ടോക്കിയോ : മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകം അന്വേഷിക്കുന്നതിനായി പ്രത്യേക ഉന്നതതല സംഘത്തിന് രൂപം നല്കി ജപ്പാന്. പോലീസിലേയും രഹസ്യാന്വേഷണ വിഭാഗത്തിലേയും 90 മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പ്രത്യേക സംഘത്തിന് രൂപം നല്‍കിയത്.
പ്രതി തെത് സൂയ യെമഗാമിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയ ആയുധങ്ങളെ കുറിച്ചും ആക്രമണത്തില്‍ മറ്റു സംഘടനകള്‍ക്ക് പങ്കുണ്ടോയെന്നും സംഘം പരിശോധിക്കും. പരിപാടിയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. പ്രതിക്ക് ഒരു പ്രത്യേക സംഘത്തോട് എതിര്‍പ്പുണ്ടായിരുന്നെന്നും ആബെ ഇതേ സംഘവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണെന്ന് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്ക് പ്രതിയെ നയിച്ചതെന്നും ജപ്പാന് പോലീസ് പ്രതികരിച്ചു. എന്നാല്‍ ഈ സംഘം ഏതെന്ന് വ്യക്തമാക്കിയിട്ടില്ല.
വെടിയേറ്റ് മരിച്ച ആബെയുടെ മൃതദേഹം യാരെ മെഡിക്കല്‍ യൂണിവേഴ്സിറ്റി ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ടോക്കിയോവിലെ വസതിയിലേക്ക് മാറ്റി. ഹൃദയത്തിനേറ്റ വെടിയും അമിത രക്തശ്രാവവുമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
ചൊവ്വാഴ്ചയാണ് ആബേയുടെ സംസ്കാരം. ലോക നേതാക്കളടക്കം അന്തിമോപചാരം അര്‍പ്പിക്കാന്‍ ടോക്കിയോവിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടോക്കിയോവിലേക്ക് കറുത്ത വസ്ത്രം ധരിച്ച് ആയിരക്കണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുമാണ് മൃതദേഹത്തെ അനുഗമിച്ചെത്തിയത്.
ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ മരണത്തില്‍ ഇന്ത്യയിലും ഇന്ന് ദുഖാചരണമാണ്. രാഷ്ട്രപതി ഭവനിലും പാര്‍ലമെന്റിലും ചെങ്കോട്ടയിലും ദേശീയ പതാക പകുതി താഴ്ത്തികെട്ടി. ദുഖാചരണം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഔദ്യോഗിക ആഘോഷ പരിപാടികളെല്ലാം റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: