പാലാ: രാമായണ പുണ്യം പേറുന്ന കര്‍ക്കടകത്തില്‍ ഭക്തജനങ്ങള്‍ക്ക് നിര്‍വൃതിയേകാന്‍ രാമപുരത്തെ നാലമ്പലങ്ങളൊരുങ്ങി. കര്‍ക്കടകം ഒന്നായ 17 മുതലാണ് നാലമ്പല ദര്‍ശനം ആരംഭിക്കുന്നത്. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്നസ്വാമി ക്ഷേത്രം എന്നിവയാണ് നാലമ്പലദര്‍ശനത്തിന് പ്രശസ്തമായ ക്ഷേത്രങ്ങള്‍.
രാമപുരം ഗ്രാമപഞ്ചായത്തില്‍ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലാണ് നാല് ക്ഷേത്രങ്ങളും. ഒരേ ദിവസം ഉച്ചക്ക് മുമ്പ് നാലമ്പലദര്‍ശനം പൂര്‍ത്തിയാക്കുന്നത് ഉത്തമമാണെന്നാണ് വിശ്വാസം. രാവിലെ അഞ്ച് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ 7.30വരെയുമാണ് ദര്‍ശനം. ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ നിന്നാണ് ദര്‍ശനം തുടങ്ങുന്നത്. തുടര്‍ന്ന് ലക്ഷ്മണസ്വാമി ക്ഷേത്രം, ഭരതസ്വാമി ക്ഷേത്രം, ശത്രുഘനസ്വാമി ക്ഷേത്ര ദര്‍ശനത്തിന് ശേഷം തിരികെ രാമസ്വാമി ക്ഷേത്രത്തില്‍ എത്തുന്നതോടെയാണ് ദര്‍ശനം പൂര്‍ത്തിയാകുന്നത്.
നാല് ക്ഷേത്രങ്ങള്‍ക്കും സമീപത്തായി ഭദ്രകാളി ക്ഷേത്രവും ശ്രീരാമസ്വാമി ക്ഷേത്രത്തിന് സമീപം ഹനുമാന് ക്ഷേത്രവും നാലമ്പലങ്ങളെ വേറിട്ടതാക്കുന്നു. ഇവിടുത്തെ വഴിപാടുകള്‍ക്കും സവിശേഷതകളുണ്ട്. ശ്രീരാമസ്വാമിക്ക് അമ്പും വില്ലും ലക്ഷ്മണസ്വാമിക്ക് ചതുര്‍ബാഹു, ഭരതസ്വാമിക്ക് ശംഖ്, ശത്രുഘ്നസ്വാമിക്ക് ശ്രീചക്രം എന്നിവയാണ് വഴിപാടായി സമര്‍പ്പിക്കുന്നത്. നാലമ്പലം ദര്‍ശനത്തിന്റെ മുന്നൊരുക്കങ്ങള്‍ ഏകോപിപ്പിക്കുന്നതിന് മാണി സി. കാപ്പന് എംഎല്‍എയുടെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്നു. കൊവിഡ് സാഹചര്യത്തില്‍ മാസ്ക് ധരിച്ചുവേണം ദര്ശനത്തിനെത്താന്.
ഇന്ഫെര്മേഷന് കേന്ദ്രങ്ങളും വോളന്റിയര്‍മാരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ സംഘം സജ്ജമാണ്. ഭരതസ്വാമി ക്ഷേത്രത്തില്‍ എല്ലാ ദിവസവും അന്നദാനമുണ്ട്. ഭക്തജന തിരക്ക് അനുഭവപ്പെടുന്ന ഞായറാഴ്ചകളില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: