‍ട്ടിലെ പ്രത്യേക വേദിയിലായിരുന്നു വിവാഹം. ചുവപ്പ് സാരിയില്‍ മരതക ആഭരണങ്ങള്‍ ധരിച്ചാണ് നയന്‍താര എത്തിയത്. കസവ് മുണ്ടും കുര്‍ത്തയുമായിരുന്നു വിക്കിയുടെ വേഷം. രജനീകാന്തണ് കാരണവ സ്ഥാനത്തു നിന്നത്. സിനിമാ സംവിധായകന് ഗൗതം മേനോനാണ് വിവാഹ ചിത്രീകരണത്തിന് നേതൃത്വം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: